ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന്റെ അലയൊലികളാണ് എങ്ങും.കൂടുതല്‍ പ്രതികരണങ്ങള്‍ വരുന്നു.പ്രതികരിക്കാതെ ഒളിച്ചു കളിക്കുന്നവരുണ്ട്.പഠിച്ചിട്ടു പറയാം എന്ന രാഷ്ട്രീയക്കാരുടെ പതിവ് പല്ലവി കടമെടുത്ത സിനിമാക്കാരുണ്ട്.അനീതി അവസാനിപ്പിക്കണമെന്ന് തുറന്ന് പറയാന്‍ ആര്‍ജവം കാട്ടിയവരുമുണ്ട്. സിനിമ ഒരു കല എന്നതിമനൊപ്പം ഒരുപാട് പേരുടെ ജീവനോപാധി കൂടിയാണ്.ആ ഫല വൃക്ഷത്തെ ബാധിച്ചിരിക്കുന്ന ഇത്തിള്‍ കണ്ണികളെ നീക്കം ചെയ്ത് ആ വ്യവസായത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ സ്തീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് കേസെടുക്കണമെന്ന ആവശ്യവും ശക്തമാണ്.ഭരണഘടനയിലെ 162ാം വകുപ്പ് പ്രകാരം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് നിയമിച്ച ഹേമ കമ്മിറ്റിയുടെ മുന്നില്‍ ലൈംഗികാതിക്രമം ഉള്‍പ്പെടെ ഉന്നയിച്ചു നല്‍കിയ മൊഴികള്‍ നിയമ സംവിധാനത്തിലൂടെ പരിശോധിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വവും ബാധ്യതയുമാണ്.സ്ത്രീകള്‍ക്കെതിരെ നടന്ന ലൈംഗികാതിക്രമങ്ങള്‍ക്കുറിച്ചുള്ള വിവരം ലഭിച്ചാലുടന്‍ പൊലീസ് കേസെടുക്കമെന്ന നിയമമുള്ളപ്പോഴാണ് നാലര വര്‍ഷം സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടിന്മേല്‍ അടയിരുന്നത്. സ്ത്രീ ശാക്തീകരണം പ്രഖ്യാപിത നയമാക്കിയിട്ടുള്ള സി.പി.എമ്മും സി.പി.ഐ യും നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് ഈ റിപ്പോര്‍ട്ടിലെ സ്ത്രീകളുടെ നിലവിളിയോട് മുഖം തിരിക്കാനാകുമോ? സ്ത്രീപീഢകരെ കയ്യാമം വച്ചു നടത്തിക്കുമെന്ന കേരളം കയ്യടിച്ച വി.എസിന്‍റെ ആര്‍ജവമുള്ള പ്രസ്താവനയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോടുള്ള സര്‍ക്കാരിന്റെ അഴകൊഴമ്പന്‍ നിലപാടു കാണുമ്പോള്‍ ഓര്‍ത്തു പോകുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ഇന്നുണ്ടായ കാര്യങ്ങള്‍ ഇനി സമഗ്രമായി പരിശോധിക്കാം !