കോഴിക്കോട് ചെറുവണ്ണൂരിലെ പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ കോംപ്ലക്സ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറിയതിനെതിരെ സംയുക്ത സമരസമിതിയുടെ പ്രതിഷേധം. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധതെ തുടര്‍ന്ന് സ്വകാര്യകമ്പനി പ്രതിനിധികളുടെ നേതൃത്വത്തില്‍ ഇന്ന് നടത്താനിരുന്ന സ്റ്റീല്‍ കോംപ്ലക്സ് സ്വത്തുകളുടെ കണക്കെടുപ്പ് മാറ്റി.
സ്റ്റീല്‍ കോംപ്ലക്സിലേക്ക് പ്രവേശിക്കുന്നതിന് കമ്പനി പ്രതിനിധികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് രാവിലെ തന്നെ പൊലീസ് സ്റ്റീല്‍ കോംപ്ലക്സിന് മുമ്പിലെത്തിയത്. ഗേറ്റിന് മുമ്പില്‍ സംയുക്തസമരസമിതിയും ഉപരോധം തീര്‍ത്തു. പ്രതിനിധികള്‍ എത്തുമെന്ന് ഉറപ്പായതോടെ പ്രതിഷേധം കടുപ്പിച്ചു. ഇതോടെ പൊലീസും പ്രതിഷേധകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി
ഇത്രയും നേരും ഛത്തീസ്‌ഗഡ് കമ്പനി പ്രതിനിധികള്‍ നല്ലളം പൊലീസ് സ്റ്റേഷനില്‍ തുടര്‍ന്നു. സംരക്ഷണം നല്‍കുന്നതില്‍ ഹൈക്കോടതിയുടെ അന്തിമവിധി വരുന്നതുവരെ കണക്കെടുപ്പ് നീട്ടി വയ്ക്കാമെന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചതോടെ പ്രതിഷേധകാര്‍ അയഞ്ഞു.
2013 കാനറാ ബാങ്കില്‍ നിന്നെടുത്ത 45 കോടി രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതോടെയാണ് സ്റ്റീല്‍ കോംപ്ലക്സിനെ ഛത്തീസ്‍ഗഡ് ഔട്ട് സോഴ്സിങ് ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുത്തത്. 300 കോടി രൂപയോളം വിലമതിക്കുന്ന സ്റ്റീല്‍ കോംപ്ലക്സ് 30 കോടിക്ക് സ്വകാര്യ കമ്പനി ഏറ്റെടുത്തത് വിവാദമായിരുന്നു.