ബാങ്ക് നിയമന മറവില്‍ വയനാട് കോണ്‍ഗ്രസ് നേതൃത്വം കഴിഞ്ഞ പത്ത് പതിനഞ്ച് ആണ്ട് നടത്തിയ കൊടിയ സാമ്പത്തിക ക്രമക്കേടിന്റെ ബലിയാടോ ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന് ? പത്തുനാളിനിപ്പുറം പുറത്തുവന്ന ആത്മാഹത്യാ കുറിപ്പിലും, നേതാക്കള്‍ക്കുള്ള കത്തുകളിലും അതിഗുരുതര വിവരങ്ങള്‍, ആരോപണങ്ങള്‍. അതാകട്ടെ.. ജില്ലാ നേതൃത്വത്തെ അപ്പാടെ പ്രതിക്കൂട്ടിലാക്കുന്നു. മുന്‍ ഡിസിസി പ്രസിഡന്റും നിലവിലെ എം.എല്‍.എയുമായ ഐസി ബാലകൃഷ്ണന്, ഇപ്പോഴത്തെ ഡി.സി.സി അധ്യക്ഷന്‍ എന്‍.ഡി.അപ്പച്ചന് എന്നുവരുടെ വാക്കിനൊത്ത് ഏഴും പത്തും പതിനഞ്ചും ലക്ഷങ്ങളൊക്കെയായി പലരില്‍ നിന്നും പണം വാങ്ങി.
നിയമനം നടക്കാതെ വന്നതോടെ താന്‍ കടബാധ്യതക്കാരനായെന്ന് വിജയന് കത്തിലെഴുതിയിട്ടുണ്ട്. 64 ലക്ഷം പിന്നിട്ട് ബാധ്യത കുമിഞ്ഞുകൂടി. അതിങ്ങനെ തലയ്ക്ക് മീതെ നില്‍ക്കുമ്പോഴും നേതാക്കള്‍ തിരിഞ്ഞു നോക്കിയില്ല എന്നും എഴുതിവച്ചിരിക്കുന്നു. ഒരു കത്ത് തനിക്ക് കിട്ടിയെന്നും പരിശോധിച്ചില്ലെന്നും, ആവശ്യമെങ്കില്‍ കെപിസിസി ഇടപെടുമെന്നും പ്രസിഡന്റ്. ഇപ്പോള്‍ പുറത്തുവന്ന കത്തില്‍ സംശയമുന്നയിച്ച് ചെന്നിത്തല. ആരോപണം നിഷേധിച്ച് ഐസി.ബാലകൃഷ്ണനും അപ്പച്ചനും. ബാലകൃഷ്ണന് എം.എല്‍.എ പദം രാജിവച്ചേ പറ്റൂ എന്ന് സിപിഎമ്മും ബിജെപിയും. കൗണ്ടര്‍ പോയ്ന്റ് ചോദിക്കുന്നു– പ്രതിക്കൂട്ടിലെ കോണ്‍ഗ്രസുകാര്‍ ആരൊക്കെ ? ഉത്തരവാദിത്തം ആര്‍ക്കൊക്കെ?