actress-kanaka

ഗോഡ്ഫാദര്‍ സിനിമ കണ്ടവരാരും മാലുവിനെ മറക്കാനിടയില്ല. ചുരുക്കം ചിത്രങ്ങളേ ചെയ്തിട്ടുളളൂവെങ്കിലും മലയാളികള്‍ക്ക് നടി കനക എന്നും രാമഭദ്രന്‍റെ മാലുവാണ്. വര്‍ഷങ്ങളായി സിനിമയുടെ വെളിച്ചത്തില്‍ നിന്നകന്നു കഴിഞ്ഞ കനകയെ, പ്രേക്ഷകര്‍ വീണ്ടും കണ്ടത് ഭര്‍ത്താവിനെ കാണാനില്ലെന്ന വിവരം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ തുറന്നുപറഞ്ഞപ്പോഴാണ്. പിന്നീടങ്ങോട്ട് കനക ഇടയ്ക്കിടെ വാര്‍ത്തളില്‍ നിറഞ്ഞു. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയുടെ ഭാഗ്യനക്ഷത്രമായിരുന്ന നടിയുടെ രൂപമാറ്റം കണ്ട് പ്രേക്ഷകര്‍ ഒന്നടങ്കം ഞെട്ടി. അവസാനം താരം മരിച്ചുവെന്ന തരത്തില്‍ വ്യാജ വാര്‍ത്തകളും പ്രചരിച്ചു. അന്ന് നടി തന്നെ നേരിട്ട് പ്രത്യക്ഷപ്പെട്ട് അത്തരം അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു. നായികമാരുടെ ആഡംബരജീവിതവും പീന്നീടുളള പതനവുമെല്ലാം പുതിയ വാര്‍ത്തയല്ല. അപ്പോഴും ദൂരൂഹതകളാല്‍ ചുറ്റപ്പെട്ട കനകയുടെ ജീവിതം കണ്ട് പ്രേക്ഷകരും തെന്നിന്ത്യന്‍ സിനിമാലോകവും ചോദിക്കുന്നു, കനകയ്ക്ക് ഇതെന്തുപറ്റി?

 

1960- 70 കളില്‍ തമിഴ് സിനിമാലോകത്തെ മുന്‍നിരനായികമാരില്‍ ഒരാളായിരുന്നു കനകയുടെ അമ്മ ദേവിക. എംജി ആര്‍, ശിവാജി ഗണേശന്‍ , ജമിനിഗണേഷന്‍ തുടങ്ങിയ പ്രമുഖ നടന്മാരോടെപ്പം തിരശ്ശീല വാണ നടി. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങി ഒട്ടേറെ ഭാഷകളില്‍ താരമായിരുന്ന ദേവികയുടെ ഒരേയൊരു മകളാണ് കനക മഹാലക്ഷ്മി എന്ന കനക.

kanaka-mother

അമ്മ തമിഴ് സിനിമാലോകത്തെ മുന്‍നിര നടിയായതുകൊണ്ടുതന്നെ കനകയ്ക്ക് സിനിമാപ്രവേശനം വളരെ എളുപ്പമായിരുന്നു. '89 ൽ പുറത്തിറങ്ങിയ ‘കരകാട്ടക്കാരൻ‘ ആയിരുന്നു ആദ്യ ചിത്രം. ചിത്രം സൂപ്പര്‍ഹിറ്റായെന്നു മാത്രമല്ല കനകയെത്തേടി അവസരങ്ങള്‍ ഒഴുകിയെത്തി. തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിച്ച കനകയെ മലയാളത്തിന് പരിചയപ്പെടുത്തിയത് സിദ്ധിക്–ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന 'ഗോഡ്​ഫാ​ദര്‍' എന്ന ചിത്രത്തിലൂടെയാണ്. ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ആയെന്നുമാത്രമല്ല മലയാളികള്‍ കനകയെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. ആ വേഷം ഒരു മലയാളിയെന്നു തന്നെ തോന്നിക്കും വിധം അനായാസമായി കനക മനോഹരമാക്കി.

kanaka-movie

പിന്നീട് മോഹന്‍ലാലിനൊപ്പം വിയറ്റ്നാം കോളനിയില്‍ കനക വീണ്ടും ഹൃദയങ്ങള്‍ കീഴടക്കി. നരസിംഹത്തിലെ സഹോദരീവേഷത്തിനും കയ്യടി കിട്ടി. മമ്മൂട്ടിയോടൊപ്പം ഗോളാന്തരവാര്‍ത്തയിലും തമിഴ് ചിത്രം കിളിപ്പേച്ച് കേള്‍ക്കവായിലും തിളങ്ങി. അങ്ങനെ മുന്‍നിര നടന്‍മാര്‍ക്കൊപ്പം തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ഒരുപിടി ചിത്രങ്ങള്‍. ആയിടയ്ക്കാണ് അമ്മയുടെ അപ്രതീക്ഷിത മരണം കനകയെ തളര്‍ത്തിക്കള‍ഞ്ഞത്. കനക ചെറുയായിരിക്കുമ്പോള്‍ തന്നെ ദേവിക ഭര്‍ത്താവ് ദേവദാസുമായി പിരിഞ്ഞതിനാല്‍ കനകയ്​ക്ക് അമ്മയായിരുന്നു എല്ലാം. അമ്മ അല്ലാതെ മറ്റൊരു ലോകമില്ലായിരുന്നു കനകയ്ക്ക് എന്നുവേണം പറയാന്‍. അമ്മയുടെ വേര്‍പാട് കനകയെ ഏകാന്തതയിലേക്ക് തളളിവിട്ടു. സിനിമലോകത്തോട് തന്നെ കനക വിട പറഞ്ഞു. പിന്നീട് ആരും തുണയില്ലാതെ തനിച്ചുളള ജീവിതം.

kanaka-thilakan

വര്‍ഷങ്ങള്‍ക്കിപ്പുറം കനക വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അന്ന് കനകയെക്കണ്ട് പ്രേക്ഷകര്‍ ഒന്നടങ്കം ഞെട്ടി. പ്രായത്തിൽ കവിഞ്ഞ വാർധക്യം പേറിയ രൂപത്തില്‍ നിസ്സഹയായി നില്‍ക്കുന്ന കനക. തന്‍റെ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായാണ് അന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. കനക വിവാഹിതയായിരുന്നു എന്ന കാര്യം അതുവരെ ആര്‍ക്കും അറിയില്ലായിരുന്നു. കാലിഫോർണിയയിൽ എൻജിനിയറായിരുന്ന മുത്തുകുമാറെന്ന വ്യക്തിയെ 2007 ലാണ് താന്‍ വിവാഹം ചെയ്തതെന്നും 15 ദിവസം മാത്രമേ ആ ബന്ധത്തിന് ആയുസ്സുണ്ടായിരുന്നുളളൂവെന്നും പിന്നീട് അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും കനക പറഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ കനകയുടെ അച്ഛന്‍റെ പ്രതികരണം മറ്റൊന്നായിരുന്നു. മകളുടെ കല്യാണം ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും മകള്‍ക്ക് മനോവിഭ്രാന്തിയാണെന്നും അദ്ദേഹം തുന്നടിച്ചു. ഭര്‍ത്താവിനായുളള കനകയുടെ തിരച്ചില്‍ എങ്ങുമെത്താതെ നിന്നു.

kanaka-tamil

അന്ധവിശ്വാസങ്ങള്‍ അരങ്ങുവാഴുന്ന ഇടമാണ് സിനിമാലോകം. അത്തരം ഒരു കെണിയില്‍ അകപ്പെട്ടതിനിടെയാണ് കനക മുത്തുകുമാറിനെ പരിചയപ്പെടുന്നതും. മരിച്ചുപോയ അമ്മയുടെ ആത്മാവുമായി സംസാരിക്കാമെന്ന് പറഞ്ഞ് അമുദ എന്ന സ്ത്രീ കനകയെ പറ്റിച്ചു എന്നതാണ് പുറത്തുവന്ന വാര്‍ത്ത. അമുദയുടെ തന്ത്രങ്ങളില്‍ അകപ്പെട്ടുപോയ കനക അമ്മ തന്നോട് പലതും പറയുന്നതായി വിശ്വസിച്ചു. അമുദ വാക്കുകള്‍ അക്ഷരംപ്രതി അനുസരിച്ചു. അമുദ വഴിയാണ് മുത്തുകുമാറുമായി കനക അടുക്കുന്നത്. അമുദയെ വിശ്വസിച്ച കനകയ്ക്ക് വലിയ രീതിയിലുളള സാമ്പത്തിക നഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

kanaka-jayaram

പിന്നീട് കനകയെ ആരും കണ്ടില്ല. ചെന്നൈയിലെ രാജാ അണ്ണാമലൈപുരത്തിലുള്ള വീട്ടിനുളളില്‍ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുകയായിരുന്നു കനക. ഒരിക്കല്‍ അടഞ്ഞുകിടന്ന ആ വീടിനുളളില്‍ നിന്ന് പുക ഉയരുന്നതു കണ്ട അയല്‍വാസികള്‍ ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയും അവരെത്തിയപ്പോള്‍ ഇവിടെ കുഴപ്പമൊന്നുമില്ലെന്ന് പറ‍ഞ്ഞ് കനക അവരെ തിരിച്ചയക്കുകയും ചെയ്തുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

kanaka-new-old

പിന്നീട് കനക വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത് അച്ഛനുമായുളള സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ്. അന്ന് പതിവിലും കരുത്തോടെ ലോകം കനകയെ കണ്ടു. അമ്മ ദേവികയുടെ അളവറ്റ സ്വത്തിന്‍റെ ഒരേയൊരു അവകാശികൂടിയാണ് കനക. അച്ഛന്‍ ദേവദാസ് സ്വത്ത് അപഹരിക്കാന്‍ ശ്രമിക്കുന്നുവെന്നും മരിച്ചു പോയ അമ്മയെ കുറിച്ച് അപവാദം പറയുന്നുവെന്നും കനക പരാതിപ്പെട്ടു. അതിനിടയിലാണ് കനക മരിച്ചുവെന്ന വാര്‍ത്തയും വ്യാപകമായി പ്രചരിച്ചത്. അവസാനം താന്‍ മരിച്ചിട്ടില്ലെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നേരിട്ടെത്തി കനക പറഞ്ഞു.

kanaka-old-pic

അവിടെയും തീര്‍ന്നില്ല വ്യാജപ്രചരണങ്ങള്‍. കനകയ്ക്ക് കാന്‍സറാണെന്നും കഥകള്‍ പരന്നു. അന്ന് ചില അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെട്ട കനക തനിക്ക് യാതൊരു അസുഖവുമില്ലെന്നും ചികില്‍സയ്ക്കായി ആലപ്പുഴയില്‍ പോയെന്നുളള വാര്‍ത്തകള്‍ വ്യാജമാണെന്നും തുറന്നടിച്ചു. അതിനുശേഷം കനക പൊതുമണ്ഡലത്തിലേക്ക് വന്നതേയില്ല, ചെന്നൈയിലെ വീട്ടില്‍ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുന്നു എന്ന് മാത്രം എല്ലാവരുമറിഞ്ഞു. കനകയെ പുറത്തേക്ക് കണ്ടിട്ട് വര്‍ഷങ്ങളായെന്ന് പരിസരവാസികള്‍ പറയുന്നു. ഡെലിവെറി ഏജന്‍റുമാരല്ലാതെ ആരും കനകയുടെ വീട് തേടി വരാറില്ലെന്നും അവര്‍ പറയുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം, ഇപ്പോള്‍ കനകയുടെ ഏറ്റവും പുതിയ ചിത്രം കണ്ട് അല്‍പം സന്തോഷത്തിലാണ് ആരാധകര്‍. നടിയും നടികര്‍ സംഘം എക്സിക്യൂട്ടിവ് അംഗവുമായ കുട്ടി പദ്മിനി പങ്കുവച്ച കനകയുമൊത്തുളള ചിത്രമാണ് സോഷ്യല്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. കനകയെ വീട്ടില്‍ പോയി കണ്ടുവെന്നും അല്‍പം സമയം ചിലവഴിച്ചുവെന്നും കുട്ടി പദ്മിനി കുറിച്ചു. കനക തിരിച്ചറിയാനാകാത്ത വിധം മാറിപ്പോയിരിക്കുന്നു. എങ്കിലും ഇത് ജീവിതത്തിലേക്കുളള മടങ്ങിവരവാകട്ടെ എന്നാണ് ആരാധകര്‍ ആശംസിക്കുന്നത്. കാലം കനകയുടെ ജീവിതത്തിലേല്‍പ്പിച്ച മുറിവുകള്‍ മാഞ്ഞു തുടങ്ങിയെന്ന് ആരാധകര്‍ ആശ്വസിക്കുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ആ മുഖത്തുകണ്ട ചിരി അതിന്റെ സൂചനയാകട്ടെ. സിനിമയുടെ വെളിച്ചത്തിലേക്ക് ആരെയും മയക്കുന്ന ആ ചിരിയുമായി കനക വീണ്ടും നടന്നെത്തട്ടെ.

ENGLISH SUMMARY:

What happened to actress Kanaka?; her life and controversies