വഖഫ് ബില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും പാസായതിന്‍റെ ചൂട് അടങ്ങിയിട്ടില്ല. ചര്‍ച്ച തീര്‍ന്നിട്ടില്ല. പോര് അവസാനിച്ചിട്ടുമില്ല.  അതിന് മുന്‍പേ തന്നെ ആര്‍.എസ്.എസ് അടുത്ത ലക്ഷ്യം തുറന്നെഴുതിയോ? ഈ രാജ്യത്ത് സര്‍ക്കാരിന്‍റെ കയ്യിലുള്ള ഭൂമി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഭൂമിയുള്ളത് വഖഫിനല്ല, അത് തെറ്റിദ്ദാരണയാണ്, കാത്തലിക് ചര്‍ച്ച് ഓഫ് ഇന്ത്യയാണ് രണ്ടാമത് ഏറ്റവും കൂടുതല്‍ ഭൂമി കൈവശം വയ്ക്കുന്നത് എന്ന് ആര്‍.എസ്.എസ്. മുഖപത്രമായ ഓര്‍‌ഗനൈസറില്‍ ലേഖനം. ക്രൈസ്തവര്‍ കാത്തിരിക്കുന്ന ആപത്തിന്‍റെ സൂചനയെന്ന് ഒറ്റക്കെട്ടായി പ്രതിപക്ഷം. 

എല്ലാം നിയമപരമായി കരമടയ്ക്കുന്ന ഭൂമിയെന്ന് സി.ബി.സി.ഐ. വരാനിരിക്കുന്നത് ചര്‍ച്ച് ബില്ലാണെന്ന അഭ്യൂഹം അന്തരീക്ഷ ചര്‍ച്ചയായി നില്‍ക്കുന്നു ഒരു വശത്ത്. കേരളത്തില്‍ മുനമ്പവും വഖഫും പറഞ്ഞും അല്ലാതെയും ക്രൈസ്തവ വോട്ടിലേക്ക് ബിജെപി നടത്തുന്ന രാഷ്ട്രീയ പരിശ്രമങ്ങള്‍ മറുവശത്ത്. അമ്മാതിരിയൊരു നേരത്ത് അമളിയായോ ലേഖനം എന്ന് വിലയിരുത്തിയത് കൊണ്ടാണോ മണിക്കൂറുകള്‍ക്കകം ഓര്‍ഗനൈസര്‍ ആ ലേഖനം പിന്‍വലിച്ചു. കൗണ്ടര്‍പോയ്ന്‍റ് ചോദിക്കുന്നു – ലക്ഷ്യം പിന്‍വലിച്ചോ?