TOPICS COVERED

ഉത്തര്‍പ്രദേശ് സംഭലിലെ ഷാഹി മസ്ജിദിലെ സര്‍വയെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം രാജ്യമാകെ ചര്‍ച്ചയാണ്.  യഥാര്‍ഥത്തില്‍ എന്താണ് സംഭലില്‍ സംഭവിച്ചത് ? എന്താണ് ചരിത്രപരമായ വസ്തുതകള്‍.  വിശദമാക്കുന്നു ജിതിന്‍ ചന്ദ്രന്‍ തയ്യാറാക്കിയ എക്സ്പ്ലെയ്നര്‍

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ പുരാതനമായ മുസ്ലീം ആരാധനാലയാണ് സംഭലിലെ ഷാഹി ജുമാ മസ്ജിദ്.  മുഗൾ ചക്രവർത്തി ബാബർ 1526ലാണ് പള്ളി നിര്‍മിച്ചത് എന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. ((((പതിനേഴാം നൂറ്റാണ്ടിൽ ജഹാംഗീറിൻ്റെയും ഷാജഹാൻ്റെയും കാലത്ത് രണ്ട് തവണ പള്ളിയില്‍ അറ്റകുറ്റപ്പണികൾ നടത്തി.  മസ്ജിദ് തുഗ്ലക്ക് കാലഘട്ടത്തിലെ സ്മാരകമായിരുന്നുവെന്നും ബാബര്‍ അതില്‍ കൂട്ടിചേര്‍ക്കലുകള്‍ നടത്തിയതാണെന്നും ചില ചരിത്രകാരന്മാന്‍ അവകാശപ്പെടുന്നുണ്ട്.  സംഭൽ മസ്ജിദ് ഒരു സംരക്ഷിത ദേശീയ സ്മാരകവുമാണ്.  

ഇവിടെ പുരാതന വിഷ്ണു ക്ഷേത്രമുണ്ടായിരുന്നു എന്നും അതു തകര്‍ത്താണ് പള്ളി നിര്‍മിച്ചത് എന്നുമാണ് ഹിന്ദു വിഭാഗത്തിന്‍റെ അവകാശ വാദം.   നൂറ്റാണ്ടുകളായി വിവിധ സമുദായങ്ങളിൽപ്പെട്ട ആളുകൾ സംഭലില്‍ സമാധാനപരമായി ജീവിച്ചുവരികയായിരുന്നു. നവംബര്‍ 19നാണ് പുതിയ പ്രശ്നങ്ങളുടെ തുടക്കം.  അഭിഭാഷകനായ  ഹരിശങ്കർ ജെയിന്‍ അന്ന് സംഭല്‍ ജില്ലാ സെഷൻസ് കോടതിയില്‍ ഒരു ഹർജി നല്‍കി.  സംഭലിലെ ശ്രീ ഹരിഹര്‍ മന്ദിര്‍ തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്നും മസ്ജിദില്‍ പുരാവസ്തു സര്‍വേ നടത്തണമെന്നുമായിരുന്നു ആവശ്യം.  അന്നുതന്നെ കോടതി സര്‍വേയ്ക്ക്  ഉത്തരവിട്ടു അഭിഭാഷക കമ്മിഷണറെയും  നിയോഗിച്ചു.  നവംബര്‍ 29നകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു.  മണിക്കൂറുകള്‍ക്കകം സര്‍വേ സംഘം മസ്ജിദിലെത്തി പരിശോധന നടത്തി.  നവംബര്‍ 24ന് രണ്ടാംഘട്ട സര്‍വേക്കായി സംഘം എത്തിയപ്പോഴാണ് പ്രതിഷേധവും  , സംഘര്‍ഷവുമുണ്ടായതും അഞ്ചുപേര്‍ കൊല്ലപ്പെട്ടതും.  

സംഭാല്‍ സംഘര്‍ത്തോടെ ഇന്ത്യന്‍ വേര്‍ഷിപ്പ് ആക്ട് അഥവാ ആരാധനാ നിയമം വീണ്ടും ചര്‍ച്ചയാവുകയാണ്. ഇന്ത്യ സ്വാതന്ത്രമായ 1947 ആഗസ്ത് 15-ന് ആരാധനാലയങ്ങള്‍ ഏതുമതവിഭാഗത്തിന്‍റേതായിരുന്നോ അത് നിലനിർത്തണമെന്നാണ് 1991-ലെ നിയമത്തിലെ വ്യവസ്ഥ.  കോടതിയുടെ പരിഗണനയിലായിരുന്ന  അയോധ്യ രാമജന്മഭൂമി ബാബറി മസ്ജിദ് തര്‍ക്കത്തിന് മാത്രമാണ് നിയമത്തില്‍ ഇളവുനല്‍കിയിരുന്നത്.  

ഈ വ്യവസ്ഥയ്്ക്ക് വിരുദ്ധമായി ആരാധനാലയത്തിന്റെ അടിസ്ഥാന സ്വഭാവം മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സംഭലിലെ ഹർജി.  വാരണാസി, മഥുര, ധാർ എന്നീ ആരാധനസ്ഥലങ്ങളിലും സമാന ആവശ്യംതന്നെ.  ((( സുപീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ.ചന്ദ്രചൂഡ് 2022ല്‍ നടത്തിയ വാക്കാലുള്ള നിരീക്ഷണമാണ് ഹര്‍ജിക്കാർ ആയുധമാക്കുന്നത്.  ഒരു സ്ഥലത്തിൻ്റെ മതപരമായ സ്വഭാവം നിര്‍ണയിക്കാനുള്ള നടപടികളെടുക്കുന്നത് ആരാധന നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാകണമെന്നില്ല എന്നായിരുന്നു നിരീക്ഷണം.  ആരാധനാലയ നിയമം തന്നെ ചോദ്യചെയ്തുള്ള ഹര്‍ജികളും സുപ്രീം കോടതിക്കുമുന്നിലുണ്ട്. എന്തായാലും മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജിയില്‍ സര്‍വേയിലെ തുടര്‍ നടപടികള്‍ തടഞ്ഞ് സുപ്രീം കോടതി പറഞ്ഞതാണ് പ്രസ്കതം. സമാധാനവും ഐക്യവും നിഷ്പക്ഷതയും ഉറപ്പാക്കണം.

ENGLISH SUMMARY:

What happened in sambal a look into history