TOPICS COVERED

ഓലപാമ്പ് കാട്ടി പാര്‍ട്ടിയെ  പേടിപ്പിക്കേണ്ട എന്ന് എംവി ഗോവിന്ദന്‍ പറഞ്ഞത് പിവി അന്‍വറിനോട് കൂടിയാണ്. അന്‍വറിന്‍റെ വാക്ക് കേട്ട് സമരം നടത്തേണ്ടി വരുന്ന ഗതികേടാണല്ലോ പ്രതിപക്ഷത്തിനെന്നും സിപിഎം സെക്രട്ടറി പരിതപിച്ചു. പക്ഷെ അന്‍വറിന്‍റെ ആക്ഷേപങ്ങളൊന്നും പി ശശിക്കെതിരായതടക്കം പാര്‍ട്ടി പരിശോധിക്കില്ല.  എല്ലാം സര്‍ക്കാരാണത്രെ പരിശോധിക്കേണ്ടത്. എംആര്‍ അജിത്ത് കുമാറിനെ മാറ്റി നിര്‍ത്തിയുള്ള അന്വേഷണം നടക്കില്ലെന്ന് അര്‍ഥശങ്കയ്ക്ക് ഇടയില്ലാതെ എംവി ഗോവിന്ദന്‍ വ്യക്തമാക്കി. എന്നാല്‍ എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടോ ഇല്ലയോ എന്നതിന് വ്യക്തമായ ഉത്തരമില്ല. അജിത്ത് കുമാറിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നിയമവിരുദ്ധ ഫോണ്‍ ചോര്‍ത്തല്‍ നടക്കുന്നു എന്ന അന്‍വറിന്‍റെ ആരോപണം തെറ്റാണെന്ന് സിപിഎം പറയുന്നില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അജിത്ത് കുമാര്‍ ആളെ കൊല്ലിച്ചിട്ടുണ്ടെന്ന അന്‍വറിന്‍റെ ആരോപണവും ആരും തള്ളികളഞ്ഞിട്ടില്ല. ലക്ഷകണക്കിന് സഖാക്കള്‍ പറയാനാഗ്രഹിച്ച കാര്യങ്ങളെന്ന് പിവി അന്‍വര്‍ വിശേഷിപ്പിച്ച സര്‍ക്കാരിനെ നിലനിര്‍ത്താനെന്ന് അദ്ദേഹം അവകാശപ്പെട്ട വെളിപ്പെടുത്തലുകളില്‍ പാര്‍ട്ടിയ്ക്ക് നിലപാടില്ലാതത്ത് മാധ്യമങ്ങളെയും പ്രതിപക്ഷത്തേയും കുറ്റപ്പെടുത്തി സിപിഎമ്മിന് തലയൂരാനാകുമോ? പാര്‍ട്ടി സെക്രട്ടറി പറഞ്ഞത് പോലെ ടിവി ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്നാല്‍ ജനങ്ങളുടെ മനസില്‍ അന്‍വര്‍ പാകിയ സംശയത്തിന്റെ വിത്തുകള്‍ ഇല്ലാതാകുമോ?

ENGLISH SUMMARY:

Counter point on PV Anwar allegations