ബോക്സ് ഓഫീസിൽ പുതു ചരിത്രമെഴുതിയ പുലിമുരുകനു ശേഷം പ്രശസ്ത ആക്ഷൻ കോറിയോഗ്രാഫർ പീറ്റർ ഹെയിനും മോഹൻലാലും വീണ്ടും കൈ കോർക്കുന്നു. ഇത്തവണ സംവിധായകനായി പീറ്റർ ഹെയിൻ ചുവടു മാറുന്നുവെന്ന പ്രത്യേകതയും ഉണ്ട്. മോഹന്‍ലാലിനെ നായകനാക്കി ചൈനീസ് അടക്കം നാലുഭാഷകളില്‍ രാജ്യാന്തര സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് പീറ്റര്‍ ഹെയിൻ. മോഹൻലാലിന്റെ ഊർജ്ജം തന്നെ അത്ഭുതപ്പെടുത്തിയെന്നും പീറ്റർ ഹെയിൻ പറയുന്നു. പുലിമുരുകന്‍ ബോക്സ് ഒാഫീസില്‍ ചരിത്രമെഴുതുമ്പോഴും ചിത്രം പൂർണ തൃപ്തി നൽകിയില്ലെന്ന് പീറ്റർ ഹെയിൻ മനോരമ ന്യൂസിനോട് പറഞ്ഞു.
കഠിനമായ പരീക്ഷണങ്ങളെ പലപ്പോഴായി അഭിമുഖികരിക്കേണ്ടി വന്നിട്ടുണ്ട്. മുതൽവനിൽ ദേഹമാകെ തീ കൊളുത്തി കെട്ടിടത്തിൽ മുകളിൽ നിന്ന് ചാടുന്ന രംഗങ്ങൾ ഷൂട്ട് ചെയ്തപ്പോൾ ഗുരുതരമായി പൊളളൽ ഏറ്റിട്ടുണ്ട്. മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഗുരുതരമായി പരിക്കേറ്റ് പീറ്റർ ഹെയിൻ ജീവിതത്തിലേയ്ക്ക് തിരിച്ചു വരില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ സന്ദർഭം ഉണ്ടായിട്ടുണ്ട്.
സിനിമയാണ് എല്ലാം. പുലിമുരുകൻ ഹോളിവുഡ് നിലവാരത്തിൽ ഒരുക്കാൻ താത്പര്യമുണ്ട്. ഇനിയും മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ താത്പര്യമുണ്ട്. അദ്ദേഹത്തെ നായകനാക്കി ഇംഗ്ലീഷ്, ചൈനീസ്, ഇന്ത്യൻ ഭാഷകളിൽ ചിത്രം ഒരുക്കാനാണ് പദ്ധതി. പുലിമുരുകൻ എന്ന പേരിലുളള ചിത്രത്തിൽ എന്താണ് കടുവയെ ഉപയോഗിച്ചത് എന്നത് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്. അത് എന്റെ നിർദ്ദേശമായിരുന്നു. പുലിയെവെച്ച് രംഗങ്ങൾ ചിത്രീകരിക്കുക കൂടുതൽ ശ്രമകരവും അപകടകരവുമായതിനാലാണ് കടുവയെ വെച്ച് ചിത്രീകരിച്ചതെന്ന് പീറ്റർ ഹെയിൻ പറഞ്ഞു. വളരെ വേഗത്തിൽ ഓടുന്ന മൃഗമാണ് പുലി. പുലിയോടോപ്പമുളള രംഗങ്ങൾ അപകട സാധ്യത കൂടുതൽ ഉണ്ടെന്ന തിരിച്ചറിവിലാണ് ഉപേക്ഷിച്ചത്. 80 ശതമാനത്തോളം രംഗങ്ങൾ ഒറിജിനൽ കടുവയെ വെച്ചാണ് ചിത്രീകരിച്ചത്. കടുവയെ എടുത്തറിയുന്ന മുതലുളള രംഗങ്ങളിലാണ് ഗ്രാഫിക്സ് ഉപയോഗിച്ചത്. ആക്ഷൻ കൊറിയോഗ്രാഫിക്ക് അവാർഡ് ഏർപ്പെടുത്തിയ വർഷം തന്നെ അത് ലഭിച്ചത് ഏറെ സന്തോഷമുണർത്തുന്ന അനുഭവമാണെന്നും പീറ്റർ ഹെയിൻ പറയുന്നു. ബാഹുബലി പോലെയുളള ചിത്രങ്ങളിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഉയർന്ന ബജറ്റ് അതിയായ സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും പീറ്റർ ഹെയിൻ പറഞ്ഞു.

Advertisement