atlee-life-story

‘എടാ, നീ ഒക്കെ എന്തിനാടാ കറുത്ത ഡ്രസ് ഇടുന്നേ, തേടി കണ്ടുപിടിക്കണം നിന്നെെയാക്കെ.’ ഇടതുവശത്ത് ഭാര്യ പ്രിയ വലതുവശത്ത് കിങ് ഖാന്‍ ഷാരൂഖ് ഖാന്‍. നടുക്ക് കറുത്ത വസ്ത്രമിട്ട് അറ്റ്ലീ കുമാര്‍ എന്ന സംവിധായകന്‍. ആ ചിത്രത്തിന് താഴെ വന്നൊരു കമന്റാണ് പറഞ്ഞത്. ഒരു പൊതുവേദിയില്‍ ഈ ചിത്രം കാണിച്ചിട്ട് അവതാരക ചോദിച്ചു. ഈ ചിത്രത്തിന് താഴെ വന്ന കമന്റിനെ പറ്റി എന്ത് തോന്നുന്നുവെന്ന്. ഇവന്‍ കറുത്തിരിക്കുകയാണ്, ഇവന്റെ സിനിമകള്‍ ആണെങ്കില്‍ ഫുള്‍ കോപ്പിയാണ്.. ഇവന് വെളുത്തൊരു ഭാര്യയെ എങ്ങനെ കിട്ടി..? ഇതെല്ലാം ഞാന്‍ കുറേ കേട്ടിട്ടുണ്ട്. അങ്ങനെ പറയുന്ന എല്ലാ നന്‍പന്‍മാര്‍ക്കും നന്ദി. നിങ്ങളാണ് എന്റെ വിജയം. ഇംഗ്ലീഷ്, ഹിന്ദി എന്നൊക്കെ പറയുന്നത് ഒരു ഭാഷയാണ്, അറിവല്ല. അതുപോലെ കറുപ്പ് വെളുപ്പ് എന്നുപറയുന്നത് നിറം മാത്രമാണ്. ഇറ്റ്സ് ജെസ്റ്റ് എ കളര്‍. അവന്റെ നിറത്തെ പറ്റി, എടുത്ത സിനിമകളെ പറ്റി, എന്തിന് ഭാര്യയുടെ നിറവും തന്റെ നിറവും വരെ ചേര്‍ത്തുള്ള വിമര്‍ശനങ്ങള്‍. ഇതിനെല്ലാം ബോക്സോഫീസ് നോക്കിയുള്ള ചിരിയായിരുന്നു ആ പയ്യന്റെ മറുപടി.  രാജാ റാണി 84 കോടി, തെരി 150 കോടി, മെര്‍സല്‍ 260 കോടി, ബിഗില്‍ 300 കോടി, ഇനി വരാന്‍ ഇരിക്കുന്ന ജവാന്‍ ആയിരം കോടിക്ക് മുകളില്‍ വാരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെന്നിന്ത്യയില്‍ നിന്നുള്ള പൊന്നുംവിലയുള്ള സംവിധായകന്‍, തെന്നിന്ത്യന്‍ സിനിമകള്‍ക്ക് മുന്നില്‍ പതറിപ്പോയ ബോളിവുഡിന് മങ്ങിയ ആ പ്രതാപകാലം തിരിച്ചുനല്‍കിയേക്കാം. ടിക്കറ്റെടുക്കുന്നവന്റെ മനസ്സ് കണ്ട് പടം ചെയ്യാനും ചെന്നിടത്തെല്ലാം കപ്പ് മുഖ്യമെന്നും പലകുറി തെളിയിച്ചിട്ടുണ്ട് അരുൺ കുമാർ എന്ന ആറ്റ്‌ലി.

ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന രണ്ടുതാരങ്ങള്‍ക്ക് നടുവില്‍ അറ്റ്ലീ. തന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം പങ്കുവച്ച ഒരു ചിത്രം കോളിവുഡിനെ ഞെട്ടിച്ചിരുന്നു. ആ ഫോട്ടോയില്‍ അറ്റ്ലിയുടെ ഇടവും വലവും നിൽക്കുന്നത് രണ്ട് താര രാജാക്കന്മാരാണ്. സാക്ഷാൽ കിങ് ഖാനും ദളപതി വിജയ്‌യും. പിറന്നാള്‍ ദിനം ഇതിനേക്കാൾ വലുത് ഞാനെന്ത് ആഗ്രഹിക്കാനാണ്. എന്റെ ജീവിതത്തിലെ നെടും തൂണുകളായ പ്രിയപ്പെട്ട ഷാരൂഖ് സാറിനും എന്റെ അണ്ണൻ ദളപതി വിജയ് സാറിനുമൊപ്പം പിറന്നാൾ ആഘോഷിക്കാനായി. ഇതാണ് ജീവിതത്തിലെ ഏറ്റവും മികച്ച പിറന്നാൾ. ചിത്രത്തിന് താഴെ അറ്റ്ലി കുറിച്ചു. ചിത്രത്തില്‍ മൂന്നുപേരും കറുപ്പ് വസ്ത്രം കൂടി അണിഞ്ഞതോടെ, ആ പയ്യനെ നിറം ഉന്നമിട്ട് പരിഹസിച്ചവര്‍ക്ക് മിണ്ടാട്ടംമുട്ടി. തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്ക് വീണ ബോളിവുഡിനെ താങ്ങി നിര്‍ത്തിയ ചിത്രമായിരുന്നു ഷാരൂഖിന്റെ പഠാന്‍. അതിന് ശേഷം വരുന്ന ചിത്രമാണ് ജവാന്‍ എന്നതും തെന്നിന്ത്യന്‍ താരനിരയും സിനിമയെ വാര്‍ത്തകളില്‍ നിറച്ചു. ടീസര്‍ പുറത്തുവന്നതോടെ ആകാംക്ഷയേറുകയാണ്. ഷാരൂഖിന്റെ മൊട്ടലുക്ക് വരെ ടീസറിലൂടെ പുറത്തുവിട്ടതോടെ ഇതുക്കെല്ലാം മേലെ സിനിമയില്‍ എന്തോ ഉണ്ടെന്ന കാത്തിരിപ്പിന് കൂടിയാണ് തുടക്കമായത്. ഇതിനൊപ്പമാണ് വില്ലനായി വന്നാല്‍ നായകന് മുകളില്‍ സ്കോര്‍ ചെയ്യുന്ന പതിവുള്ള വിജയ് സേതുപതി ഷാരൂഖിന് വില്ലനായി എത്തുന്നതും. അഭ്യൂഹങ്ങള്‍ ശരിവച്ച്, അതിഥി വേഷത്തില്‍ സാക്ഷാല്‍ ദളപതി വിജയ് കൂടി വന്നാല്‍ തെന്നിന്ത്യയില്‍ പടം വാരുന്ന കോടിക്കണക്ക് എവിടെ ചെന്ന് നില്‍ക്കുമെന്ന ചോദ്യം ബാക്കി. കാണാന്‍ പോകുന്ന പൂരം തിയറ്ററില്‍ കാണാം എന്നല്ലാതെ മറ്റൊന്നും പറയാനില്ല.

രാജാ റാണി ഇറങ്ങിയപ്പോള്‍ ഒരുവിഭാഗം പറഞ്ഞു. ഇത് മണിര്തനത്തിന്റെ മൗനരാഗം എന്ന സിനിമയുടെ കോപ്പിയാണെന്ന്. പിന്നീട് തെരി ഇറങ്ങിയപ്പോള്‍, ഇത് മണിരത്നം നിര്‍മിച്ച വിജയകാന്തിന്റെ ചത്രിയന്‍ സിനിമയുടെ കോപ്പിയാണെന്ന് പറഞ്ഞു. മെര്‍സല്‍ ഇറങ്ങിയപ്പോള്‍ ഇവര്‍ പറഞ്ഞത് ഇത് രജനിയുടെ മൂട്രുമുഖം എന്ന സിനിമയുടെ കോപ്പിയാണെന്ന്. ബിഗില്‍ ഇറങ്ങിയപ്പോഴും പല്ലവിക്ക് മാറ്റമില്ല. ഇന്ത്യയില്‍ ഇറങ്ങിയ എല്ലാ സ്പോര്‍ട്സ് സിനിമകളില്‍ നിന്നും കോപ്പിയാണിതെന്ന്. എന്തിന് ജവാന്റെ ടീസര്‍ ഇറങ്ങിയപ്പോള്‍ തന്നെ കോപ്പിയടി ആരോപണങ്ങളുമായി വിമര്‍ശകര്‍ സജീവമാണ്. ആരോപണങ്ങള്‍, വിമര്‍ശനങ്ങള്‍, നിറത്തിന്റെ പേരിലെ കളിയാക്കലുകള്‍ ഇതെല്ലാം നടക്കുമ്പോഴും മഹാവിജയം കൊണ്ടാണ് ഓരോ തവണയും അറ്റ്ലി തിരിച്ചടിക്കുന്നത്.

ഇരുപത്തിയാറ് വയസ്സിന്റെ ചുറുചുറുക്കും ചിന്തകളും സിനിമയോടുള്ള ആവേശവുമായി അവന്‍ ഒരുക്കിയ രാജാറാണി തെന്നിന്ത്യയ്ക്ക് സമ്മാനിച്ചത് പുതിയ ഉണര്‍വായിരുന്നു. ഇന്നും യുവാക്കളുടെ പ്രിയ ചിത്രങ്ങളുടെ മുന്‍നിരയില്‍ രാജാറാണിയുണ്ട്. അത്രമാത്രം സ്വന്തം ജീവിതത്തോട് ഓരോത്തര്‍ക്കും ചേര്‍ത്തുനിര്‍ത്താവുന്ന സിനിമ. അറ്റ്ലിയുടെ എല്ലാ സിനിമകളിലും പറയുന്നത് നമുക്ക് ചുറ്റുമുള്ള കാര്യങ്ങളാണ്. എല്ലാ സിനിമകളിലും സ്ത്രീകള്‍ക്ക് വലിയ ബഹുമാനം നല്‍കാനും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളോട് പൊതുജനം ആഗ്രഹിക്കുന്ന തരത്തില്‍ തന്നെ പ്രതികരിക്കാനും അറ്റ്ലി തന്റെ നായകന്‍മാരെ സജ്ജമാക്കാറുണ്ട്. അങ്ങനെയുള്ള നായകന്‍മാര്‍ക്ക് അറ്റ്ലിയുടെ മനസ്സില്‍ ആദ്യം വരുന്ന മുഖം അണ്ണന്‍ ദളപതി വിജയ്​യുടേതാണ്. അങ്ങനെ പിറന്നത് തെന്നിന്ത്യയില്‍ കലക്ഷന്‍ റെക്കോര്‍ഡുകള്‍ തന്നെ തിരുത്തിക്കുറിച്ച മൂന്ന് തട്ടുെപാളിപ്പന്‍ വിജയ് ചിത്രങ്ങള്‍.

കുട്ടിക്കാലത്ത് തിയറ്ററില്‍ പോയി കണ്ട രജനികാന്തിന്റെ ദളപതി എന്ന സിനിമയാണ് വലുതാകുമ്പോള്‍ ഒരു സിനിമാക്കാരന്‍ ആകണമെന്ന മോഹം ആ കുട്ടിയുടെ മനസ്സില്‍ ഉണ്ടാക്കിയത്. ആദ്യം നടനാകണമെന്നായിരുന്നു ആഗ്രഹിച്ചത്. പക്ഷേ സിനിമയിലേക്കുള്ള വഴി ഏതാണെന്ന് ആ പ്രായത്തില്‍ അവന് അറിയില്ലായിരിന്നു. തന്റെ കുടുംബത്തിൽ മറ്റാർക്കും സിനിമയുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. സ്‌കൂൾ പഠനത്തിനു ശേഷം സത്യഭാമ യൂണിവേഴ്‌സിറ്റിയിൽ നിന്നു വിഷ്വൽ കമ്യൂണിക്കേഷനിൽ ഡിഗ്രി ചെയ്‌തതു പോലും സിനിമാ മോഹം കൊണ്ടായിരുന്നു. ഷോര്‍ട്ടുഫിലിമുകളാണ് സിനിമയിലേക്കുള്ള വഴി എന്ന തിരിച്ചറിവ് അക്കാലത്താണ് അവനുണ്ടായത്. സുഹൃത്തായിരുന്ന ശിവകാര്‍ത്തികേയനെ വച്ച് ചെയ്ത മുഖപ്പുസ്‌തകം എന്ന ഹ്രസ്വചിത്രം വലിയ ചര്‍ച്ചയായി.എൻ മേലേ വീഴുന്ന മഴത്തുള്ളിയേ എന്ന ഹ്രസ്വചിത്രവും അറ്റ്ലി എന്ന കോളജ് കുമാരന്റെ സിനിമാസ്വപനത്തെയും അവന്റെ പ്രതിഭയെയും  വിളിച്ചുപറയുന്നതായിരുന്നു. അക്കാലത്ത് സുഹൃത്തായിരുന്ന പ്രിയയോടുള്ള പ്രണയവും അവന്‍ മനസ്സില്‍ സൂക്ഷിച്ചു. സിനിമയില്‍ തന്റേതായ ഒരുമേല്‍വിലാസം ഉണ്ടാക്കിയ ശേഷം അറ്റ്ലി ആ പ്രണയത്തെയും സിനിമ പോലെ തന്റെ ജീവനോട് ചേര്‍ത്തുകെട്ടി.

തന്റെ ഷോര്‍ട്ട്ഫിലിമുകള്‍ സംവിധായകന്‍ ശങ്കറിന് അയച്ചുെകാടുത്തതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്. ഷോര്‍ട്ട്ഫിലിം കണ്ട് ഇഷ്ടമായ ശങ്കര്‍ അവനെ തന്റെ സെറ്റിലേക്ക് വിളിപ്പിച്ചു. തന്റെ കൂടെ സഹസംവിധായകനായി ചേരുന്നോ എന്ന് ചോദിച്ചു. ഇത് കേള്‍ക്കേണ്ട താമസം അവന്‍ സമ്മതം മൂളി. സിനിമ പഠിക്കാന്‍ ഇതിലും വലിയ സര്‍വകലാശാല മറ്റേതുണ്ട്. അങ്ങനെ ശങ്കറിനൊപ്പം സഹായിയായി അറ്റ്ലി കൂടി. സിനിമാമോഹം ഉള്ളില്‍ ഉദിപ്പിച്ച രജനികാന്തിന്റെ യന്തിരന്‍ സെറ്റില്‍ അറ്റ്ലി നിറഞ്ഞ​ുനിന്നു. ആവേശത്തോടെ ഏല്‍പ്പിച്ച എല്ലാ ജോലികളും ഭംഗിയായി ചെയ്തു. തലൈവര്‍ക്ക് സ്ക്രിപ്റ്റ് വിവരിക്കുന്നത്, ഷോട്ട് പറഞ്ഞുെകാടുക്കുന്നത്, ചിലപ്പോഴൊക്കെ സാക്ഷാല്‍ രജനിക്ക് അഭിനയിച്ച് കാണിച്ചുകൊടുക്കാനും ശങ്കര്‍ അറ്റ്ലിയോട് ആവശ്യപ്പെടും. രജനിക്ക് മുന്നില്‍ ഉള്ളില്‍പേടിയുണ്ടെങ്കിലും മനോഹരമായി തന്നെ ആ സീന്‍ അറ്റ്ലി അഭിനയിച്ചുകാണിക്കും. അവന്‍ അഭിനയിച്ച് കാണിക്കുന്നത് രജനി മതിമറന്ന് നോക്കിനില്‍ക്കും. ഒടുവില്‍ കയ്യടിച്ച് അവനെ ചേര്‍ത്തുപിടിക്കും. ഭാവിയില്‍ ആശാന്റെ പേര് മോശമാക്കാത്ത ശിഷ്യന്‍ എന്ന വാഴ്ത്തിന് അറ്റ്ലി അര്‍ഹനാകുമെന്ന് യന്തിരന്റെ സെറ്റില്‍ നിന്ന് തന്നെ ശങ്കര്‍ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. പിന്നീട് ശങ്കറിന്റെ നന്‍പന്‍ എന്ന സിനിമയിലും സഹായിയായി‍. അവിടെ വച്ചാണ് ദളപതി വിജയ്​യുമായുള്ള സൗഹൃദം തുടങ്ങുന്നത്. എന്നുടേയ അണ്ണന്‍ എന്ന് പറയുമ്പോഴെല്ലാം നിറയുന്ന സ്നേഹവും കടപ്പാടും നന്‍പന്‍ സിനിമയുടെ സെറ്റില്‍ നിന്നും തുടങ്ങിയതാണ്.

ശങ്കറിന്റെ അസിസ്‌റ്റന്റായി അഞ്ചു വർഷത്തോളം സിനിമയുടെ സമസ്ത മേഖലയും പഠിച്ച ശേഷമാണു സ്വന്തമായി സംവിധാനത്തിലേക്കു ആറ്റ്‌ലി കടക്കുന്നത്. രാജാ റാണിയുടെ കഥ കേട്ട വിജയ് ടിവിയുടെ മഹേന്ദ്രന്‍ അത് എ.ആർ. മുരുകദോസിനോട് പറഞ്ഞു. മുരുകദോസ് വഴി ഫോക്‌സ് സ്‌റ്റുഡിയോസ് ഉൾപ്പെടെയുള്ളവർ ആ സിനിമയുടെ ഭാഗമായി. സംവിധായകന്റെയും അണിയറക്കാരുടെയും ചെറുപ്പത്തിന്റെ ആവേശം സ്ക്രീനിലെത്തിയപ്പോള്‍ തെന്നിന്ത്യന്‍ യുവത അത് ആഘോഷമാക്കി. രാജാറാജി വമ്പന്‍ വിജയം നേടി. പിന്നാലെ വരിവരിയായി വിജയ് ചിത്രങ്ങള്‍. എല്ലാം കോടിക്കണക്ക് കൂട്ടി ഞെട്ടിച്ചു. ഇപ്പോഴിതാ തമിഴകം വിട്ട് സാക്ഷാല്‍ കിങ് ഖാനെ സംവിധാനം ചെയ്ത് സിനിമ പൂര്‍ത്തിയാക്കി. മേക്കിങ് മികവില്‍ കഥ പറച്ചിലിന്റെ രീതിയില്‍ എന്തെല്ലാമാണ് അറ്റ്ലി ബോളിവുഡിന് സമ്മാനിക്കാന്‍ പോകുന്നതെന്ന് അറിയാന്‍ നമുക്ക് തിര നോക്കിയിരിക്കാം.

മരണക്കിടക്കയില്‍ വച്ച് ഒരു അച്ഛന്‍ തന്റെ മകനെ അടുത്തുവിളിച്ച് പറഞ്ഞു. നിനക്കായി ഞാന്‍ ഒന്നും സമ്പാദിച്ച് വച്ചിട്ടില്ല. ആകെയുള്ളത് പാരമ്പര്യമായി കൈമാറി വരുന്ന ഈ വാച്ചാണ്.  ഇത് ‍ഞാന്‍ നിനക്ക് തരാം. ഇതിന് ഇപ്പോള്‍ എത്ര വില കിട്ടുമെന്ന് നീ ഒന്ന് ചോദിച്ചിട്ട് വരാമോ. അച്ഛന്റെ ആഗ്രഹം കേട്ട് അവന്‍ ഒരു വാച്ച് കടയിലേക്ക് പോയി. പഴയ വാച്ചിന് ആ കടക്കാരന്‍ അഞ്ചുരൂപ വിലയിട്ടു. ഇക്കാര്യം തിരിച്ചുവന്ന് അച്ഛനോട് പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞു. നീ ഇത് ഒരു പുരാവസ്തുവില്‍ക്കുന്ന ഏതേലും കടയില്‍ കൊണ്ടുപോയി വില ചോദിക്കെന്ന്. മകന്‍ അതും അനുസരിച്ചു. ആ കടക്കാരന്‍ ആ വാച്ചിന് 500 രൂപ വിലയിട്ടു. സന്തോഷത്തോടെ മകന്‍ അച്ഛനോട് അക്കാര്യം പറഞ്ഞു. അപ്പോള്‍ അച്ഛന്‍ പറഞ്ഞു, നീ ഇത് ഒരു മ്യൂസിയത്തില്‍ െകാണ്ടുപോയി വില ചോദിക്ക്. മ്യൂസിയത്തില്‍ ചോദിച്ചപ്പോള്‍ ആ മകന്‍ ‍ഞെട്ടി. 200 വര്‍ഷത്തിലേറെ പഴക്കമുള്ള ആ വാച്ചിന് അവര്‍ പറഞ്ഞ വില 50 ലക്ഷമായിരുന്നു. ഇക്കാര്യം അച്ഛനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു. ഇതാണ് എനിക്ക് നിനക്കായി തരാനുള്ള ഉപദേശം. ഏത് സ്ഥലത്താണ് ശരിയായ മൂല്യം കിട്ടുന്നതെന്ന് തിരിച്ചറിയണം. അവിടെ എത്താന്‍ വേണ്ടി പരിശ്രമിക്കണം. നീ ഏത് ഇടത്തില്‍ ഇരിക്കണം എന്ന് തീരുമാനിച്ചാല്‍ മതി. വിജയവും മൂല്യവും പിന്നാലെ വന്നോളും. ഒരിക്കല്‍ അറ്റ്ലി തന്നെ പറഞ്ഞ കുട്ടിക്കഥയാണിത്. ഈ കഥ‌യാണ് അയാളുടെ ചാലകശക്തിയും. ഈ കൃത്യതയാണ് ഇത്ര ചെറുപ്പത്തിലേ ഈ ചെറുപ്പക്കാരനെ ഇന്ത്യന്‍ സിനിമാലോകത്തിന്റെ തലപ്പത്തെത്തിച്ചതും.