മുന്‍ വൈരാഗ്യം മൂലം ബൈക്കില്‍ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പിന്നാലെയെത്തി ആക്രമിച്ച കേസിലെ ഒന്നാം പ്രതി ആറന്മുള പൊലീസിന്‍റെ പിടിയില്‍. ആറാംതീയതി രാത്രി 9.15ന് പത്തനംതിട്ടയിലെ കൈതക്കൽ ജംഗ്ഷനിലാണ് സംഭവം. പരിയാരം ഇലന്തൂർ കുന്നുംപുറത്ത് വീട്ടിൽ ആസ്ലി ഷിബു മാത്യു (22) ആണ് അറസ്റ്റിലായത്. രണ്ടാംപ്രതി ഒളിവിലാണ്.
ബൈക്കില്‍ ഒരുമിച്ച് യാത്ര ചെയ്യുകയായിരുന്ന യുവതിക്കും സുഹൃത്ത് ആദിത്യനുമാണ് ക്രൂര മർദ്ദനമേറ്റത്. ആദിത്യനും ആസ്ലി ഷിബു മാത്യുവും തമ്മില്‍ നേരത്തേ അടിപിടിയുണ്ടായിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് യുവതിയെക്കൂടി ആക്രമിച്ചത്.
യുവതിയും ആദിത്യനും ഒരുമിച്ച് ബൈക്കിൽ യാത്ര ചെയ്യവേ, പ്രതികൾ ബൈക്കിലെത്തി ലൈംഗികച്ചുവയോടെ സംസാരിക്കുകയായിരുന്നു. പരസ്പരം സംസാരമായതോടെ, ആസ്ലി, ആദിത്യനെയും യുവതിയെയും ബൈക്കിൽ നിന്ന് ചവിട്ടി താഴെയിട്ടു. പിന്നീടാണ് ആദിത്യനെ ക്രൂരമായി മര്‍ദിച്ചത്.
കമ്പി കൊണ്ടുള്ള അടിയിൽ ആദിത്യന്റെ തലയ്ക്ക് മുറിവേറ്റു. മർദ്ദനം തടയാന്‍ ശ്രമിച്ച യുവതിയേയും പ്രതികൾ ആക്രമിച്ച് പരുക്കേൽപ്പിച്ചു. യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് അസ്ലിയെ ഇലന്തൂരിൽ നിന്നാണ് പിടികൂടിയത്. ആറമുള പൊലീസ് കഴിഞ്ഞവർഷം എടുത്ത ക്രിമിനൽ കേസിൽ അസ്ലി പ്രതിയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി. രണ്ടാംപ്രതിക്കായുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.