കോയമ്പത്തൂരില്‍ ദുരൂഹസാഹചര്യത്തില്‍ മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. അവിവാഹിതരായ ബേക്കറി ഉടമകളാണ് മരിച്ചത്. കോഴിക്കോട് സ്വദേശികളായ ജയരാജ് (51), മഹേഷ് (48) എന്നിവരുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികളും. തുടിയല്ലൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
സാധാരണ തുറക്കുന്ന സമയം കഴിഞ്ഞിട്ടും ബേക്കറി തുറക്കാതായതോടെയാണ് പ്രദേശവാസികൾ അന്വേഷിച്ചെത്തിയത്. ഉച്ചയോടെ കോയമ്പത്തൂരിലെ വിശ്വനാഥപുരത്തെ വീട്ടിൽ അന്വേഷിച്ചെത്തിയ സമീപവാസികളാണ് ഇരുവരെയും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരിലൊരാളെ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് വ്യക്തമല്ല.
മഹേഷിനെ കഴുത്തറുത്ത നിലയിലും ജയരാജിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിന് സമീപം തുടിയല്ലൂരിലാണ് ഇരുവരും ബേക്കറി നടത്തിയിരുന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ കോയമ്പത്തൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.