‘ഇല്ല ഇല്ലാ തളരില്ല, ഇനിയും ഇനിയും മുന്നോട്ട്, ധീര സഖാക്കള്‍ക്കഭിവാദ്യങ്ങള്‍’... ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുമുന്നില്‍ കേട്ട മുദ്രാവാക്യമാണ്. പെരിയ ഇരട്ടക്കൊലയില്‍ ശിക്ഷിക്കപ്പെട്ടവര്‍ ജയിലിലെത്തുമ്പോഴാണ് സിപിഎം പ്രവര്‍ത്തകരുടെ ഈ അഭിവാദ്യം നേരല്‍. മുന്നില്‍ നിന്ന് നയിക്കാന്‍ സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്‍ തന്നെ എത്തി. പ്രതികളെ ജയിലിലെത്തി കണ്ട് പുസ്തകവും കൊടുത്ത് ആശ്വസിപ്പിച്ച ശേഷം.. ജയരാജന്‍ മാധ്യമങ്ങളോട് ചോദ്യമുയര്‍ത്തി. നിങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരം. സിപിഎമുകൊല്ലപ്പെടുമ്പോള്‍ വലതു മാധ്യമങ്ങളുടെ ധാര്‍മികത കാശിക്ക് പോയോ എന്ന് അദ്ദേഹത്തിന്‍റെ ചോദ്യം. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം, ധീരജ് വധം തുടങ്ങി ഇന്നലെ റിജിത്ത് വധത്തില്‍ RSS–ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് തെളിയിക്കപ്പെട്ടത് വരെ... ഒട്ടേറെ സാഹചര്യം ജയരാജന്‍ എണ്ണി. അങ്ങനെ.. പെരിയയില്‍ കൊലയാളികളെന്ന് കണ്ട് ശിക്ഷിക്കപ്പെട്ടവരോട് ഒപ്പമാണ് പാര്‍ട്ടിയെന്ന് പരസ്യമായി അസന്നിഗ്ധമായി സംശയം ഒട്ടുമില്ലാതെ പ്രഖ്യാപിച്ചു. ഇതേ നേരത്ത് , ജയില്‍ പോയവരുടെ വീട്ടില്‍... കാസര്‍കോട് ജില്ലാ സെക്രട്ടറിയും കുഞ്ഞമ്പു എം.എല്‍.എയും അടക്കം പ്രവര്‍ത്തകര്‍ എത്തി ആശ്വസിപ്പിച്ചു. ഇത് എന്ത് ഭാവിച്ച് ?