ലോകശ്രദ്ധ നേടുന്ന വ്യവസായമായി മാറിക്കഴിഞ്ഞു ഇന്ത്യന്‍ ചലച്ചിത്രരംഗം. ബിഗ് ബജറ്റില്‍ സിനിമകള്‍ നിര്‍മിച്ച് അതിലൂടെ കലയും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് ലോകത്തിന്റെ ശ്രദ്ധയിലെത്തിച്ച് പുതിയ ചരിത്രങ്ങള്‍ സൃഷ്ടിക്കുകയാണ് ഇന്ത്യന്‍ നിര്‍മാതാക്കള്‍. സിനിമാമേഖല ആകാംക്ഷയോടെ കാത്തിരുന്ന അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 ദി റൂള്‍ തിയറ്ററിലെത്തിയ സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ചയാവുകയാണ് ഇന്ത്യന്‍ സിനിമാ ബജറ്റും ബോക്സ്ഓഫീസ് കളക്ഷനും.
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ കണക്കുകൂട്ടാനാവാത്ത തരത്തിലുള്ള വൻ ബോക്‌സ് ഓഫീസ് കളക്ഷനുകൾ നേടിയ നിരവധി ചിത്രങ്ങളുണ്ട്. ബാഹുബലി സീരീസ് ഇന്ത്യയിൽ മാത്രം നൂറുകോടികളിലധികം വാരിക്കൂട്ടി അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടി. ഈ എപിക് പ്രോജക്റ്റ് ഫാൻ്റസി, ഡ്രാമ, ആക്ഷൻ എന്നീ ഘടകങ്ങളെ ചേർത്തുവച്ചതിലൂടെ പുത്തന്‍ചരിത്രം സൃഷ്ടിച്ചു.
ആദിപുരുഷ്, ആര്‍ആര്‍ആര്‍, ബാഹുബലി, എന്നിവയാണ് ബിഗ്ബജറ്റില്‍ ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട ചിത്രങ്ങളില്‍ മുന്‍പന്തിയിലുള്ളത്. പ്രേക്ഷകപ്രീതിക്കൊപ്പം സാമ്പത്തികമായും സാംസ്കാരികമായും ലോകസിനിമാ മേഖലയില്‍ ഇന്ത്യന്‍ സിനിമയ്ക്ക് മാനം കൂട്ടിയ ചിത്രങ്ങളായിരുന്നു ഇതെല്ലാം. 2015ല്‍ പുറത്തിറങ്ങിയ ബാഹുബലി ദി ബിഗിനിങ്ങും, 2017ല്‍ എത്തിയ ബാഹുബലി ദ കണ്‍ക്ലൂഷനും വലിയ ബജറ്റില്‍ നിര്‍മിക്കപ്പെട്ട ചിത്രങ്ങളാണ്. 250 കോടിയോളം ബജറ്റിൽ നിർമ്മിക്കപ്പെട്ട് ആഗോളതലത്തിൽ 1810.60 കോടി വരുമാനം നേടിയ ചിത്രമാണ് ബാഹുബലി ദ കണ്‍ക്ലൂഷന്‍. രാജമൗലി എന്ന സംവിധായകന്റ കൃത്യതയും വൈഭവവും തെളിവാര്‍ന്ന സിനിമയായിരുന്നു ഇവ രണ്ടും.
ഇന്ത്യന്‍ സിനിമയുടെ ബജറ്റുകള്‍ ഉയര്‍ത്തിയ മറ്റൊരു സിനിമയാണ് ആര്‍ആര്‍ആര്‍. 550കോടി രൂപയുടെ ബജറ്റില്‍ നിര്‍മിക്കപ്പെട്ട് ലോകമെങ്ങും 1200കോടിയിലധികം കളക്ഷന്‍ നേടിയെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. സാങ്കേതികവിദ്യ, വിഎഫ്എക്സ്, ആക്ഷൻ സീനുകൾ എന്നിവയിൽ അപൂർവത കൈവരിച്ച ആര്‍ആര്‍ആര്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ട് ഒസ്കാര്‍ പുരസ്കാരം നേടി ഇന്ത്യന്‍ സിനിമയുടെ പ്രൗഢി ഇരട്ടിപ്പിച്ചു.
600കോടി ബജറ്റില്‍ 2023ല്‍ നിര്‍മിക്കപ്പെട്ട ചിത്രമായിരുന്നു ആദിപുരുഷ്. പക്ഷേ സിനിമയിലെ ഗ്രാഫിക്കല്‍ രൂപകല്‍പന പലപ്പോഴും ചര്‍ച്ചയ്ക്ക് വഴിവച്ചു. സമ്മിശ്രപ്രതികരണമായിരുന്നു ചിത്രത്തിനു ലഭിച്ചത്. എങ്കിലും ലോകസിനിമാ വ്യവസായത്തിനു മുന്‍പില്‍ മത്സരിക്കാനുളള കഴിവ് ഇന്ത്യന്‍ സിനിമകള്‍ക്ക് ലഭിച്ചു എന്നതാണ് വാസ്തവം. അതുപോലെ പഠാന്‍ ഷാരൂഖ് ഖാനെ തിരികെ ബോക്സ് ഓഫീസ് രാജാവാക്കി മാറ്റിയ ചിത്രമാണ്, ലോകവ്യാപകമായി 1000 കോടിയോളം കളക്ഷൻ പഠാന്‍ നേടി.
ദക്ഷിണേന്ത്യൻ സിനിമാ ലോകത്തെ ഗംഭീര നേട്ടങ്ങളായിരുന്നു കാന്താര, പുഷ്പ, ആര്‍ആര്‍ആര്‍ എന്നിവ . എക്കാലത്തെയും ഉയർന്ന കളക്ഷൻ നേടിയ ചിത്രമായി RRR 1200 കോടിയിലധികം വരുമാനവും ഓസ്കർ പുരസ്കാരവും നേടി. മലയാള സിനിമയിൽ പ്രിത്വിരാജ് മോഹന്‍ലാല്‍ ചിത്രം ലൂസിഫർ 200 കോടിയിലധികം കളക്ഷൻ നേടി ചരിത്രമുറപ്പിച്ചു. പ്രാദേശിക ഭാഷകളിൽ നിന്നെത്തിയ പാൻ-ഇന്ത്യൻ ചലച്ചിത്രങ്ങൾ ആഗോള സിനിമാ പ്രേക്ഷകര്‍ക്കും ജനപ്രിയമായി മാറിക്കഴിഞ്ഞിരിക്കുന്നു.
170മുതല്‍ 250കോടിവരെ ബജറ്റില്‍ നിര്‍മിച്ച ചിത്രമായിരുന്നു പുഷ്പ ദി റൈസ് പാര്‍ട്ട് വണ്‍. ബോക്സ് ഓഫീസ് കളക്ഷന്‍ ഏകദേശം 380കോടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പുഷ്പയുടെ ആദ്യഭാഗം തിയറ്ററുകളിൽ വമ്പിച്ച വിജയമാണ് നേടിയത്. 400 മുതല്‍ 500കോടി വരെ ബജറ്റിലെത്തിയ പുഷ്പ 2 ആയിരം കോടി കളക്ഷന്‍ നേടുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.