സൗദി പ്രതിരോധ മന്ത്രാലയത്തെ ആക്രമിക്കാനുള്ള ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) നീക്കം സൗദി സേന തകർത്തു. രണ്ടു ഭീകരരെ വധിച്ചു. അഞ്ചുപേരെ കസ്റ്റഡിയിൽ എടുത്തു. ബുധനാഴ്ച റിയാദിൽ മൂന്നു സ്ഥലത്തുനടത്തിയ റെയ്ഡിലാണ് പ്രതിരോധ മന്ത്രാലയം ആക്രമിക്കാൻ പദ്ധതിയിട്ട ഭീകരരെ വധിച്ചത്. സൗദിയിൽ പുതിയതായി രൂപീകരിച്ച പ്രസിഡന്‍സി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗമാണ് റെയ്ഡ് നടത്തിയതെന്ന് ഔദ്യോഗിക ടെലിവിഷൻ അറിയിച്ചു.
പ്രതിരോധ മന്ത്രാലയത്തെ ആക്രമിക്കാനുള്ള പദ്ധതിയെക്കുറിച്ചു കഴിഞ്ഞ മാസമാണ് സുരക്ഷാ സേനയ്ക്കു സൂചന ലഭിക്കുന്നത്. രണ്ടുവീതം യെമൻ, സൗദി പൗരന്മാരാണ് ഇതിനു പിന്നിലെന്നും സൂചനയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി കർശന നിരീക്ഷണമാണ് സൗദിയിലെങ്ങും ഏർപ്പെടുത്തിയിരുന്നത്.
ഭീകരൻ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തിൽ റിയാദിലെ അൽ റിമലിലെ കെട്ടിടത്തിൽ സുരക്ഷാ സേന പരിശോധന നടത്തിയവെ ഒരു ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ കെട്ടിടത്തിലായിരുന്നു ചാവേറുകൾക്കു ധരിക്കാനുള്ള ബോംബുകൾ ഘടിപ്പിക്കാവുന്ന പ്രത്യേക വസ്ത്രവും മറ്റു സ്ഫോടക വസ്തുക്കളും നിർമിച്ചിരുന്നത്. രണ്ടാമത്തെ ഭീകരനെ പടിഞ്ഞാറൻ ജില്ലയായ അൽ – നമാറിലെ അപ്പാർട്മെന്റിൽ സൈന്യം വധിക്കുകയായിരുന്നു. ഇവിടെ ഇയാൾ ആയുധങ്ങള്‍ ഒളിപ്പിച്ചതായി കണ്ടെത്തി.
മൂന്നമത്തെ റെയ്ഡ് നടന്നത് തെക്കൻ റിയാദിലെ അൽ ഘനാമിയ എന്ന പ്രദേശത്താണ് നടന്നത്. ഇവിടത്തെ കുതിരലായം ഐഎസിന്റെ ആസ്ഥാനം പോലെയാണു പ്രവർത്തിച്ചിരുന്നതെന്നും ഔദ്യോഗിക ടിവി അറിയിച്ചു. ഇവിടെനിന്ന് ആയുധങ്ങളും ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെത്തി. ഇതിന്റെ ദൃശ്യങ്ങൾ ടിവിയിലൂടെ പുറത്തുവിട്ടിരുന്നു. ഇവയ്ക്കൊപ്പം കത്തിയമർന്ന കാറിന്റെ ചിത്രവും ആദ്യ ഭീകരൻ പൊട്ടിത്തെറിച്ചതിനെത്തുടർന്നു തകർന്ന കെട്ടിടത്തിന്റെ ദൃശ്യങ്ങളും ടിവിയിൽ കാണിച്ചു. അതേസമയം, കൊല്ലപ്പെട്ടവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.