മോഹൻലാലിന്റെ പുതിയ പടം ‘വില്ലൻ’ മൊബൈൽ ഫോണിൽ പകർത്തിയതിനു പിടിയിലായ ആരാധകൻ പൊലീസ് സ്റ്റേഷനിൽ കാത്തിരിക്കുകയാണ്, ലാലേട്ടന്റെ തീരുമാനത്തിനു കാതോർത്ത്. തിരുവനന്തപുരത്തു സിനിമ കണ്ടു കൊണ്ടിരിക്കുന്ന മോഹൻലാലിന്റെ തിരക്കൊഴിഞ്ഞ ശേഷം തീരുമാനം അറിയിക്കാമെന്നാണു സിനിമയുടെ അണിയറ പ്രവർത്തകർ പൊലീസിനെ അറിയിച്ചിരിക്കുന്നത്.
മോഹൻലാലിനോട് ആരാധന മൂത്ത് ‘വില്ലൻ’ ആദ്യഷോ കാണാൻ അതിരാവിലെ തീയറ്ററിലെത്തിയ ചെമ്പന്തൊട്ടി സ്വദേശിയാണു കണ്ണൂർ സവിത തിയറ്ററിൽ നിന്നു പിടിയിലായത്. മൊബൈലിൽ പടം പകർത്തുന്നതു കണ്ടു വിതരണക്കാരുടെ പ്രതിനിധി പൊലീസിൽ അറിയിക്കുകയായിരുന്നു. മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ‘വില്ലൻ’ പടം ഇന്നാണു റിലീസ് ചെയ്തത്.
രാവിലെ എട്ടിനു സവിത തിയറ്ററിൽ ഫാൻസ് ഷോ ഏർപ്പാടാക്കിയിരുന്നു. അതിനിടയിലാണു യുവാവ് ആവേശം മൂത്തു മൊബൈലിൽ പകർത്തിയത്. പടത്തിന്റെ ടൈറ്റിൽ ഉൾപ്പെടെ കഷ്ടിച്ച് ഒന്നര മിനിറ്റ് ദൃശ്യങ്ങൾ മാത്രമാണു യുവാവിന്റെ മൊബൈലിലുള്ളത് എന്നാണു പൊലീസിൽ നിന്നുള്ള വിവരം.
ഇഷ്ടതാരത്തിന്റെ പടം ആദ്യഷോ കാണാൻ ആവേശത്തോടെയെത്തിയ ആരാധകൻ ആരാധനയും ആവേശവും മൂത്തു ചെയ്തു പോയതാണെന്നും, പടം ചോർത്താനോ വ്യാജപകർപ്പുണ്ടാക്കാനോ ഒന്നും യുവാവിനു പരിപാടിയുണ്ടായിരുന്നില്ലെന്നുമാണു പൊലീസിന്റെ നിഗമനം. സംവിധായകനുമായി കണ്ണൂർ ടൗൺ പൊലീസ് ഫോണിൽ ബന്ധപ്പെട്ടു. മോഹൻലാൽ സിനിമ കാണുകയാണ് അതു കഴിഞ്ഞു തീരുമാനം അറിയിക്കാം എന്നാണു ലഭിച്ച മറുപടി.