വര്‍ഷം 1963. തമിഴ്നാട്ടിലെ കുംഭകോണം ഉമയാല്‍പുരം എന്ന ഗ്രാമം. എംജിആറും ശിവാജി ഗണേഷനുമൊക്കെ ഞരമ്പിലെ ചോരപോലെ തലങ്ങും വിലങ്ങും ഓടി തമിഴരെ ആവേശം െകാള്ളിക്കുന്ന കാലം. മുത്തുലക്ഷ്മിക്ക് ഏറെ ഇഷ്ടം ശിവാജിയോടാണ്. ശിവാജി ഗണേശന്റെ പടങ്ങള്‍ ഒന്നു പോലും വിടാതെ കാണും. ഗര്‍ഭിണിയായിരുന്ന കാലത്തുപോലും അതിന് മാറ്റമുണ്ടായില്ല. അക്കാലത്ത് പുറത്തിറങ്ങിയ കുങ്കുമം എന്ന ശിവാജി പടം വലിയ വിജയമായി. സിനിമ കണ്ട മുത്തുലക്ഷ്മി ഒരു കാര്യം ഉറപ്പിച്ചു. ജനിക്കുന്നത് മകനാണെങ്കില്‍ അവന് ശിവാജിയുടെ ആ കഥാപാത്രത്തിന്റെ പേരുവയ്ക്കണം. ആ ആഗ്രഹം സഫലമായി. മകന്‍ പിറന്നു. അവനെ ആ അമ്മ വിളിച്ചു. ശങ്കര്‍. വര്‍ഷങ്ങള്‍ക്കിപ്പറം ശിവാജി റാവു ഗെയ്​ക് വാദ് എന്ന രജനികാന്തിനെ വച്ച് ശിവാജി എന്ന പേരില്‍ അവനെടുത്ത സിനിമ ചരിത്രവിജയമായി. അമ്മയുടെ വയറ്റില്‍ വച്ചുതന്നെ സിനിമ സ്വാധീനിച്ച ആ പയ്യന്‍ ഇന്ന് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകനാണ്. തൊട്ടതെല്ലാം ഹിറ്റായ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ കാതലന്‍. സാങ്കേതിക വിദ്യയുടെ സഹായത്തോടെ തിരശ്ശീലകൾക്കു തീപിടിപ്പിക്കുന്ന മുതല്‍വന്‍. ശങ്കര്‍ ഷണ്‍മുഖം.

ഇന്ത്യന്‍ സിനിമാലോകം ഒരു കാത്തിരിപ്പിലാണ് ഇതുവരെ പുറത്തുവന്ന ബ്രഹ്മാണ്ഡചിത്രങ്ങള്‍ക്ക് മുകളില്‍, അതുക്കെല്ലാം മേലെ ശങ്കര്‍ പടച്ചുവിടുന്ന ഇന്ത്യന്‍ 2 കാണാന്‍. ഇതുവരെ ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ കണ്ട കമല്‍ഹാസന്‍ ഏട്ടുലക്ഷത്തോളം രൂപ വിലവരുന്ന ആഢംബരവാച്ചാണ് ശങ്കറിന്റെ കയ്യില്‍ സമ്മാനിച്ചത്. അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച 'ഇന്ത്യന്‍' 1996ലാണ് പ്രദര്‍ശനത്തിനെത്തിയത്. അന്ന് അസാധ്യമെന്ന് വിലയിരുത്തിയ രജനിയുടെ ബാഷയുടെ കലക്ഷന്‍ റെക്കോര്‍ഡ് പോലും തകര്‍ത്താണ് ഇന്ത്യന്‍ പടയോട്ടം നടത്തിയത്. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ഒരു തുടര്‍ച്ച സൂചിപ്പിച്ചായിരുന്നു അന്ന് സിനിമ അവസാനിപ്പിച്ചത്. ഇപ്പോള്‍ 200 കോടിയിലേറെ രൂപ മുടക്കിയാണ് സിനിമ ഒരുങ്ങുന്നത്. വിക്രം നേടിയ ചരിത്ര വിജയം ഇന്ത്യന്‍ 2വിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ഇതിനെല്ലാം അപ്പുറം ബ്രഹ്മാണ്ഡസിനിമകള്‍ തെന്നിന്ത്യയ്ക്ക് പരിചയപ്പെടുത്തി ശങ്കറിന് പിന്നാലെ വന്നവര്‍ അരങ്ങുവാഴുന്ന കാലത്ത് തന്റെ ആവനാഴിയില്‍ ഇനിയും ബ്രഹ്മാസ്ത്രങ്ങള്‍ ഉണ്ടെന്ന് കാണിച്ചുകൊടുക്കുകയും വേണം. ഇന്ത്യന്‍ 2 അതിന് അടിവരയിടുമെന്ന് ഉറപ്പാണ്. ശങ്കര്‍–കമല്‍ ബ്രാന്‍ഡിന്റെ മൂല്യം അത്രത്തോളമുണ്ട്.

കെ.ബാലചന്ദര്‍, മഹേന്ദ്രന്‍, ബാലു മഹേന്ദ്ര, ഭാരതി രാജ, മണിരത്നം... ഈ പേരുകള്‍ക്കൊപ്പം തമിഴകം സംവിധായകന്റെ പേര് കണ്ട് ടിക്കറ്റെടുത്ത കാലത്തിന്റെ തലമുറയില്‍ പെട്ടയാളാണ് ശങ്കറും. പൂവുക്കുള്‍ ഒളിന്തിരിക്കും കനിക്കൂട്ടം അതിശയം, ഗുരുനാഥന്‍ ഇല്ലാത കുയില്‍പ്പാട്ട് അതിശയം, അതിശയേ അസന്തുപോകും നീയെന്തെന്‍ അതിശയം. ഉലകഴകിയും അവള്‍ക്ക് ചുറ്റും ലോകാത്ഭുതങ്ങളും. സിനിമയിലെ പാട്ടുകളോട് ശങ്കര്‍ പുലര്‍ത്തുന്ന കൂറു മാത്രം മതി, ആ ഫിലിം മേക്കറെ വരച്ചിടാന്‍.

ശിവാജി ഗണേശനെ പോലെ ഒരു നടന്‍ ആകണമെന്നായിരുന്നു ആഗ്രഹം. കയ്യില്‍ അല്‍പം മിമിക്രിയുണ്ട് സിനിമയ്ക്ക് പിന്നാലെ ഇറങ്ങിത്തിരിക്കും മുന്‍പ് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ സ്വന്തമാക്കി. പഠനം കഴിഞ്ഞ് ഒരു ഫാക്‌ടറിയില്‍ ടൈപ്പ്‌റൈറ്റർ ജോലി കിട്ടി. എന്നാല്‍ സമരം കൊണ്ട് ഫാക്ടറി പൂട്ടിയതോടെ അഭിനയമോഹം പൊടിത്തട്ടി എടുത്ത് നാടകവേദികളില്‍ സജീവമായി. തന്റെ അഭിനയത്തിന് കിട്ടിയ കയ്യടികള്‍ ശങ്കറില്‍ സിനിമാ നടന്‍ ആകണമെന്ന മോഹത്തിന്റെ വിത്തിന് വേരുമുളപ്പിച്ചു. ചില ചിത്രങ്ങളില്‍ മുഖം കാണിച്ചെങ്കിലും മികച്ച ഒരു വേഷം ആരും െകാടുത്തില്ല. അങ്ങനെയിരിക്കുമ്പോഴാണ് എസ്.എ. ചന്ദ്രശഖറിനൊപ്പം സഹസംവിധായകനായി ചേരുന്നത്. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനുള്ള മോഹം കൊണ്ടുനടന്നവന്‍ അങ്ങനെ ക്യാമറയ്്ക്ക് പിന്നിലെത്തി സിനിമ പഠിച്ചു. 17 സിനിമകള്‍ ഒരുസംവിധാകന് കീഴില്‍. പിന്നീട് പവിത്രന്‍ സംവിധാനം ചെയ്ത തെന്നിന്ത്യയിലെ പ്രഗത്ഭനായ നിർമാതാവ് കെ.ടി. കുഞ്ഞുമോന്റെ സൂര്യന്‍ എന്ന ചിത്രത്തിലും സഹായിയായി. ശങ്കറിന് സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശവും മിടുക്കും കെ.ടി കുഞ്ഞുമോന്റെ ശ്രദ്ധയിലും പെട്ടു. സൂര്യന്‍ ഹിറ്റായതിന് പിന്നിലെ ശങ്കര്‍ സാന്നിധ്യം അങ്ങനെ ചര്‍ച്ചയായി. ഒറ്റയ്ക്കൊരു സിനിമ ചെയ്യാനുള്ള മിടുക്ക് ശങ്കറിന് ഉണ്ടെന്ന കുഞ്ഞുമോന്റെ തിരിച്ചറിവ് തമിഴ് തിരയുലകിന്റെ തലവര മാറ്റുന്നതായി. വലിയ ബജറ്റില്‍ സംവിധായകനോടുള്ള വിശ്വാസത്തില്‍ ജെന്റില്‍മാന് കെ.ടി കുഞ്ഞുമോന്‍ കൈകൊടുത്തു. ശരത്ത്കുമാറും കമല്‍ഹാസനും വേണ്ടെന്നുവച്ച ആ കഥാപാത്രത്തെ പിന്നീട് ശങ്കര്‍ െകാടുത്തത് അക്കാലത്ത്  ഒരു ഹിറ്റ്‌ചിത്രം പോലും സ്വന്തം ക്രെഡിറ്റിലില്ലാത്ത അർജുന്. സിനിമ ബ്രഹ്മാണ്ഡ ഹിറ്റ്.  ഷങ്കറിന്റെ കന്നിച്ചിത്രത്തിലെ വിഷയം ഇന്നും സമൂഹത്തിലെ വലിയ വിപത്തായ വിദ്യാഭ്യാസ കച്ചവടമായിരുന്നു. പിന്നീട് വന്ന സിനിമകള്‍ എല്ലാം തന്നെ സമൂഹത്തിനോട് തുറന്നു പിടിച്ച കണ്ണാടിയാക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു.

പിന്നീട് കാതലൻ.  അതുവരെ നൃത്തസംവിധായകനായിരുന്ന പ്രഭുദേവയുടെ തലയിലെഴുത്ത് തിരുത്തി ആ ചിത്രം. പ്രണയവും രാഷ്‌ട്രീയവും പറഞ്ഞ ചിത്രവും വമ്പന്‍ഹിറ്റ്. മൂന്നാമത് സാക്ഷാല്‍ ഉലകനായകനെ വച്ച് ഇന്ത്യന്‍. അച്‌ഛനും മകനുമായി കമൽഹാസൻ എത്തിയ ചിത്രം കൈക്കൂലിക്കും അഴിമതികള്‍ക്കും ഏതിരെ ശക്തമായി പൊരുതുന്ന സിനിമയായി. അങ്ങനെ പ്രതികരിക്കുന്ന ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍ ഈ നാട് എന്നേ നന്നായേനെ എന്ന് പടം കണ്ടിറങ്ങിയവര്‍ വാഴ്ത്തി. അന്നോളം തമിഴ് സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമായ ഇന്ത്യൻ കോടികളുടെ കിലുക്കവുമായി ബോക്‌സോഫിസ് പിടിച്ചടക്കി. ബാഷ പോലും കടപുഴകി. ജീൻസ്, മുതൽവൻ, ബോയ്‌സ്, അന്യൻ, ശിവാജി, നൻപൻ, ഐ.. അങ്ങനെ വിസ്മയങ്ങളുടെ നീണ്ടനിര. ഇന്ത്യന്‍ സിനിമാലോകത്തിന്റെ ഗതി തന്നെ മാറ്റി യന്തിരന്‍. കമലിനെ വച്ച് ചെയ്യാനിരുന്ന ചിത്രം ഒടുവില്‍ എത്തിയത് രജനിയുടെ കയ്യില്‍.

തന്റെ സിനിമകളില്‍ മലയാളി താരങ്ങളെ ഉള്‍പ്പെടുത്തുന്നതില്‍ ശങ്കറിന് പ്രത്യേകതാല്‍പര്യം തന്നെയുണ്ട്. വിനീത്, നെടുമുടി വേണു, കൊച്ചിൻ ഫനീഫ, കലാഭവൻ മണി, സുരേഷ് ഗോപി, ഷാജോണ്‍ തുടങ്ങിയവര്‍ ഉദാഹരണം. ഇതിനൊപ്പമാണ് ശങ്കര്‍–റഹ്മാന്‍ കൂട്ടുകെട്ടിലെ പാട്ടുകളും. മികച്ച തിരക്കഥ, ടെക്‌നിക്കൽ പെർഫെക്ഷന്‍, വിഷ്വൽ ഇഫക്‌ട്സ്, ഗ്രാഫക്‌സ് ഇതെല്ലാം കയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്ന സംവിധാനരീതി. ശങ്കര്‍ പടത്തിന് കോടികള്‍ മുടക്കാന്‍ നിര്‍മാതാക്കളും തയാറാണ്. കാരണം മുടക്കിയതിന്റെ ഇരട്ടി കയ്യിലെത്തും എന്ന ഗാരന്റി തന്നെയാണ് ശങ്കറിനെ ഇന്ത്യയിലെ പൊന്നുംവിലയുള്ള സംവിധായകനാക്കുന്നത്.

വിജയത്തിന്റെ രഹസ്യം പറയുന്ന ഒരു പാട്ടുവേണം. ബോയ്സ് സിനിമയ്ക്ക് വേണ്ടി പാട്ടൊരുക്കുമ്പോള്‍ വാലി സാറിനോട് ശങ്കര്‍ പറഞ്ഞു. കേട്ടുക്കോ ലക്ക് കാല്‍കിലോ, ലോസ് കാല്‍ കിലോ, ലേബര്‍ കിലോ, സേര്‍ത്തുക്കോ ഭക്തി കാല്‍ കിലോ, ഹോപ്പ് കാല്‍കിലോ, ടാലറ്റ് കാല്‍കിലോ എല്ലാതാ സേര്‍ത്ത് കെട്ടണേ പെരിയ പൊട്ടലം സീക്രട്ട് ഓഫ് സക്സ്സ്.. ഈ പാട്ടുതന്നെയാണ് ശങ്കറിന്റെ വിജയരഹസ്യവും. ബ്രഹ്മാണ്ഡ ബജറ്റില്‍ പടം ചെയ്യുമ്പോഴും സമൂഹത്തോട് സംവദിക്കുന്ന സിനിമകള്‍. കൃത്യമായ രാഷ്ട്രീയം കോടികള്‍ മുടക്കി തന്നെ പറയുന്ന സിനികള്‍. രാജമൗലിയോട് മല്‍സരമുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല, അദ്ദേഹം അദ്ദേഹത്തിന്റെ വഴിയേ പോകുന്നു. ‍ഞാന്‍ എന്റെ വഴിയേയും എന്ന് മറുപടി. പൊന്നുംവിലയുള്ള സംവിധായകര്‍ക്കിടയിലും വ്യത്യസ്ഥമായ സിനിമകള്‍ ഒരുക്കുന്നത് തന്നെയാണ് ശങ്കറിനെ വേറിട്ട് നിര്‍ത്തുന്നത്. ശങ്കര്‍ ആദ്യമായി അമേരിക്കയിലേക്ക് പോകുന്നു. വീസക്കുള്ള അഭിമുഖത്തിന് ചെന്നപ്പോള്‍ ആ അമേരിക്കന്‍ ഉദ്യോഗസ്ഥ ശങ്കറിനെ അടിമുടി കുഴപ്പിക്കുകയാണ്. എത്രശ്രമിച്ചിട്ടും വീസ ശരിയാക്കി തരുന്നില്ല. ഈ സമയം  തമിഴ് അറിയാവുന്ന ഒരു ഉദ്യോഗസ്ഥന്‍ അവിടേക്ക് വരുന്നു. മാഡം, ഇത് സംവിധായകന്‍ ശങ്കറാണ് എന്ന് അദ്ദേഹം പരിചയപ്പെടുത്തുന്നു. ഏത് ശങ്കര്‍ എന്നായി ആ ഉദ്യോഗസ്ഥ‍. മേഡം മുക്കാല മുക്കാബുല പാട്ടില്ലേ ആ സിനിമയുടെ സംവിധായകന്‍. തികഞ്ഞ ബഹുമാനത്തോടെ ശങ്കറിനെ നോക്കിയ ആ ഉദ്യോഗസ്ഥ െതാട്ടടുത്ത നിമിഷം വീസ അടിച്ചുെകാടുത്തു. ഇന്ത്യന്‍ സിനിമ രാജ്യത്തിന്റെ അതിര്‍ത്തി വിട്ടുപറക്കുന്നതിന്റെ തുടക്കകാലത്ത് അതിന്റെ പതാകയേന്തിയത് ശങ്കറാണ്. ഇന്ത്യന്‍ സിനിമയ്ക്ക് സ്വപ്നം കാണാത്തത്ര കോടികളുടെ മൂല്യം സമ്മാനിച്ച സംവിധായകന്‍. ഇന്ത്യന്‍ 2 അതിനപ്പുറത്തേക്കും ഈ സംവിധായകനെ കൈപിടിക്കുമെന്ന് ഇന്ത്യന്‍ സിനിമാലോകം ഉറത്തുവിശ്വസിക്കുന്നു, കാത്തിരിക്കാം ഉലകനായകനൊപ്പം ശങ്കര്‍ തീര്‍ക്കുന്ന ഉലകവിസ്മയത്തിനായി.