മലയാളത്തിനു പിന്നാലെ ഹിന്ദിയിലും ബോക്സ്ഓഫിസ് പിടിച്ചു കുലുക്കി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’. സിനിമയ്ക്കു ലഭിച്ച അതിഗംഭീര പ്രതികരണങ്ങൾക്കു പിന്നാലെ ഹിന്ദിയിൽ 34 സ്ക്രീനുകളില്‍ നിന്നും 350 സ്ക്രീനുകളിലേക്ക് ചിത്രം മാറി. അതേസമയം, ബോളിവുഡിലെ മലയാള ചിത്രങ്ങളുടെ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്റെ മാർക്കോ. പൃഥ്വിരാജ് നായകനായ ‘ആടുജീവിതം’ സിനിമയ്ക്കായിരുന്നു ബോളിവുഡിൽ ഇത്രയും കാലം ഒരു മലയാള സിനിമയുടെ ഹിന്ദി പതിപ്പിനുള്ള ഏറ്റവും ഉയർന്ന കളക്ഷൻ റെക്കോർഡുകൾ ഉണ്ടായിരുന്നത്. ഈ റെക്കോർഡിനെ തകർത്തെറിഞ്ഞു കഴിഞ്ഞു മാർക്കോ.
ബോളിവുഡ് ഹംഗാമ പങ്കുവച്ച പുതിയ അപ്ഡേറ്റ് പ്രകാരം ബോളിവുഡിലെ ക്രിസ്മസ് റിലീസ് വരുണ്‍ ധവാന്‍റെ ബേബി ജോണിന് പകരം പലയിടത്തും തീയറ്റര്‍ ഉടമകള്‍ മാര്‍ക്കോ ഷോ ഇട്ടുവെന്നാണ് വിവരം. തമിഴില്‍ ദളപതി വിജയ് നായകനായി എത്തിയ തെറിയുടെ റീമേക്കാണ് ബേബി ജോണ്‍ വളരെ മോശം പ്രകടനമാണ് ക്രിസ്മസ് ദിനത്തില്‍ ഇറങ്ങിയ ചിത്രം ഇതുവരെ കാഴ്ചവച്ചത്.
തമിഴില്‍ തെറി സംവിധാനം ചെയ്ത അറ്റ്ലിയാണ് ബേബി ജോണ്‍ നിര്‍മ്മാതാവ്. 180 കോടിയോളം ചിലവാക്കി എടുത്ത ചിത്രം തെന്നിന്ത്യന്‍ നടി കീര്‍ത്തി സുരേഷിന്‍റെ ആദ്യത്തെ ഹിന്ദി ചിത്രമാണ്. എന്നാല്‍ ചിത്രം ഇതുവരെ 19 കോടി രൂപയാണ് നേടിയിരിക്കുന്നത്. എന്നാല്‍ വാരാന്ത്യത്തില്‍ ചിത്രം മെച്ചപ്പെട്ട കളക്ഷന്‍ നേടുമോ എന്നാണ് ട്രാക്കര്‍മാര്‍ പരിശോധിക്കുന്നത്.
ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 50 കോടി ക്ലബിലെത്തിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിദേശത്ത് നിന്ന് മാത്രം 20 കോടി രൂപയിലേറെ നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.