നിരോധിത ഭീകര സംഘടനയായ ഐഎസുമായി ബന്ധം സംശയിക്കുന്ന രണ്ടുപേരെക്കൂടി കണ്ണൂരിൽ അറസ്റ്റ് ചെയ്തു. തലശേരി സ്വദേശികളായ യു.കെ.ഹംസ, അബ്ദുള്‍ മനാഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഐഎസ് രാജ്യാന്തര നേതൃത്വവുമായി ബന്ധമുള്ള ഹംസയാണ് മലയാളികളെ റിക്രൂട്ട് ചെയ്തതെന്നും പൊലീസ് പറഞ്ഞു. ഐഎസ് ബന്ധമുള്ള മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
ഗൾഫിലെത്തുന്ന മലയാളികളെ ബഹ്റൈനിലെ കേന്ദ്രത്തിലെത്തിച്ച് പരിശീലനം നൽകാൻ നേതൃത്വം നൽകിയത് ഹംസയായിരുന്നു. ഇവിടുന്ന് സിറിയയിലേക്ക് പോയവരെല്ലാം കൊല്ലപ്പെട്ടതായും പൊലീസ് സംശയിക്കുന്നുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്തതും ഇയാളാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഐ എസ് രാജ്യാന്തര നേതൃത്വവുമായുള്ള ബന്ധം ഉപയോഗിച്ചായിരുന്നു ഹംസയുടെ പ്രവർത്തനം. അഞ്ച് മാസം മുൻപ് നാട്ടിലെത്തിയ ഹംസ പൊലീസ് നിരീക്ഷണത്തിലായിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഞ്ച് മാസംമുൻപ് മംഗളൂരു വിമാനത്താവളത്തിൽനിന്നാണ് മനാഫിനെ പിടികൂടിയത്. ഗൾഫ് വഴി സിറിയയിലേക്ക് പോകാനായിരുന്നു മനാഫിന്റെ ശ്രമമെന്നും പൊലീസ് പറഞ്ഞു. ഹംസ വഴിയാണ് മനാഫും ഐഎസ് അനുഭാവിയായത്.
സിറിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ തുർക്കി പൊലീസ് പിടികൂടി ഇന്ത്യയിലേക്ക് മടക്കി അയച്ച മൂന്ന് കണ്ണൂർ സ്വദേശികളെ ഇന്നലെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.