കണ്ണൂർ വളപട്ടണത്ത് ഐഎസ് ബന്ധമുള്ള മൂന്ന് മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. സിറിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ തുർക്കി പൊലീസ് പിടികൂടി ഇന്ത്യയിലേക്ക് അയച്ചവരെയാണ് അറസ്റ്റ് ചെയ്തത്. ഐഎസിൽചേർന്ന അഞ്ച് കണ്ണൂർ സ്വദേശികൾ കൊല്ലപ്പട്ടതായും പൊലീസ് സംശയിക്കുന്നുണ്ട്.
ചക്കരക്കല്ല് സ്വദേശികളായ കെ.സി.മിഥിലാജ്, എം.വി.റാഷിദ് മയ്യിൽ സ്വദേശി അബ്ദുൾ റസാഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തിയാണ് അറസ്റ്റ്. ഐഎസിൽചേർന്ന ഇവർ തുർക്കിയിൽനിന്നാണ് പരിശീലനം നേടിയതെന്ന് പൊലീസ് പറഞ്ഞു. അവിടുന്ന് സിറയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ അഞ്ചുമാസം മുൻപ് തുർക്കി പൊലീസ് പിടികൂടി ഇന്ത്യയിലേക്ക് കയറ്റിവിടുകയായിരുന്നു.
അറസ്റ്റിലായവർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകാരിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാട്ടിലെത്തിയ പ്രതികളെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. രണ്ടുപേരെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. ഐഎസിൽ ചേർന്ന കണ്ണൂർ സ്വദേശികളായ ഷഹനാദ്, റിഷാൽ, ഷജിൽ, ഷെമീർ ഈയാളുടെ മകൻ സഫാൻ എന്നിവർ കൊല്ലപ്പെട്ടതായും പൊലീസ് സംശയിക്കുന്നുണ്ട്. വളപട്ടണം സ്വദേശികളായ മനാഫ്, ഷെമീർ, ചക്കരക്കല്‍ സദേശി അബ്ദുൾ ഖയ്യും എന്നിവർ ഇപ്പോഴും ഐസിൽ പ്രവർത്തിക്കുന്നതായും കണ്ടെത്തി. തലശേരി സ്വദേശിയായ ഹംസയാണ് ഐഎസിലേക്ക് ആളുകളെ എത്തിച്ചതെന്നു പൊലീസ് പറഞ്ഞു.