കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡില്‍ കഴിയുന്ന സഹോദരൻമാര്‍ അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ അടിച്ച് അവശനാക്കി. ആക്രമണത്തില്‍ വലത് കൈയുടെ അസ്ഥി പൊട്ടിയ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ അഖിൽ മോഹനൻ (30) എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. റിമാൻഡ് പ്രതികളായ അമ്പലമേട് കരിമുകൾ സ്വദേശികളായ അജിത്ത് ഗണേശന്‍ (28), സഹോദരൻ അഖിൽ ഗണേശന്‍ (26) എന്നിവരാണ് ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ചത്.
സഹതടവുകാരെ അടിച്ചുവെന്ന പരാതിയില്‍ അജിത്തിനെയും അഖിലിനെയും സെല്ലിൽനിന്ന് പുറത്തിറക്കി ഗാർഡ് ഓഫീസിൽ കൊണ്ടുവന്നപ്പോൾ, ഉച്ചയ്ക്ക് 3 മണി കഴിഞ്ഞായിരുന്നു ആക്രമണം. പൊലീസ് സ്റ്റേഷൻ അടിച്ച് തകർക്കല്‍, പൊലീസ് ഡ്രൈവറെ മര്‍ദിക്കല്‍ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും.
മോഷണക്കേസുകളില്‍ കഴിഞ്ഞ ഫെബ്രുവരി മുതൽ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ഈ സഹോദരന്മാര്‍. ഇരുവരെയും എ ബ്ലോക്കിലെ സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഈ ബ്ലോക്കിലെ സഹതടവുകാരനായ ഷംനാദിനെ അടിച്ച് അവശനാക്കിയതിന് ജയിൽ അധികൃതർ ഇന്നലെ രാവിലെ ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ സഹോദരൻമാർക്ക് എതിരെ പരാതി നൽകിയിരുന്നു. ഇതിനിടെ റിമാൻഡില്‍ കഴിയുന്ന മറ്റൊരു പ്രതിയായ മുഹമ്മദ് ഷായുടെ മൂക്കിടിച്ച് പരത്തി അജിത്തും അഖിലും. ആ വിവരം ഇന്നലെ ഉച്ചയ്ക്കാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇക്കാര്യം ചോദിക്കാൻ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ വിനോദ്കുമാർ ഗാർഡ് ഓഫീസിലേക്ക് വിളിപ്പിച്ചപ്പോൾ അജിത്ത് കൈവശമുണ്ടായിരുന്ന ബ്ലേഡ് കൊണ്ട് ദേഹമാസകലം മുറിവേൽപ്പിച്ച് ബഹളമുണ്ടാക്കി. ഈ സമയം സെല്ലിലെ ഗ്രില്ലിൽ തലയടിച്ച് ബഹളമുണ്ടാക്കിയ അഖിലിനെ വാർഡൻമാർ ഇങ്ങോട്ടെത്തിച്ചു. ഇരുവരും ചേര്‍ന്ന് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി ഡെപ്യൂട്ടി പ്രിസൺ ഓഫീസറെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഗാർഡ് ഡ്യൂട്ടിയിലായിരുന്ന അസിസ്റ്റന്റ് പ്രിസൺ ഓഫീസർ അഖിൽ മോഹൻ പിടിച്ചു മാറ്റാന്‍ ശ്രമിച്ചത്. പ്രതികളെ കീഴടക്കാനുള്ള ശ്രമത്തിനിടെ നിലത്ത് തെറിച്ച് വീണ് അഖിൽ മോഹന്റെ കൈക്ക് പൊട്ടലേറ്റു.
ജയിൽ ഉദ്യോഗസ്ഥർ പണിപ്പെട്ടാണ് ഇവരെ കീഴടക്കി സി ബ്ലോക്കിലേക്ക് മാറ്റിയത്. രാത്രി ഇൻഫോപാർക്ക് പൊലീസ് ജയിലിലെത്തി ജീവനക്കാരുടെ മൊഴിയെടുത്തു.