ചണ്ഡിഗഡ് പൊലീസ് മേധാവി (ഡിജിപി) സുരേന്ദ്ര സിങ് യാദവിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്ഥലം മാറ്റിയത് വ്യാപക ചര്‍ച്ചയാകുന്നു. ഡിജിപിയായിരുന്ന വ്യക്തിയെ തരംതാഴ്ത്തി അതിര്‍ത്തി രക്ഷാസേനയില്‍ (ബിഎസ്എഫ്) ഡിഐജിയായാണ് നിയമിച്ചത്. തരംതാഴ്ത്തലും ഉത്തരവും അസാധാരണമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നുമുണ്ട്.
ഇന്നലെയാണ് 1997ലെ എജിഎം യുടി (അരുണാചല്‍പ്രദേശ് – ഗോവ – മിസോറം – കേന്ദ്ര ഭരണപ്രദേശങ്ങള്‍) കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ സുരേന്ദ്ര സിങ് യാദവിനെ ചണ്ഡിഗഡ് പൊലീസ് തലപ്പത്തുനിന്ന് ബിഎസ്എഫിലേക്ക് സ്ഥലം മാറ്റിയത്. ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍റെ നിലയില്‍നിന്ന് രാജ്യത്തിന്‍റെ അതിര് കാക്കാന്‍ അതും സ്ഥാനക്കയറ്റമല്ലാതെ, തരംതാഴ്ത്തപ്പെട്ട് ഒരു ഉന്നത ഉദ്യോഗസ്ഥനെ മാറ്റാന്‍ കാരണമെന്താകും ?
കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് സുരേന്ദ്ര സിങ് യാദവിനെ ഛണ്ഡിഗഡ് ഡിജിപിയായി നിയമിച്ചത്. 2004 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനായ രാജ്കുമാര്‍ സിങ്ങാണ് പുതിയ ചണ്ഡിഗഡിന്‍റെ പുതിയ ഡിജിപി. ചട്ടങ്ങൾ പ്രകാരം, ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ മുതൽ അഡീഷണൽ ഡിജി വരെയുള്ള റാങ്കിലുള്ള ഉദ്യോഗസ്ഥരെ ചണ്ഡീഗഡിൽ ഡിജിപിയായി നിയമിക്കാം. ചണ്ഡിഗഡ് കേന്ദ്രഭരണ പ്രദേശമായതിനാല്‍ കേന്ദ്രസര്‍ക്കാരിന് നേരിട്ട് തീരുമാനവുമെടുക്കാം.