ഒന്നരവർഷക്കാലം വീട്ടുജോലി ചെയ്ത വകയിൽ ലഭിക്കാനുള്ള, 24,000 രൂപ ചോദിച്ചതിന്‍റെ പേരില്‍ യുവതിയെ ക്രൂരമായി മർദ്ദിച്ച് അച്ഛനും മകനും. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് സംഭവം. താമല്ലാക്കലിൽ ബേക്കറി ജോലിക്കാരിയായ വീട്ടമ്മയെ കടയിൽ നിന്ന് പുറത്തേക്ക് വലിച്ചിട്ട ശേഷമാണ് മർദ്ദിച്ച് അവശയാക്കിയത്.
കരുവാറ്റ സ്വദേശിയായ രഞ്ജി മോൾക്കാണ് (37) ക്രൂര മർദ്ദനമേറ്റത്.
രഞ്ജി മോളെ മർദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നതോടെ താമല്ലാക്കൽ ഗുരുകൃപ വീട്ടിൽ സൂരജ്, പിതാവ് ചെല്ലപ്പൻ എന്നിവര്‍ക്കെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 8.30ന് താമല്ലാക്കൽ ജയാസ് ബേക്കറിയില്‍ വെച്ചാണ് മര്‍ദനമുണ്ടായത്.
ചെല്ലപ്പന്റെ മകളുടെ വീട്ടിൽ ഒന്നരവർഷക്കാലം രഞ്ജിമോൾ വീട്ടുജോലി ചെയ്തിരുന്നു. ഈ വകയിൽ 24,000 രൂപ ശമ്പളം ലഭിക്കാത്തതിതെ തുടർന്ന് പൊലീസിൽ പരാതിയും നൽകിയിരുന്നു. കേസ് നൽകിയതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് പരാതി.
ബേക്കറിയിലെത്തിയ പ്രതികൾ, കടയുടെ വാതിലിൽ നിന്ന രഞ്ജിമോളെ പിടിച്ച് കടയുടെ പുറത്തേക്ക് കൊണ്ടുവന്നിട്ടു. തുടർന്ന് ഹെൽമറ്റ് കൊണ്ട് തലയ്ക്കടിക്കുന്നതും, കാലു കൊണ്ട് ചവിട്ടുന്നതും, വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കടയിലേക്ക് ഓടിക്കയറിയ യുവതിയെ പ്രതികൾ വീണ്ടും വലിച്ച് തള്ളി താഴെയിട്ട് തലയിലും മുഖത്തും അടിച്ചു.