tamil-cinema

ഫെബ്രുവരിയിലെ അവസാനത്തെ വെള്ളിയാഴ്ച. തമിഴ്​നാട്ടില്‍ എട്ട് സിനിമകള്‍ റിലീസ് ചെയ്യുന്നു. അതേ ആഴ്​ചയില്‍ തന്നെ ഒരു മലയാളം പടവും റിലീസിനെത്തിയത്. ആ എ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ട്ട് തമിഴ് സിനിമകള്‍ക്കും വന്ന വേഗത്തില്‍ സീറ്റ് കാലിയാകുന്നു. മുന്‍വാരത്തില്‍ റിലീസ് ചെ​യ്ത ചിത്രങ്ങളുടെ അവസ്ഥയും ഇതുതന്നെ. എന്നാല്‍ ആ മലയാളം സിനിമ ദിവസങ്ങളായി ഒരേ തിയേറ്ററുകളില്‍ തന്നെ എക്​സ്ട്രാ ഷോകള്‍ പോലും കളിക്കുന്നു. റിലീസ് ചെയ്​ത് രണ്ടാം വാരത്തില്‍ കേരളത്തില്‍ 100 കോടിയും കടന്ന് ജൈത്രയാത്ര തുടരുന്ന ആ സിനിമയുടെ പേര് മഞ്ഞുമ്മല്‍ ബോയ്​സ്.

ജയംരവി ചിത്രം സൈറൺ, കാളിദാസ് ചിത്രം പോർ, ഗൗതം മേനോൻ ചിത്രം ജോഷ്വ ഉള്‍പ്പെടെയുള്ള സിനിമകളെ  നിഷ്പ്രഭമാക്കിയാണ് മഞ്ഞുമ്മലിന്‍റെ കുതിപ്പ്. ഗുണ സിനിമയുടെ റഫറന്‍സും കണ്‍മണി പാട്ടിന്‍റെ പ്ലേസ്മെന്‍റുമൊക്കെ ചിത്രത്തിന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മഞ്ഞുമ്മല്‍ ബോയിസ് മാത്രമല്ല, അതിന് മുന്നേ തന്നെ റിലീസ് ചെയ്​ത ഭ്രമയുഗം, പ്രേമലു എന്നീ ചിത്രങ്ങളും തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നു.

കാലങ്ങളായുള്ള വലിയൊരു പതിവു തെറ്റുകയാണ് ഇവിടെ. തമിഴ് നിറഞ്ഞോടിയ കേരള തിയറ്ററുകളുടെ പതിവിന്റെ തനിപ്പകര്‍പ്പ് അവിടെ ആവര്‍ത്തിക്കുന്നു. മലയാളം നിറഞ്ഞോടുന്ന തമിഴ്നാട്ടില്‍ തമിഴ് സിനിമകള്‍ക്ക് എന്താണ് സംഭവിക്കുന്നത്? പല തിയേറ്ററുകളും പഴയ ഹിറ്റ് തമിഴ് സിനിമകള്‍ വീണ്ടും പ്രദര്‍ശിപ്പിക്കുകയാണ്. വാരണം ആയിരം, വാലി, കാതലുക്ക് മര്യാദൈ, തിരുമലൈ, അണ്ണാമലൈ മുതലായ ചിത്രങ്ങള്‍ റി റിലീസ് ചെയ്​ത് ദിവസങ്ങളോളം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. ഈ വിഷയം മുന്‍നിര്‍ത്തി തമിഴ് യൂട്യൂബേഴ്സ് നിരവധി വിഡിയോകളാണ് പോസ്റ്റ് ചെയ്യുന്നത്. 2024ന്റെ തു‍ടക്കത്തില്‍  തമിഴ്സിനിമക്ക് സംഭവിക്കുന്നതെന്ത്?

2023 ലെ അവസാന മാസങ്ങളിലാണ് ബോക്സ് ഓഫീസില്‍ തരംഗമായ ലിയോ, നിരൂപക പ്രശംസയും കൊമേഴ്സ്യല്‍ സക്സസും നേടിയ ജിഗര്‍തണ്ട ഡബിള്‍ എക്സ്, സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറഞ്ഞ ഇരുഗപട്രു, പാര്‍ക്കിങ്, നിരൂപകര്‍ പ്രശംസിച്ച കൂഴങ്കള്‍ എന്നീ ചിത്രങ്ങള്‍ ഇറങ്ങിയത്. തൊട്ടുമുന്നേ ജയിലര്‍ വന്നും പണംവാരി. ഈ സ്‌ട്രൈക്ക് റേറ്റ് തമിഴ് ഇന്‍ഡസ്ട്രിക്ക് നഷ്ടമാവുന്നത് ഡിസംബറിലാണ്. പറയത്തക്ക ഒരു വിജയവും കഴിഞ്ഞ ഡിസംബറില്‍ തമിഴില്‍ സംഭവിച്ചില്ല. അതിന്‍റെ തുടര്‍ച്ച തന്നെയാണ് 2024ലെ ആദ്യമൂന്ന് മാസങ്ങളിലും കാണുന്നത്.

ഇതിലൊരു ചെറിയ ആശ്വാസമുള്ളത് ജനുവരി മാസത്തിലാണ്. പൊങ്കല്‍ റിലീസായാണ് ധനുഷ് ചിത്രം ക്യാപ്റ്റന്‍ മില്ലറും ശിവകാര്‍ത്തികേയന്‍ ചിത്രം അയ്​ലാനും ബൈലിഗ്വലായി നിര്‍മിച്ച വിജയ് സേതുപതി ചിത്രം മെറി ക്രിസ്മസും എത്തുന്നത്.‌ റോക്കി, സാനി കായിദം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ മാധേശ്വരനൊപ്പം ധനുഷ് ഒന്നിക്കുന്ന സിനിമ എന്ന ഹൈപ്പ് ക്യാപ്റ്റന്‍ മില്ലറിന് ഉണ്ടായിരുന്നു. സൈഫൈ ചിത്രമെന്ന നിലയിലും തുടര്‍ച്ചയായി ബോക്സ് ഓഫീസ് വിജയങ്ങള്‍ സൃഷ്ടിച്ച ശിവകാര്‍ത്തികേയന്‍ നായകനാവുന്ന ചിത്രം എന്ന നിലയിലുമെല്ലാം അയ്​ലാനും ഹൈപ്പുണ്ടായിരുന്നു. എട്ട് വര്‍ഷമാണ് സംവിധായകന്‍ ആര്‍ രവികുമാര്‍ അയ്​ലാനായി ചിലവഴിച്ചത്. 2024ലിന്‍റെ തുടക്കത്തില്‍ തന്നെ ശ്കതമായ പോരാട്ടമാവും ബോക്സ് ഓഫീസില്‍ കാണാന്‍ പോവുക എന്നൊക്കെയായിരുന്നു ഉയര്‍ന്ന ചര്‍ച്ചകള്‍.

എന്നാല്‍ അത്തരമൊരു കനത്ത പോരാട്ടം ബോക്സ് ഓഫീസില്‍ ഉണ്ടായില്ല. കൂട്ടത്തില്‍ തെല്ലെങ്കിലും മുന്നിട്ട് നിന്നത് ക്യാപ്റ്റന്‍ മില്ലറായിരുന്നു. മേക്കിങ്ങിലും സിനിമ പറയുന്ന പൊളിറ്റിക്സിലും ക്യാപ്റ്റന്‍ മില്ലറിന് അഭിനന്ദനങ്ങളുയര്‍ന്നു. മേക്കിങ്ങിനൊപ്പം തിരക്കഥയെത്തിയില്ല എന്ന ചില വിമര്‍ശനങ്ങളും ചിത്രത്തിനെതിരെ ഉണ്ടായിരുന്നു. ഏതായാലും 100 കോടി ക്ലബില്‍ ഇടംപിടിക്കാന്‍ ക്യാപ്റ്റന്‍ മില്ലറിനായി. സമ്മിശ്ര പ്രതികരണമാണ് അയ്​ലാന് ലഭിച്ചത്. വിഎഫ്എക്സിന് പ്രശംസയുണ്ടായെങ്കിലും ഔട്ട്ഡേറ്റഡായ കഥയെന്ന വിമര്‍ശനം അയ്​ലാന് നേരെ ഉയര്‍ന്നു. റഹ്മാന്‍റെ സംഗീതത്തിനും പോരായ്മകളുണ്ടായെന്ന ചര്‍ച്ച വന്നു. റിലീസ് ചെയ്യാന്‍ എട്ടു വര്‍ഷം താമസിച്ചതും കഥ ഔട്ട്ഡേറ്റഡാവാന്‍ ഒരു കാരണമാവാം. വിജയ് സേതുപതിയും കത്രീന കൈഫും പ്രധാന കഥാപാത്രങ്ങളായ മെറി ക്രിസ്മസിന് കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാനായില്ല. ജനുവരിയുടെ തുടക്കത്തില്‍ ക്യാപ്റ്റന്‍ മില്ലറും അയ്​ലാനും സാമാന്യം രക്ഷയായെങ്കിലും അത് തുടര്‍ന്നില്ല. ജനുവരിയില്‍ തന്നെ റിലീസായ  അശോക് സെല്‍ലവന്‍റെ ബ്ലൂ സ്റ്റാര്‍ സോഷ്യല്‍ മിഡിയ ചര്‍ച്ചകളില്‍ ഇടം നേടിയെങ്കിലും ബോക്സ് ഓഫീസില്‍ ചലനം സൃഷ്ടിച്ചില്ല.

ഫെബ്രുവരിയിലാണ് ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്‍ത ലാല്‍ സലാം തിയേറ്ററുകളിലെത്തിയത്. വിഷ്​ണു വിശാല്‍, വിക്രാന്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രം രജിനികാന്തിന്‍റെ അതിഥി വേഷം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ബോക്സ് ഓഫീസില്‍ ലാല്‍ സലാം ദുരന്തമായി. 90 കോടിയോളം മുടക്കിയിട്ടും മുടക്കുമുതലിന്‍റെ പകുതി പോലും നേടാന്‍ ചിത്രത്തിന് സാധിച്ചില്ല. 2023ലെ ഹിറ്റ് ചിത്രം ഗുഡ് നൈറ്റ് ടീം വീണ്ടും ഒന്നിച്ച ലവ്വര്‍ എന്ന ചിത്രത്തിന് ഗുഡ് നൈറ്റ് പോലെ വലിയ വിജയമോ തരംഗമോ സൃഷ്ടിക്കാനായില്ല.

ജനുവരി മുതലിങ്ങോട്ട് നോക്കിയാല്‍ 46 തമിഴ് സിനിമകളാണ് റിലീസ് ചെയ്തത്. വലിയ വിജയങ്ങളായത് രണ്ട് ചിത്രങ്ങള്‍ മാത്രം. 2023ലും മുന്‍വര്‍ഷങ്ങളിലും മലയാള സിനിമ അഭിമുഖീകരിച്ച അതേ പ്രതിസന്ധിയാണ് തമിഴും 2024ലിന്‍റെ തുടക്കത്തില്‍ നേരിടുന്നത്.

എന്നാല്‍ കേവലം രണ്ട് മാസം കൊണ്ട്  2024ലെ തമിഴ് സിനിമയെ അളക്കാനാവില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. പോരാത്തതിന് വന്‍ താരങ്ങളുടെ ചിത്രങ്ങളൊന്നും ഈ മാസങ്ങളില്‍ വന്നതുമില്ല. സിനിമാ പ്രേമികള്‍ക്ക് പ്രതീക്ഷയുള്ള നിരവധി ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത് വിജയ്​യുടെ ഗ്രേറ്റസ്​റ്റ് ഓഫ് ഓള്‍ ടൈം, സൂര്യയുടെ കങ്കുവ, കമല്‍ ഹാസന്‍റെ ഇന്ത്യന്‍ 2, തഗ്​ലൈഫ്, വെട്രിമാരന്‍റെ വിടുതലൈ 2, രജിനികാന്തിന്‍റെ വേട്ടയന്‍, അജിത്തിന്‍റെ വിടാമുയര്‍ച്ചി, ശിവകാര്‍ത്തികേയന്‍റെ അമരന്‍, വിക്രത്തിന്‍റെ തങ്കലാന്‍... എന്നിങ്ങനെ നീളുന്ന പട്ടിക പ്രതീക്ഷ ഉയര്‍ത്തുന്നതാണ്.

കമേഴ്സ്യല്‍ സിനിമകള്‍ക്കൊപ്പം ആര്‍ട്ട് സിനിമകളും പരീക്ഷണ ചിത്രങ്ങളും പൊളിറ്റിക്കല്‍ സിനിമകളും ഒരുപോലെ പ്രൊഡ്യൂസ് ചെയ്യുകയും വിജയിപ്പിക്കുകയും ചെയ്യുന്ന, ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ക്രിയേറ്റീവായ ഇന്‍ഡസ്ട്രികളില്‍ ഒന്നാണ് തമിഴ്. ഇപ്പോഴത്തെ വിമര്‍ശനങ്ങള്‍ക്കിടെ അക്കാര്യവും മറന്നുകൂടാ. നവതരംഗ സിനികളുടെ വരവില്‍ മലയാളത്തിന് വരെ മുന്നേ നടന്ന് വഴികാട്ടിയ സമീപകാല പാരമ്പര്യവുമുണ്ട് തമിഴകത്തിന്. അതുകൊണ്ടൊക്കെ ഈ സിനിമാക്കാലവും ഓടിത്തീരും. തമിഴ് സിനിമ അതിന്‍റെ വിജയ പാത കണ്ടെത്തുക തന്നെ ചെയ്യും, തീര്‍ച്ച.