arif-family-18

നമ്മുടെ എംപിമാരൊക്കെ അങ്ങ് ‍ഡല്‍ഹിയിലെത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞയൊക്കെ കഴിഞ്ഞു. കൊടിക്കുന്നില്‍ സുരേഷിനെപ്പോലെ ഡല്‍ഹിയില്‍ തന്നെ തമ്പടിച്ച് ജീവിക്കുന്നവരെ അപേക്ഷിച്ച് പലരും പുതുക്കകാരാണ്. അതിന്‍റെ ഒരുപ്രസരിപ്പുണ്ട് അവര്‍ക്കൊക്കെ. കേരളത്തില്‍ നിന്നുള്ള ഏക ഇടതുപക്ഷ എംപിയായ ആരിഫ് ഡല്‍ഹിയില്‍ താന്‍ ഒറ്റയ്ക്കായിപ്പോവുമോ എന്ന പേടിയില്‍ കുടുംബത്തോടൊപ്പം നേരത്തെ തന്നെ സ്ഥലത്തെത്തി പരിസരങ്ങളുമായി താദാത്മ്യം പ്രാപിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. ഡീന്‍ കുര്യാക്കോസും രമ്യാ ഹരിദാസുമൊക്കെ യൂത്ത് കോണ്‍ഗ്രസ് പരിപാടിയ്ക്ക് വരുന്നതുപോലെയാണ് ഡല്‍ഹിയിലെത്തിയത്. 

 

കൊടിക്കുന്നില്‍ സുരേഷ് രണ്ടര പതിറ്റാണ്ടായി ഇങ്ങനെ പാര്‍ലമെന്‍റില്‍ കയറി ഇറങ്ങുന്നു. അതുകൊണ്ട് ഒന്നിനും ഒരു പുതുമ ഇല്ല. ഇത്തവണ ആണെങ്കില്‍ പ്രധാനമന്ത്രി പോലും മാറിയിട്ടില്ല. അങ്ങനെ ബോറടിച്ചിരുന്നപ്പോഴാണ് സത്യപ്രതിജ്ഞ ഒന്നു വെറൈറ്റിയാക്കിയാലോ എന്നു തോന്നിയത്. മലയാളിയാണ്. കുറെകാലമായി ഡല്‍ഹിയിലും. എന്നാ പിന്നെ ഹിന്ദിയില്‍ ആവട്ടേന്നങ്ങ് വച്ചു. ഇതൊക്കെ ആ ബിജെപിക്കാരെ താനൊരു ഹിന്ദി ഹൃദയഭൂമിയുടെ എംപിയാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ചെയ്തതാണോ അല്ലയോ എന്ന് കാലം തീരുമാനിക്കും. പക്ഷേ സോണിയാ ഗാന്ധിക്ക് ഒട്ടും പിടിച്ചിട്ടില്ല. ഒന്നാമത് ദക്ഷിണേന്ത്യയില്‍ നിന്ന് ബിജെപിക്ക് കാര്യമായൊന്നും കിട്ടാതിരിക്കുമ്പോ ഇവിടുന്നൊരാള്‍ ചെന്ന് ഹിന്ദിയില്‍ പറയേണ്ട വല്ല കാര്യവുമുണ്ടോ?പക്ഷേ പാര്‍ട്ടിയുടെ ചീഫ് വിപ്പ് പദവി കിട്ടാനുള്ള സൈക്കോളജിക്കല്‍ മൂവായിരുന്നു അതെന്ന് പിന്നീടാണ് മനസിലായത്. 

 

അതിനൊക്കെ രാജ് മോഹന്‍ ഉണ്ണിത്താന്‍. മലയാളത്തില്‍ കത്തിക്കയറി നാലും അഞ്ചും വച്ച് കാശുന്ന ആളാണ്. പക്ഷേ ഡല്‍ഹിയിലെത്തിയപ്പോള്‍ ഹിന്ദി പറയാന്‍ ഒരു മോഹം. പിന്നെ ട്യൂഷനായി പഠിത്തമായി. എങ്ങനെയെങ്കിലും ഹിന്ദി നാലക്ഷരം പഠിച്ച് സഭയില്‍ രണ്ട് കീറുകീറാമെന്ന് കരുതിയതാവണം. തനിക്കും ഹിന്ദി വഴങ്ങുമെന്ന് ഭരണപക്ഷത്തെ വെല്ലുവിളിക്കാന്‍ ഇതിലും നല്ല അവസരം വേറെ ഇല്ലെന്നും കരുതിക്കാണണം. ഡല്‍ഹി ചുറ്റിക്കാണുന്നതിന് പകരം ഹിന്ദി പഠിക്കാനാണ് ഉണ്ണിത്താന്‍ ഏറിയ സമയവും ചിലവഴിച്ചത്. 

 

പക്ഷേ കാര്യത്തോടടുത്തപ്പോള്‍ സംഗതി പാളി. ഹിന്ദി പോയിട്ട് ഇംഗ്ലീഷ് വരെ വേണ്ടെന്ന് വച്ചു. ഒടുക്കം തനി മലയാളത്തില്‍ ഒരു കാച്ചങ്ങ് കാച്ചി. സ്പീക്കര്‍ വരെ ഹാപ്പി. മലയാളികളും. രാജ്മോഹന്‍ ഉണ്ണിത്താന്‍ വര്‍ഷം കുറെയായി രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടെങ്കിലും ആദ്യമായിട്ടാണ് ഒരു തിരഞ്ഞെടുപ്പ് വിജയിക്കുന്നത്. അപ്പോ ആദ്യത്തെ സത്യപ്രതിജ്ഞയുമാണ്. ടെന്‍ഷനടിച്ചുപോവും. കുറ്റംപറയാന്‍ പറ്റില്ല. ഈ ചാനലിലും മൈക്ക് കെട്ടി കവലകളിലും പ്രസംഗിക്കുന്നതുപോലെ സത്യപ്രതിജ്ഞ പാടില്ലല്ലോ. ഒരു അക്ഷരം അല്ലെങ്കില്‍ ഒരും വാക്ക് ഒരു പൊടിക്ക് ഒന്നങ്ങോട്ടോ ഇങ്ങോട്ടെ മാറിപ്പോയാല്‍ പിന്നെന്തിനും നന്ന്. അതൊക്കെ ഓര്‍ത്തപ്പോഴാണ് സാക്ഷാല്‍ മലയാളത്തെ സാഷ്ടാംഗം പ്രണമിച്ച് ഒരലക്ക് അങ്ങ് അലക്കിയത്.