kalki

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കൽക്കി 2898 എഡി തിയറ്ററുകളില്‍ മാസായി മുന്നേറുകയാണ്. ഹിറ്റടിച്ച് മുന്നേറുന്ന കല്‍ക്കി ആഗോള തലത്തില്‍ ഇതിനോടകം 774 കോടി കടന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജൂലൈ 5 വെള്ളിയാഴ്ച ചിത്രം മലയാളം പതിപ്പിൽ നിന്ന് നേടിയത് 7 ലക്ഷം രൂപയാണ്. ജൂണ്‍ 5 വെള്ളിയാഴ്ച ചിത്രം 431.75 കോടി കളക്ഷൻ നേടിയതായാണ് sacnilk.com റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യയിൽ 95.3 കോടി നേടിയാണ് കല്‍ക്കിയുടെ ബോക്‌സ് ഓഫീസ് യാത്ര ആരംഭിച്ചത്. ചിത്രം ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ് റിലീസ് ചെയ്തത്. തെലുങ്ക് റിലീസ് ഇന്ത്യയിൽ ജൂണ്‍ 27 മുതല്‍ ജൂലെ 4 വരെ 212.25 കോടി നേടി. അതേസമയം ഹിന്ദി പതിപ്പ് 162.5 കോടി നേടി. 199.45 കോടി നേടിയ ഫൈറ്ററിന് പിന്നിൽ ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഹിന്ദി ചിത്രമായി ഇതോടെ കല്‍ക്കി മാറി. 149.49 കോടി കളക്ഷന്‍ നേടിയ അജയ് ദേവ്ഗണിന്റെ ഷൈത്താനെ കൽക്കി 2898 എഡി ഇതിനോടകം മറികടന്നു.

kalki-4

2024-ൽ ബോക്‌സ് ഓഫീസിൽ ഹിന്ദി സിനിമകൾക്ക് വെല്ലുവിളി നിറഞ്ഞ ഒരു വർഷമായിരുന്നു. അതിനാല്‍ തന്നെ കല്‍ക്കി തിയേറ്ററിൽ ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമായി മാറിയേക്കാം. ആഗോളതലത്തിൽ, 2024-ലെ ഏറ്റവും വിജയകരമായ ഇന്ത്യൻ സിനിമയാണ് കല്‍ക്കി. റിലീസ് ചെയ്ത് ആറ് ദിവസം കൊണ്ട് വൈജയന്തി മൂവീസ് 610 കോടി രൂപയുടെ ആഗോള വരുമാനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദംഗൽ (2070 കോടി), ബാഹുബലി 2 (1788 കോടി), ആർആർആർ (1230 കോടി), കെജിഎഫ് ചാപ്റ്റർ 2 (1215 കോടി രൂപ) തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം കൽക്കി 2898 എഡിയും 1000 കോടി ക്ലബ്ബിൽ ഇടംപിടിക്കുമോയെന്ന് കണ്ടറിയണം.

അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ശോഭന, ദീപിക പദുക്കോൺ, അന്ന ബെൻ, ദിഷാ പഠാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജൂൺ 27ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് ദുല്‍ഖറിന്റെ വേഫറർ ഫിലിംസാണ്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി.അശ്വിനി ദത്താണ് ഈ നാഗ് അശ്വിന്‍ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചത്.

kalki-2

മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയില്‍ ഭൈരവ എന്ന കഥാപാത്രമായാണ് പ്രഭാസ് എത്തുന്നത്. നായിക കഥാപാത്രമായ 'സുമതി'യെ അവതരിപ്പിക്കുന്നത് ദീപിക പദുക്കോണാണ്. കേരളത്തിൽ 320 സ്ക്രീനുകളിലായാണ് കല്‍ക്കിയുടെ പ്രദർശനം തുടരുന്നത്. ഇതില്‍ 190 സ്ക്രീനുകളും ത്രീഡിയാണ്.