നടിക്കെതിരായ ലൈംഗികാതിക്രമ കേസിൽ ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂരിനെ സ്വീകരിക്കാനെത്തി ഓള് കേരള മെന്‍സ് അസോസിയേഷന്. മഹാത്മാഗാന്ധി വരെ ജയിലില്‍ കിടന്നിട്ടുണ്ടെന്നും ബോബി തെറ്റ് ചെയ്തിട്ടില്ലെന്നുമാണ് അംഗങ്ങളുടെ വാദം. ജാമ്യം ആഘോഷമാക്കാനെത്തിയ പ്രവര്‍ത്തകര്‍ പടക്കവുമായാണ് എത്തിയത്. കള്ളക്കേസില്‍ പുരുഷന്മാരെ കുടുക്കുന്ന സ്ത്രീകള്‍ക്കെതിരെയുള്ള പ്രതിഷേധമാണ് ആഘോഷം എന്നാണ് ഇവരുടെ നിലപാട്. എന്നാല്‍ ജയിലിന് മുന്നില്‍ പടക്കം പൊട്ടിക്കാന്‍ പൊലീസ് അനുവദിച്ചില്ല.
പ്രതിയെന്ന് പറയാന്‍ അദ്ദേഹം കൊലപാതകമോ ബലാത്സംഗമോ ചെയ്തിട്ടില്ല. അദ്ദേഹം തെറ്റ് ചെയ്തിട്ടില്ല, ഞങ്ങളും അദ്ദേഹവും അത് തന്നെയാണ് പറയുന്നത്. കോടീശ്വരനാണെങ്കിലും സാധാരണക്കാരില്‍ ഒരാളാണ്. മറ്റുള്ളവരുടെ നീതിക്ക് വേണ്ടി ജയിലില്‍ പ്രതിഷേധിക്കുകയാണ് ചെയ്യത്. ആ ജയിലിലെ ആളുകള്‍ക്ക് പോലും നീതി കിട്ടിയിട്ടില്ലെന്നും മെന്‍സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്‍കാവ് അജിത്കുമാര്‍ പറഞ്ഞു. മഹാത്മാഗാന്ധി പോലും ജയിലില്‍ കിടന്നിട്ടുണ്ടെന്നാണ് മെന്‍സ് അസോസിയേഷന് അംഗങ്ങളുടെ വാദം.
കള്ളക്കേസില്‍ പുരുഷന്മാരെ കുടുക്കുന്ന സ്ത്രീകള്‍ക്കെതിരെയുള്ള പ്രതിഷേധമാണെന്നും എം.എം.മണിയെ പോലുള്ള രാഷ്ട്രീയ നേതാക്കള്‍ ഇതിലും വലിയ ആക്ഷേപം നടത്തിയിട്ടുണ്ടെന്നും അംഗങ്ങള്‍ പറഞ്ഞു. വെറും ഒരു കുന്തി ദേവി വിളിച്ചതിനല്ലെ അദ്ദേഹത്തെ ജയിലില്‍ കിടത്തിയത്. 4 മാസം ഹണി റോസ് എവിടെയായിരുന്നു. ജനാധിപത്യവിരുദ്ധമാണ് ബോബിയുടെ അറസ്റ്റ്. കേരളം മുഴുവന്‍ ബോചെയെ പിന്തുണച്ചു. ഹണി റോസിനെതിരെയാണ് കമന്റുകളെന്നുമാണ് മെന്‍സ് അസോസിയേഷന് സെക്രട്ടറി പറയുന്നത്.
ബോബിക്ക് ജാമ്യം ലഭിച്ചത് അറിഞ്ഞ് എത്തിയ മെന്‍സ് അസോസിയേഷന് അംഗങ്ങള്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പൊലീസ് അത് തടഞ്ഞിരുന്നു. പൊലീസ് അറസ്റ്റ് ചെയ്താലും പടക്കം പൊട്ടിക്കുമെന്നായിരുന്നു ഇവരുടെ നിലപാട് എങ്കിലും പിന്നിട് മയപ്പെട്ടു. ശേഷം ബോബി ചെമ്മണ്ണൂരിന്റെ വീട്ടില്‍ എത്തി പടക്കം പൊട്ടിക്കുമെന്ന് അസോസിയേഷന് അംഗങ്ങള്‍ അറിയിച്ചു