എന്നെ നിങ്ങള്‍ കേള്‍ക്കുന്ന, ഈ നേരത്തും ഒരുപക്ഷേ വയനാട് പഞ്ചാരക്കൊല്ലിയില്‍ മനുഷ്യവാസകേന്ദ്രത്തിലൂടെ അലയുന്നുണ്ടാകണം നരഭോജിക്കടുവ. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് കടുവയെ ഒടുവില്‍ നാട്ടുകാര്‍ കണ്ടത്. അതാകട്ടെ, രാധയെ കൊന്ന് തിന്നതിന് ഏതാനും മീറ്ററുകള്‍ മാത്രം അകലെ. ഇതാണ് അവസ്ഥ. രാധയുടെ ബാക്കികിട്ടിയ ദേഹം, ഉറ്റവരെ ഒരു നോക്ക് പോലും കാണിക്കാനാകാതെ സംസ്കരിക്കേണ്ടി വന്ന ജനതയാണ്. അവര്‍ ഇന്ന് ഒരു പകല്‍ ഉടനീളം പ്രതിഷേധിച്ചു. നിസഹായതയില്‍ നിന്ന് രോഷം അണപൊട്ടി. എന്നിട്ടും കളക്ടറോ മന്ത്രിയോ ഇന്ന് അങ്ങോട്ടു വന്നില്ല. ഒടുവില്‍ എ.ഡി.എം വന്നു. ആ ചര്‍ച്ചയില്‍ ആശ്വാസകരമായ ഒരു ഉറപ്പുകിട്ടി – കടുവയെ കൂട്ടില്‍ കിട്ടിയാല്‍ മൃഗശാലയിലാക്കും. കൂട്ടില്‍ കിട്ടിയില്ലെങ്കില്‍ വെടുവച്ച് കൊല്ലുന്നത് ആലോചിക്കാം. ആ വാക്ക് മുഖവിലക്കെടുത്ത് സമരം തല്‍കാലത്തേക്ക് അവസാനിപ്പിച്ച് അധികൃതകര്‍ക്ക് വഴങ്ങുമ്പോഴും നെഞ്ചില്‍ രാധ എന്ന നോവും കടുവയെന്ന പേടിയുമായി തന്നെ ആ നാട് ഇന്നും ഉറങ്ങണം. ഇതിനിടയ്ക്ക് കണ്ണൂരില്‍ നിന്ന് വയനാട് വഴിയുള്ള മലയോര സമരയാത്ര തുടങ്ങി.. യു.ഡി.എഫ്.– ചോദ്യമിതാണ്. മുട്ടാപ്പോക്ക് ന്യായവും രാഷ്ട്രീയ വടംവലിയും പരിഹാരമുണ്ടാക്കുമോ ? കാടിറങ്ങുന്ന ഭീതിയകറ്റാന്‍ ശാശ്വത പരിഹാരത്തിന് ആര്‍ക്കുണ്ടാകണം ഇച്ഛാശക്തി ?