വീടിൻ്റെ പണിക്കായി അനുവദിച്ച പണം കൊടുക്കാത്ത ദേഷ്യത്തിൽ 18കാരനായ മകനെ കത്താളുപയോഗിച്ച് വെട്ടിപ്പരുക്കേൽപ്പിച്ച് അച്ഛന്റെ ക്രൂരത. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിയോടെ കൊല്ലം പരവൂരിലാണ് സംഭവം. സുനി എന്ന് വിളിപ്പേരുള്ള 49 കാരനായ രാജേഷാണ് ഉറങ്ങിക്കിടക്കുകയായിരുന്ന18 കാരനായ അഭിലാഷിനെ കത്താളുപയോഗിച്ച് മുഖത്തും കഴുത്തിനും കൈയ്ക്കും വെട്ടിയത്.
ബഹളം കേട്ടു ഓടി കൂടിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചു കിടന്ന അഭിലാഷിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചത്. ആരോഗ്യനില വഷളായതോടെ അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. രാജേഷും ഭാര്യയും മകനും മകളുമാണ് വീട്ടിലുള്ളത്.
പരവൂർ മുനിസിപ്പാലിറ്റിയിൽ നിന്നും വീടിൻ്റെ പണിക്കായി അനുവദിച്ച 35000 രൂപ മകന്റെ കൈവശമുണ്ടായിരുന്നു. അമ്മയും മകനും കൂടിയാണ് തുക കൈപ്പറ്റിയത്. പൈസ കിട്ടിയതറിഞ്ഞ രാജേഷ് വൈകിട്ട് വന്ന് പണം ആവശ്യപ്പെട്ടു. എന്നാൽ മകൻ കൊടുക്കാൻ തയ്യാറായില്ല. ഇതിനെ ചൊല്ലി വഴക്ക് നടന്നിരുന്നതായി നാട്ടുകാർ പറയുന്നു.
വീട്ടിൽ നിന്ന് പുറത്തു പോയ രാജേഷ് മദ്യപിച്ച് രാത്രി 2 മണിയോടെ വീട്ടിൽ എത്തി ഹാളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മകനെ വെട്ടുകയായിരുന്നു. നിലവിളി കേട്ടു നാട്ടുകാർ എത്തിയാണ് മകനെ രക്ഷപ്പെടുത്തിയത്. വിവരം അറിഞ്ഞെത്തിയ പൊലീസും, നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ആറ്റിൻ്റെ കരയിൽ നിന്നും രാജേഷിനെ പിടികൂടുകയായിരുന്നു.