Image∙ Shutterstock - 1

അടിമുടി പ്രതിരോധത്തിലാണ് സിപിഎം. കണ്ണൂരിലെ പാര്‍ട്ടിക്കുള്ളിലെ പൊട്ടലും ചീറ്റലും വെളിപ്പെടുത്തലും ഒരു വശത്ത്. ടിപി കേസിലെ പ്രതികളുടെ ശിക്ഷാ ഇളവിനുള്ള ശ്രമം ചര്‍ച്ചയായത് മറുവശത്ത്. ഇതിനിടക്ക് വെള്ളിടിപോലെയായിരുന്നു കരുവന്നൂര്‍ കേസില്‍ ഇഡിയുടെ അടി. സിപിഎമ്മിനെ തന്നെ പ്രതിയാക്കി. തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ രണ്ട് സ്ഥിര നിക്ഷേപവും പാര്‍‍ട്ടി കീഴ്ഘടങ്ങളുടെ ആറ് അക്കൗണ്ടും കണ്ടു കെട്ടി. എല്ലാത്തിലും കൂടി ആകെ അറുപത് ലക്ഷം.

 

പൊറത്തശേരി ബ്രാഞ്ച് കമ്മിറ്റി ഓഫീസുണ്ടാക്കാന്‍ വേണ്ടി ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന്‍റെ പേരില്‍ വാങ്ങിയ 10 സെന്‍റ്ഭൂമി, 13 ലക്ഷം വിലയുള്ളത്.. അതും കണ്ടു കെട്ടി.  ഒരു രാഷ്ട്രീയപ്പാര്‍ട്ടി തന്നെ  കേസില്‍ പ്രതിയാകുന്നത് കേരള ചരിത്രത്തിലാദ്യം. വാര്‍ത്തയില്‍ കാണുന്നതല്ലാതെ ഒന്നും അറിയില്ലെന്ന് ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് പ്രതികരിച്ചപ്പോള്‍.. ശുദ്ധ തോന്നിവാസമെന്നും.. രാഷട്രീയ ലാക്കാടെ സിപിഎമ്മിന് മേല്‍ പുകമറ തീര്‍ക്കാനുള്ള ശ്രമമെന്നും തുറന്നടിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി. നിയമപരമായും രാഷ്ട്രീയ പരമായും ഇഡിയെ സിപിഎം നേരിടും. പാര്‍ട്ടി പ്രതിചേര്‍ക്കപ്പെടുമ്പോള്‍ ചുമതലപ്പെട്ടവര്‍ ഉത്തരം പറയണമെന്ന് ബിജെപി. എന്നാല്‍, പ്രതിപക്ഷ നേതാവോ കെപിപിസിസി അധ്യക്ഷ്യനോ അടക്കം  കോണ്‍ഗ്രസ് നേതാക്കള്‍ കാര്യമായ പ്രതികരണത്തിന് ഇതുവരെ തയാറായില്ല എന്നതും ശ്രദ്ധേയം. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു. പാര്‍ട്ടി എങ്ങനെ പ്രതിയായി ?