പുഷ്പ 2 വിനെക്കുറിച്ച് സമ്മിശ്രപ്രതികരണം തുടരുന്നതിനിടെ ബോക്‌സ്ഓഫീസില്‍ വൈല്‍ഡ് ഫയറായി കളക്ഷന്‍. ചിത്രം തിയറ്ററില്‍ മൂന്നുദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ ആഗോളതലത്തില്‍ 500കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ്. ഏറ്റവും വേഗതയില്‍ അഞ്ഞൂറ് കോടി ക്ലബില്‍ ഇടം നേടുന്ന ചിത്രമായി മാറിയിരിക്കുകയാണെന്ന് നിര്‍മാതാക്കള്‍ തന്നെ സ്ഥിരീകരിച്ചു. പ്രഖ്യാപനത്തിന്റ വിഡിയോ എക്സില്‍ പങ്കുവച്ചു.
ആദ്യഭാഗത്തിന്റെ ലൈഫ് ടൈം കളക്ഷനെയും മറികടന്നുള്ള കുതിപ്പാണ് പുഷ്പ 2 വിന്റേത് എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യന്‍ സിനിമയിലെ തന്നെ പല സിനിമാ റെക്കോര്‍ഡുകളും പഴങ്കഥയായിരിക്കുകയാണ്. പുഷ്പ 2 ദ റൂള്‍ പുഷ്പ ദ റൈസിന്‍റെ ലൈഫ് ടൈം ബിസിനസിനെ മറികടന്നു കഴിഞ്ഞു. ശനിയാഴ്ച രാത്രി ഹൈദരാബാദില്‍ നടന്ന സക്സസ് മീറ്റിൽ ആണ് നിർമ്മാതാക്കൾ ഈ വാർത്ത സ്ഥിരീകരിച്ചത്.
115 കോടി രൂപയാണ് പുഷ്പ 2 ന്‍റെ ശനിയാഴ്ചത്തെ ബോക്‌സ് ഓഫീസ് കളക്ഷൻ കണക്കാക്കിയിരിക്കുന്നത്.ഹിന്ദി പതിപ്പിൽ നിന്ന് 73.5 രൂപയും തെലുങ്ക് പതിപ്പിൽ നിന്ന് 31.5 കോടി രൂപയും തമിഴിൽ നിന്ന് 7.5 കോടി രൂപയും മലയാളത്തില്‍ നിന്നും 1.7 കോടി രൂപയുമാണ് ചിത്രം നേടിയത്. രണ്ടാം ദിനമായ വെള്ളിയാഴ്ച 93.8 കോടി രൂപയാണ് പുഷ്പ 2 നേടിയിരുന്നത്.
ഉത്തരേന്ത്യയില്‍ നിന്നാണ് കൂടുതല്‍ കളക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് അവധിദിനമായതിനാല്‍ കളക്ഷന്‍ ഇരട്ടിയാവാനാണ് സാധ്യത. അല്ലു അർജുന്‍ രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയിരിക്കുന്നത്.