cochin-haneefa

2010 ഫെബ്രുവരി മൂന്ന്. സമയം രാവിലെ 10 മണികഴിഞ്ഞു, ചെന്നൈയിൽ നിന്ന് ഒരു ആംബുലന്‍സില്‍  എറണാകുളം കെഎസ്‌ആർടിസി സ്‌റ്റാൻഡിനു സമീപമുള്ള സി.പി.ഉമ്മർ റോഡിലെ എബി മൻസിലിലേയ്ക്ക് ഒരു നടന്‍റെ  മൃതദേഹം കൊണ്ടുവരുന്നു, റോഡ് നിറഞ്ഞ് കവിഞ്ഞ് വലിയ ആള്‍കൂട്ടം.. ഇടവഴികളെല്ലാം ജനനിബിഡം. പലരുടെയും കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. സ്‌ക്രീനിൽ കണ്ടു വിസ്‌മയിച്ച ആ താരത്തിന്‍റെ  എണ്ണമറ്റ ആരാധകര്‍ ആ ദുഃഖത്തിന്റെ കൈവഴിയിൽ ഒത്തുചേർന്നു. അന്ത്യോപചാരമർപ്പിക്കാനെത്തിയ പലരും ചേതനയറ്റ ശരീരത്തിന് അരികിലെത്തിയപ്പോൾ പൊട്ടിക്കരഞ്ഞു. ആ കൂട്ടത്തില്‍ മലയാളത്തിന്‍റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുണ്ടായിരുന്നു, ആക്ഷനും കട്ടുമില്ലാത്ത ജീവിതത്തില്‍ മണിയന്‍ പിള്ള രാജുവിനെ ചേര്‍ത്ത് പിടിച്ച് കരയുന്ന മമ്മൂക്ക പറഞ്ഞു:  എന്നോടെങ്കിലും പറയാമായിരുന്നില്ലേ, ഞാനെവിടെയെങ്കിലും കൊണ്ട് പോയി  അവനെ ചികിത്സിച്ചേനെയെന്ന്. ആ മനുഷ്യന്‍ എല്ലാവര്‍ക്കും നല്ല സുഹൃത്തായിരുന്നു, പ്രിയപ്പെട്ടവനായിരുന്നു. വില്ലനായി എത്തി, തിരക്കഥകൃത്തും സംവിധായകനുമായി, ആവോളം പ്രേക്ഷകരെ ചിരിപ്പിച്ച് കടന്ന് കളഞ്ഞ എബി മൻസിലിൽ സലീം അഹമ്മദ് ഘോഷ് എന്ന മലയാളത്തിന്‍റെ പ്രിയപ്പെട്ട കൊച്ചിന്‍ ഹനീഫ.

 

വട്ടക്കഴുത്തുള്ള ബനിയനും കൈലിയുമുടുത്ത് അതിനുമുകളിൽ ബെൽറ്റ് കെട്ടി കൈയിൽ പേനാക്കത്തി നിവർത്തിപ്പിടിച്ച് നെഞ്ചും വിരിച്ചു നടക്കുന്ന ഇറച്ചിവെട്ടുകാരൻ ഹൈദ്രോസ്.. ഗുണ്ടയല്ലെങ്കിലും മറ്റുള്ളവരുടെ തണലിൽ ചട്ടമ്പിയായി വിലസുന്നയാൾ. കിരീടത്തിലെ സേതുവിനെ ചുറ്റിപ്പറ്റി നടക്കുന്ന ആ മണ്ടന്‍ ഗുണ്ടയെ ആരെങ്കിലും മറക്കുമോ,? ആ ആസാനെ വിളി മറക്കുമോ? ലോഹിയുടെ തൂലികയില്‍ പിറന്ന കഥാപാത്രം കൊച്ചിന്‍ ഹനീഫയ്ക്ക് ചലച്ചിത്ര ജീവിതത്തിൽ വലിയ ബ്രേക്കായി. ആ തടിച്ച, കുറിയ മനുഷ്യന്റെ പ്രകടനം വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു, പിന്നീടങ്ങോട്ട്  കമേഴ്‌സൽ സിനിമകളിലെ നിറസാന്നിധ്യമായി  കൊച്ചിൻ ഹനീഫ മാറി, മാന്നാർ മത്തായി സ്‌പീക്കിംഗിലെ എൽദോ, പഞ്ചാബി ഹൗസിലെ ഗംഗാധരൻ, ഈ പറക്കും തളികയിലെ ഇൻസ്‌പെക്‌ടർ വീരപ്പൻ കുറുപ്പ്, പുലിവാൽ കല്യാണത്തിലെ ധർമേന്ദ്ര, ചതിക്കാത്ത ചന്തുവിലെ ധർമ, പാണ്ടിപ്പടയിലെ ദരിദ്രനായ മുതലാളി, സിഐഡി മൂസയിലെ പൊലീസുകാരന്‍,  മീശമാധവനിലെ പെടലി.. അങ്ങനെ ആരാധകരെ പൊട്ടിച്ചിരിപ്പിച്ച എത്രയെത്ര രസികന്‍ വേഷങ്ങള്‍. മലയാളവും കടന്ന് തമിഴും  തെലുങ്കിലും വില്ലനായും കൊമേഡിയനായും മലയാളത്തിന്റെ ഹനീഫിക്കാ കയ്യടി വാങ്ങി.

 

വിഡിയോ കാണാം