ഇന്ത്യന്‍ സിനിമാ മേഖലയെ വിസ്മയിപ്പിച്ച സിനിമയാണ് ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര. 395 കോടിയുടെ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രം 2023ലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. പുരസ്കാരങ്ങള്‍ വാങ്ങിക്കൂട്ടിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ‘കാന്താര ദ് ലെജന്‍ഡ്, ചാപ്റ്റര്‍ 1’ നായി പ്രേക്ഷകര്‍ കാത്തിരിക്കെയാണ് സിനിമയുടെ ചിത്രീകരണത്തിനെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്. 

കര്‍ണാടകയിലെ ഗവിഗുഡ്ഡ വനമേഖലയിലാണ് കാന്താര ചാപ്റ്റര്‍ 1- ന്‍റെ  ചിത്രീകരണം നടക്കുന്നത്. ഇവിടുത്തെ കാട് സിനിമാപ്രവര്‍ത്തകര്‍ നശിപ്പിക്കുന്നുവെന്ന ആരോപണവുമായി പ്രദേശവാസികളാണ് രംഗത്തെത്തിയിരിക്കുകയാണ്. കാട്ടാനശല്യമടക്കമുള്ള പ്രശ്‌നങ്ങള്‍ നേരിടുന്ന പ്രദേശത്ത് നടക്കുന്ന സിനിമയുടെ ചിത്രീകരണം പക്ഷിമൃഗാദികളെ ദോഷകരമായി ബാധിച്ചിരിക്കുകയാണെന്നുമാണ് ജില്ലാ പഞ്ചായത്ത് മെമ്പറായ സന്ന സ്വാമി ആരോപിക്കുന്നത്. ഇതേ തുടര്‍ന്നുണ്ടായ വാക്കേറ്റം സിനിമയുടെ അണിയറപ്രവര്‍ത്തകരും നാട്ടുകാരുമായുള്ള സംഘര്‍ഷത്തിനും കാരണമായി. ചിത്രത്തിന്‍റെ നിര്‍മാതാക്കളോ റിഷഭ് ഷെട്ടിയോ ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ഏഴു ഭാഷകളിലായി ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങിക്കഴിഞ്ഞു.  കാന്താരയില്‍ ഋഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്‍റെ അച്ഛന്‍ ഭൂതക്കോലം കെട്ടുന്ന കഥയായിരിക്കും കാന്താര ദ് ലെജന്‍ഡ്, ചാപ്റ്റര്‍ 1ല്‍ വരാനിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. റെക്കോര്‍ഡ് കളക്ഷനിലൂടെയും ഋഷഭിന്‍റെ അസാമാന്യ പ്രകടനത്തിലൂടെയും പ്രേക്ഷകമനസിലിടം നേടിയ ചിത്രമായിരുന്നു കാന്താര. ചിത്രത്തിലെ അഭിനയത്തിന് ഋഷഭിനു മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. 

ENGLISH SUMMARY:

A controversy has arisen as a complaint has been lodged against the filming of Kantara Chapter 1