പൊലീസില്‍ ആര്‍.എസ്.എസ് വല്‍ക്കരണം എന്ന ആക്ഷേപം തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല, രണ്ട് പിണറായി സര്‍ക്കാരുകളുടെയും കാലത്ത് ഈ പ്രവണത ശക്തിപ്പെട്ടെന്ന വിധം വിമര്‍ശനമുന്നയിച്ചത് പ്രതിപക്ഷപ്പാര്‍ട്ടികള്‍ മാത്രമല്ല, ഭരണ മുന്നണിക്കാരുമുണ്ട്. ഒടുവില്‍, എം.ആര്‍.അജിത്കുമാര്‍ ആര്‍ എസ് എസ് ചര്‍ച്ചയില്‍ വരെ എത്തിനില്‍ക്കുന്നു ആ വിമര്‍ശനം. നാടിന്‍റെ മനോവീര്യത്തിന് മുകളില്‍ പൊലീസിന്‍റെ മനോവീര്യത്തിന് മതിപ്പുനല്‍കുന്ന ആഭ്യന്തരമന്ത്രി എല്ലാ അര്‍ഥത്തിലും പൊലീസിനെ കയറൂരിവിട്ടിരിക്കുന്നു എന്നാണ് മൊത്തം വിമര്‍ശനങ്ങളുടെ കാതല്‍. പയ്യന്നൂരില്‍ ദേശാഭിമാനി ലേഖകന്‍ മര്‍ദിക്കപ്പെട്ടതും ഫേസ്ബുക്കില്‍ അരിവാള്‍ ചുറ്റികാചിത്രം വാള്‍പേപ്പര്‍ ആക്കിയ പാവം ഒരു ഓട്ടോക്കാരന് കാസര്‍കോട്ട് ആത്മഹത്യ ചെയ്യേണ്ടിവന്നതും ഈ കയറൂരിവിടലിന്‍റെ ഒടുവിലെത്തെ ഉദാഹരണങ്ങളായി കാണുന്നവരില്‍ പാര്‍ട്ടി അണികള്‍ പോലുമുണ്ട്. ഇന്ന്, കാന്തപുരം എ.പി.സുന്നി വിഭാഗം അതിന്‍റെ മുഖപത്രത്തിലെ മുഖപ്രസംഗത്തില്‍ ഇങ്ങനെ എഴുതി: ‘കേരളാ പൊലീസിന്‍റെ പല നടപടികളിലും RSS വിധേയത്വം പ്രകടം, സംഘപരിവാര്‍ അനുകൂലികള്‍ക്ക് ഊര്‍ജ്ജം പകരുന്നത് ആഭ്യന്തരവകുപ്പിന്‍റെ ആര്‍ജ്ജവമില്ലായ്മ’.
–കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു. ഇത് ആരുടെ പോലീസ് ?