തമിഴ്നാട് തേനി ഉസ്ലം പെട്ടിയിൽ പൊലീസുകാരനെ കൊലപ്പെടുത്തിയ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവയ്പ്പ്. കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കമ്പം അടിവാരത്ത് വെച്ച് കേസിലെ മുഖ്യപ്രതി പൊൻവണ്ണന് വെടിവയ്പ്പിൽ ഗുരുതര പരുക്കേറ്റു.
ഉസ്ലംപെട്ടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ മുത്തു കുമാറിനെ പൊൻവണ്ണനും സുഹൃത്തുക്കളും ചേർന്ന് മൂന്നുദിവസം മുൻപാണ് കൊലപ്പെടുത്തിയത്. കഞ്ചാവ് വില്പന ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ മുത്തുകുമാറിനെ കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു. കൊലപാതകത്തിനുശേഷം ഒളിവിൽ പോയ പൊൻവണ്ണൻ ഉൾപ്പെടെ നാലു പ്രതികളെ പൊലീസ് തിരിഞ്ഞുവരികയായിരുന്നു. ഇന്ന് കമ്പംമെട്ട് ചെക്ക് പോസ്റ്റ് വഴി പ്രതികൾ കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നെന്ന വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ കണ്ടെത്തിയത്. പൊലീസിനെ ആക്രമിച്ച ശേഷം കമ്പം അടിവാരത്തെ കൃഷിയിടത്തിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾക്ക് നേരെ വെടി ഉതിർക്കുകയായിരുന്നു.
പ്രതികളെ പിടികൂടാനുള്ള ശ്രമത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റിട്ടുണ്ട്. പൊൻവണ്ണനടക്കം നാല് പേരും മുൻപും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഗുരുതരമായി പരുക്കേറ്റ പൊൻവണ്ണൻ തേനി മെഡിക്കൽ കോളജിൽ ചികിത്സയിലണ്. കേസിലെ മറ്റു പ്രതികൾ പൊലീസിന് മുമ്പിൽ കീഴടങ്ങി. ഇവരെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്.