നരഭോജിക്കടുവ! കുഞ്ഞിലേ നമ്മൾ കേട്ടുവളർന്ന കഥകളിൽ പലതിലും വില്ലൻ അവനായിരുന്നു. രാത്രിയിലെ എത്രയെത്ര ഇലയനക്കങ്ങൾ അവന്‍റെ വരവാണെന്ന് പേടിച്ചു കിടന്നിട്ടില്ലേ? കടുവ പോയിട്ട് ഒരു പൂച്ചക്കുഞ്ഞുപോലും വരില്ലെന്ന് ഉറപ്പുണ്ടെങ്കിൽ പോലും...
കഥകൾ അങ്ങനെ പലതും പറയുമെങ്കിലും സത്യത്തിൽ വളരെ നാണക്കാരനാണ് കടുവ. സ്വന്തമായി ഒരു ടെറിറ്ററി അഥവാ ഭൂപ്രദേശം ഉണ്ടാക്കി അവിടെയുള്ള മൃഗങ്ങളെ ഇരകളാക്കി, വെള്ളവും കുടിച്ചു സമാധാനമായി കഴിയാൻ ആണ് മൂപ്പർക്കിഷ്ടം. പിന്നെ എന്തിന് കടുവകൾ കാടിറങ്ങുന്നു? വളർത്തുമൃഗങ്ങളെ തിന്നുന്നു? മനുഷ്യനെ കൊല്ലുന്നു? കാരണങ്ങൾ പലതാണ്
സ്വന്തംതട്ടകത്തിലെ അധിനിവേശം
നേരത്തെ സൂചിപ്പിച്ച പോലെ സ്വന്തമായി സൃഷ്ടിച്ച ടെറിറ്ററിയെ എന്ത് വില കൊടുത്തും കടുവ സംരക്ഷിക്കും. മരങ്ങളിൽ നഖം കൊണ്ടു വരഞ്ഞു പാടുകൾ ഉണ്ടാക്കിയും മൂത്രമൊഴിച്ചുമെല്ലാം ആ പ്രദേശം കൃത്യമായി അടയാളപ്പെടുത്തും. അങ്ങോട്ട് മറ്റൊരു കടുവ എങ്ങാനും എത്തിയാൽ പിന്നെ പൊരിഞ്ഞ യുദ്ധമായി. തോൽക്കുന്നയാൾ പതിയെ കാടിറങ്ങും.
ഇരകളുടെ കുറവ്
ആവാസ വ്യവസ്ഥയിൽ ഇരകളുടെ കുറവ് ഉണ്ടാകുമ്പോൾ, വരൾച്ച ഉണ്ടാകുമ്പോൾ കടുവകൾ കാടിറങ്ങും, ഇതെല്ലാം സുലഭമായ വനാതിർത്തി ഗ്രാമങ്ങളിലേക്ക്. വനത്തിന്‍റെ വിസ്തൃതി കുറയുന്നതും കടുവകളുടെ എണ്ണം കൂടുന്നതും മറ്റൊരു കാരണം ആണ്
പരുക്ക് /രോഗം
പരുക്ക് പറ്റിയാലോ,മറ്റു രോഗങ്ങൾ വന്നാലോ, പ്രായമായാലോ കടുവകളുടെ ഇരപിടിത്തം ബുദ്ധിമുട്ടിലാവും. ഇരകളുടെ പിറകെ ഓടുക സാധ്യമല്ല. പിന്നെ ഉള്ള മാർഗം കാടിറങ്ങുകയാണ്. അവിടെ മനുഷ്യൻ കെട്ടിയിട്ട് വളർത്തുന്ന നാൽക്കാലികളുണ്ട്, നായകളുണ്ട്. ഇവയെയും കിട്ടാതെ വരുമ്പോൾ മനുഷ്യനെത്തന്നെയും ആക്രമിക്കാം.എളുപ്പത്തിൽ ഭക്ഷണം ലഭിക്കുന്ന നാട്ടിൽ നിന്ന് തിരിച്ചു പോകാൻ പിന്നെ അവയ്ക്ക് തോന്നുകയുമില്ല.
പരിഹാരങ്ങൾ എന്തൊക്കെ?
കടുവ കാടിറങ്ങാൻ കാരണങ്ങൾ എന്തൊക്കെ ഉണ്ടായാലും മനുഷ്യന്‍റെ ജീവനും സ്വത്തിനും ഉണ്ടാകുന്ന നഷ്ടങ്ങൾ ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റുന്നതല്ല. കടുവകളുടെ ആവാസവ്യവസ്ഥ പുനസ്ഥാപിക്കുന്നതും ആവശ്യമായ ഭക്ഷണം അവിടെത്തന്നെ ലഭിക്കുന്നതും മനുഷ്യനും കടുവകളുമായുള്ള ഏറ്റുമുട്ടലുകള്‍ ഒരു പരിധി വരെ കുറയാൻ കാരണം ആകും. വന്യജീവി ഇടനാഴികൾ, കടുവ സങ്കേതങ്ങൾ, നിരീക്ഷണപദ്ധതികൾ, സാമൂഹ്യ അവബോധം ഉണ്ടാക്കൽ ഇവയെല്ലാം പരിഹാരമാർഗങ്ങളിൽ ഉൾപ്പെടുന്നവയാണ്
കടുവ ; ചില കൗതുകങ്ങൾ!
* പ്രജനനകാലത്ത് കടുവകൾ ദിവസവും അൻപത് തവണയിലേറെ ഇണചേരാറുണ്ട്.
* ഒരു പ്രസവത്തിൽ പൊതുവെ മൂന്നോ നാലോ കുഞ്ഞുങ്ങൾ ഉണ്ടാവും.
*പ്രായപൂർത്തി ആവുന്നത് വരെ കുഞ്ഞുങ്ങൾ അമ്മക്ക് ഒപ്പം കഴിയും
*ഇക്കാലയളവിൽ അമ്മക്കടുവ വേറെ ഇണചേരാറില്ല.
* അതുകൊണ്ട് തന്നെ മറ്റു ആൺകടുവകൾ ഈ കുഞ്ഞുങ്ങളെ തിന്നാനും ശ്രമിക്കാറുണ്ട്.
*5-7 ദിവസത്തിനുള്ളിൽ ആണ് കടുവകൾ പൊതുവെ വേട്ടയാടാൻ ഇറങ്ങാറുള്ളത്. 10 മുതൽ 20 ശതമാനം മാത്രമാണ് അതിൽ വിജയിക്കാറുമുള്ളൂ.
* നമ്മുടെ കൈ രേഖകൾ പോലെയാണ് കടുവയുടെ ദേഹത്തെ വരകളും. ഒരു കടുവയുടെ വരകൾ പോലെ ആവില്ല ഒരിക്കലും മറ്റൊരു കടുവയുടേത്. കടുവകളെ തിരിച്ചറിയുന്നത് ഈ രേഖകൾ നോക്കി ആണ്.
* കടുവയുടെ കാൽപ്പാദങ്ങൾ ഒരു കുഷ്യൻ പോലെ ആണ്. അതുകൊണ്ട് തന്നെ ഒട്ടും ശബ്ദം ഉണ്ടാക്കാതെ നടക്കാൻ ഇവക്ക് കഴിയും.
* ചെറിയ ശബ്ദം പോലും പിടിച്ചെടുക്കാനുള്ള ശേഷി കടുവയുടെ ചെവിക്ക് ഉണ്ട്. ശബ്ദം കേൾക്കുന്ന ദിശയിലേക്ക് ഇത് തിരിക്കാനും സാധിക്കും. കുഞ്ഞുങ്ങൾക്ക് അമ്മക്കടുവ പല സിഗ്നലുകളും കൊടുക്കുന്നത് ചെവികൾ ഉപയോഗിച്ച് ആണ്.