അവധിക്കാലമാണല്ലോ, നാട്ടിലെത്താന്‍ മറുനാട്ടിലെ മലയാളികളെല്ലാം തയ്യാറെടുക്കുന്ന സമയമാണ്. പതിവുപോലെ കാര്യങ്ങള്‍ ഇത്തവണയും വലിയ ബുദ്ധിമുട്ടാണ്. ചെന്നൈയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും ട്രെയിനിനും ബസിനും ടിക്കറ്റില്ലാത്ത അവസ്ഥ തന്നെ. ഇതിനിടയില്‍ ഇന്ന് ഒരു അപകടയാത്രയുടെ വാര്‍ത്ത പ്രേക്ഷകര്‍ ശ്രദ്ധിച്ചുകാണും. ബംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്കായിരുന്നു യാത്രക്കാരെ ആശങ്കയുടെ മുള്‍മുനയില്‍നിര്‍ത്തിയ സ്വകാര്യ ബസിന്റെ അപകടയാത്ര. മഴപെയ്തപ്പോള്‍ ഹെഡ് ലൈറ്റ് കേടായി. തുടര്‍ന്നുള്ള യാത്ര ആംബുലന്‍സിന്റെ വെളിച്ചത്തിലായിരുന്നു. ഇതുകൊണ്ട് തീര്‍ന്നില്ല, വൈപ്പര്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. വണ്ടിക്കുള്ളില്‍ വെള്ളവും കയറി. കോട്ടയത്തേക്ക് സാധാരണയെടുക്കുന്നത് 12 മണിക്കൂറെങ്കില്‍ ഈ ദുരിതയാത്ര 18 മണിക്കൂറായിരുന്നു.