parliament-waqf

വഖഫ് ഭേദഗതി ബിൽ നിയമമായി. രാഷ്ട്രപതി ബിൽ അംഗീകരിച്ചു. ബില്ല് ഭരണ ഘടനക്കും മുസ്ലിം സമൂഹത്തിനും എതിരാണെന്നാരോപിച്ച്   വിവിധ സംഘടനകളും പ്രതിപക്ഷവും പ്രതിഷേധം തുടരുന്നതിനിടെയാണ് നടപടി.

 രാജ്യസഭ പാസാക്കി രണ്ട് ദിവസത്തിനകം വിവാദ വഖഫ് ബിൽ നിയമമായിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് ബില്ലിൽ  രാഷ്ട്രപതി ഒപ്പ് വച്ച് രാഷ്ട്രപതി ഭവൻ വിജ്ഞാപനമിറക്കിയത്.  ബില്ലിൽ  ഒപ്പ് വെക്കരുത് എന്ന് അഭ്യർത്ഥിച്ച്  രാഷ്ട്രപതിക്ക് മുസ്‌ലിം ലീഗ് എംപിമാർ  കത്തയച്ചിരുന്നു.  ബില്ലിൽ  ഗുരുതരമായ ഭരണ ഘടന ലംഘനങ്ങൾ ഉണ്ടെന്നും മതസ്വാതന്ത്ര്യം, തുല്യത തുടങ്ങിയ മൗലികാവകാശങ്ങൾ ലംഘിക്കുന്നു  എന്നും എംപിമാർ  കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ബില്ല് ഭരണ ഘടന വിരുദ്ധമാണെന്ന് ആരോപിച്ച് കോൺഗ്രസ്, എ എ പി , എ‌ഐഎം‌ഐഎം എന്നി പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. 

പ്രതിഷേധം കടുപ്പിച്ച മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് മലപ്പുറത്തുo ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, ലഖ്നൗ, പട്ന തുടങ്ങിയ നഗരങ്ങളിലും  പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ബിൽ ഒരു മതത്തിനും എതിരല്ലെന്നും വഖഫ് സ്വത്തിൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്താനാണെന്നുമാണ് സർക്കാർ വാദം .ആറ് മാസം നീണ്ട ചർച്ച ക്കൊടുവിലാണ് സംയുക്ത പാർലമെൻ്ററി സമിതി ഇക്കഴിഞ്ഞ പാർലമെൻ്റ് സമ്മേളനത്തിൻ്റെ ആദ്യ ആഴ്ചയിൽ റിപ്പോർട്ട് സമർപ്പിച്ചത്. തുടർന്ന് 12 മണിക്കൂർ ചർച്ചക്കൊടുവിലാണ് ഇരു സഭകളും ബിൽ പാസാക്കിയത്.

ENGLISH SUMMARY:

The Waqf Amendment Bill has become a law. The President has approved the Bill. Protests continue from various organizations and the opposition, who have raised concerns that the Bill is against the Constitution and the Muslim community.