റിലീസിന് മുന്നേ 50 കോടി ക്ലബ്ബില്‍ കയറി എമ്പുരാന്‍. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം 58 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസ് തന്നെയാണ് വിവരം പുറത്തുവിച്ചിരിക്കുന്നത്.
2025ലെ ഏറ്റവും വലിയ ഗ്രോസറായ രേഖാചിത്രത്തിന്‍റെ ലൈഫ് ടൈം കളക്ഷന്‍ തന്നെ മറികടന്നിരിക്കുകയാണ് എമ്പുരാന്‍. 57 കോടിയാണ് രേഖാചിത്രം നേടിയത്.
പൃഥ്വിരാജിന്‍റെ സംവിധാനമികവില്‍ 2019ൽ റിലീസ് ചെയ്ത ലൂസിഫര്‍ വമ്പന്‍ ഹിറ്റായതോടെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ രണ്ടാം ഭാഗമായ എമ്പുരാനായി കാത്തിരിക്കുന്നത്. ഓൺലൈൻ സൈറ്റുകളിൽ ഓൾ ഇന്ത്യ ബുക്കിങ് ആരംഭിച്ചതോടെ നിമിഷ നേരം കൊണ്ടുതന്നെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. പല തിയറ്ററുകളിലും ഹൗസ് ഫുള്‍ ആയി. ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോ നിലച്ചുപോയ അവസ്ഥ വരെ ഉണ്ടായി.
മുരളി ഗോപിയാണ് തിരക്കഥ. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് എത്തുന്നത്. ‘എമ്പുരാൻ’ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോർത്ത് ഇന്ത്യയില്‍ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് ആണ്.