Actually

ഏറെ വേദനയും ആശങ്കയുമുണ്ടാക്കിയ ഒരു വാര്‍ത്തയാണ് ഇന്ന് കണ്ണൂരില്‍നിന്ന് വന്നത്. നമ്മളെല്ലാം എന്തെങ്കിലും അസുഖം വന്നാല്‍ ഡോക്ടറെ കാണുകയും ഡോക്ടര്‍ കുറിച്ചുതരുന്ന മരുന്ന് മെഡിക്കല്‍ ഷോപ്പില്‍ പോയി വാങ്ങുകയും ചെയ്യാറുണ്ട്. ഭൂരിഭാഗം പേരും മെഡിക്കല്‍ ഷോപ്പുകാരെ വിശ്വസിച്ച് തന്ന മരുന്ന് വാങ്ങി കഴിക്കുക തന്നെയാണ് ചെയ്യുന്നത്. അല്ലാതെ, ഡോക്ടര്‍ എഴുതിത്തന്ന അതേ മരുന്ന് തന്നെയാണോ തന്നിട്ടുള്ളത് എന്ന് പ്രത്യേകമായി പരിശോധിക്കാനൊന്നും കൂടുതല്‍പേരും ശ്രമിക്കാറില്ല. പലര്‍ക്കും അറിയുകയുമില്ല അങ്ങനെ നോക്കാന്‍. പക്ഷെ, ഇതുണ്ടാക്കുന്ന പ്രത്യാഘാതം എത്ര വലുതാണെന്ന് വ്യക്തമാക്കുന്നതാണ് കണ്ണൂരില്‍നിന്നുള്ള ഈ വാര്‍ത്ത.  പനിയ്ക്കുള്ള മരുന്ന് മാറി നല്‍കിയതോടെ എട്ടുമാസമായ കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ് ഇപ്പോള്‍. പഴയങ്ങാടിയിലെ ഖദീജ മെഡിക്കല്‍സില്‍ നിന്ന് ഡോക്ടര്‍ കുറിച്ച് കൊടുത്ത ‍സിറപ്പിന് പകരം തുള്ളിമരുന്ന് നല്‍കിയതാണ് പ്രശ്നമായത്. ഫാര്‍മസിയുടെ വീഴ്ച ചോദിക്കാന്‍ ചെന്നപ്പോള്‍ കേസുകൊടുക്കാന്‍ പറഞ്ഞ് അവഗണിച്ചെന്ന് പിതാവ് സമീര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കുഞ്ഞിന്‍റെ ആരോഗ്യനില ഗുരുതരമായി തുടര്‍ന്നാല്‍ കരള്‍ മാറ്റിവെക്കുകയല്ലാതെ ജീവന്‍ രക്ഷിക്കാന്‍ മാര്‍ഗമില്ല എന്നതാണ് അവസ്ഥ.

ENGLISH SUMMARY:

An 8-month-old baby is undergoing critical treatment after being given the wrong medication. Instead of the prescribed syrup, a pharmacy in panayangadi, Khadeeja Medicals, provided a different liquid medicine, leading to severe complications. The child's father, Sameer, told Manorama News that when he confronted the pharmacy, they dismissed his concerns and suggested filing a case. Doctors warn that if the baby's condition worsens, a liver transplant may be the only option to save its life.