രാജ്യാന്തര ചലച്ചിത്രവേദിയില്‍ അന്താരാഷ്ട്ര വിഭാഗത്തിൽ മത്സരിക്കുന്ന മലയാള ചിത്രമാണ് നവാഗതനായ ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത 'ഫെമിനിച്ചി ഫാത്തിമ'. പൂർണമായും പൊന്നാനിയിലായിരുന്നു സിനിമയുടെ ചിത്രീകരണം. പേരുൾക്കൊള്ളുന്ന രാഷ്ട്രീയത്തിനൊപ്പം പുതിയ ചർച്ചകൾക്ക് വഴിവയ്ക്കുന്ന ചിത്രത്തിലെ നായികയ്ക്ക് കയ്യടിക്കുകയാണ് പ്രേക്ഷകര്‍.
'ഹായ് എന്റെ പേര് ഷംല ഹംസ, ഞാനാണ് ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ ലീഡ് റോൾ ചെയ്തിട്ട്ള്ളത്...' എന്ന് ഷംല പറഞ്ഞപ്പോള്‍ തിയറ്ററില്‍ അഭിനന്ദന പ്രവാഹമായിരുന്നു. കൈക്കുഞ്ഞുമായി സംഘാംഗങ്ങൾക്കിടയിൽ നിന്ന് ഷംല ഹംസ എന്ന അഭിനേത്രി മുന്‍പോട്ടു വന്ന് പ്രേക്ഷകരെ അഭിവാദ്യം ചെയ്തതോടെ നിലക്കാത്ത കയ്യടികളായിരുന്നു. അത്രയ്ക്കും ശക്തമായൊരു കഥാപാത്രത്തെ അതിന്റെ ഭംഗിയും ശക്തിയുമൊട്ടും ചോരാതെയാണ് ഷംല ഹംസ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്.
കുട്ടി ജനിച്ച് ആറ് മാസം പ്രായമുള്ളപ്പോഴാണ് ഷംല ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. തൃത്താല പട്ടാമ്പി സ്വദേശിയാണ്. നേരത്തെ ആയിരത്തൊന്ന് നുണകൾ എന്ന ചിത്രത്തിലും ഷംല വേഷമിട്ടിട്ടുണ്ട്. യാഥാസ്ഥിതിക ഭർത്താവും കുടുംബത്തിനുമിടയിലെ ഫാത്തിമ എന്ന സ്ത്രീയുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണ് ചിത്രം.