മഹാനടി, സീതാരാമം, കൽക്കി എന്നീ സൂപ്പർഹിറ്റുകള്‍ക്കു ശേഷം തെലുങ്കിൽ തുടർച്ചയായ വിജയവുമായി ദുൽഖർ സൽമാൻ. താരം നായകനായെത്തിയ ലക്കി ഭാസ്കര്‍ ബോക്സോഫീസില്‍ 60 കോടി ക്ലബ്ബിൽ ഇടം പിടിച്ചു. ഒക്ടോബർ 31ന് ദീപാവലി റിലീസായി കേരളത്തിലടക്കം എത്തിയ സിനിമയുടെ 5 ദിവസത്തെ ആഗോള കലക്ഷൻ 61 കോടി 4 ലക്ഷമാണ്. കേരളത്തിലും സിനിമയ്ക്കു മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഇതുവരെ 2 കോടി 60 ലക്ഷമാണ് കേരളത്തിൽ നിന്നും വാരിയത്. കേരളത്തിൽ ആദ്യ ദിനം 175 സ്ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിനം 200 ലധികം സ്ക്രീനുകളിലേക്കും, നാലാം ദിനമായപ്പോൾ 240 സ്ക്രീനുകളിലേക്കും വർധിച്ചിരുന്നു.
ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം, 1992 ൽ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ ഭാസ്കർ എന്ന ഒരു സാധാരണ ബാങ്ക് ക്ലർക്കിന്റെ കഥയാണ് പറയുന്നത്.