സാധാരണക്കാർക്കിടയിൽ പാർട്ടിയുടെ അടിസ്ഥാനം വർദ്ധിപ്പിക്കാൻ കഴിയാത്തത് എന്തുകൊണ്ട് എന്ന് ആലോചിക്കണം എന്ന് സിപിഎമ്മിന്റെ സംഘടന റിപ്പോർട്ടിൽ വിമർശനം. ജനങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ പാർട്ടിക്കും യുവജനങ്ങളെ ആകർഷിക്കാൻ DYFI ക്ക് കഴിയുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പാർട്ടി അംഗങ്ങളുടെ നിലവാരം മെച്ചപ്പെടുത്തണമെന്നും സിപിഎമ്മിന്റെ സംഘടന റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. റിപ്പോർട്ടിന്‍റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.
പാർട്ടിക്കുണ്ടാകുന്ന അപചയങ്ങൾ എണ്ണി പറഞ്ഞാണ് സംഘടന റിപ്പോർട്ട്. സാധാരണക്കാരെയും കർഷക തൊഴിലാളികളെയും പാർട്ടിക്ക് ആകർഷിക്കാൻ കഴിയാത്തതിൽ ആത്മ പരിശോധന നടത്തണമെന്ന് സിപിഎം സംഘടന റിപ്പോർട്ട് നിർദ്ദേശിക്കുന്നു. ജനങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയുന്നില്ല, യുവാക്കൾ സോഷ്യലിസത്തിന്റെ പാതയിലേക്ക് വരുന്നില്ല. ആശാ പ്രവർത്തകർ ഉൾപ്പെടെയുള്ള സ്കീം വർക്കേഴ്സിന് വേണ്ടി തൊഴിലാളി യൂണിയനുകൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അവരെ പാർട്ടിയിലേക്ക് സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല. പാർട്ടിയെ എതിർക്കുന്നവരുമായി ആശാ പ്രവർത്തകർ ചേർന്നുനിൽക്കുകയാണ്. പാർട്ടിക്ക് ശക്തിയുള്ള സംസ്ഥാനങ്ങളിൽ പോലും ഇക്കാര്യത്തിൽ പാർട്ടി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് സംഘടന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സിപിഎം ഭരിക്കുന്ന സർക്കാരിനെതിരെ കേരളത്തിൽ സമരം തുടരുമ്പോഴാണ് ആശാവർക്കർമാരുടെ കാര്യം സംഘടന റിപ്പോർട്ടിൽ പരാമർശിക്കുന്നത് . പി ബി അംഗങ്ങളുടെ പ്രവർത്തനം ഓരോ വർഷവും വിലയിരുത്താൻ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു. കേരളത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുമ്പോഴും തെറ്റായ പ്രവണതകൾ എസ്എഫ്ഐയിൽ ഉണ്ട്. സംസ്ഥാന നേതൃത്വം തെറ്റായ പ്രവണതകളിൽ ഇടപെട്ടിട്ടുണ്ട് എന്ന് ശരിവെയ്ക്കുന്നു. പാർട്ടിക്ക് ലഭിച്ച പരാതിയെ തുടർന്ന് യു കെ യിൽ നിന്നുള്ള പാർട്ടി കോൺഗ്രസ് പ്രതിനിധ രാജേഷ് കൃഷ്ണയെ പാർട്ടി കോൺഗ്രസിൽ നിന്ന് ഒഴിവാക്കി