ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ നാളെ തിയറ്ററിലെത്തും. ചിത്രത്തിന്‍റെ മുന്‍കൂര്‍ ബുക്കിങ് റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറുകയാണ് . പ്രീ സെയിൽസിൽ മറ്റൊരു മലയാളം സിനിമയ്ക്കും കൈവരിക്കാൻ കഴിയാത്ത റെക്കോർഡുകളാണ് സിനിമ നേടിക്കൊണ്ടിരിക്കുന്നത്. എന്നാൽ സിനിമയുടെ ബുക്കിംഗ് കണക്കുകൾ വ്യാജമാണെന്ന തരത്തിലുള്ള ആരോപണങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ ആരോപണങ്ങള്‍ക്ക് മറുപടി കൊടുത്തിരിക്കുകയാണ് പൃഥ്വിരാജ്.
‘ഈ അഡ്വാൻസ് ബുക്കിംഗ് ഡാറ്റ വ്യാജമല്ല. ഇതെല്ലാം ഓൺലൈനിൽ ലഭ്യമാണ്. ചുമ്മാ ഒരു വ്യാജ കണക്ക് പ്രചരിപ്പിക്കുക എന്നത് മലയാളത്തിൽ സാധ്യമല്ല. കാരണം എല്ലാ തിയറ്ററുകളുടെയും ഡിസിആർ ഓൺലൈനിൽ ലഭ്യമാണ്. ആർക്കും അത് ചെക്ക് ചെയ്യാം. മാത്രമല്ല ഈ കണക്കുകൾ ആദ്യം പുറത്തുവിട്ടത് മറ്റുള്ളവരാണ്, ഈ സിനിമയുടെ അണിയറപ്രവർത്തകരല്ല. ഈ സിനിമയ്ക്ക് അഡ്വാൻസ് ബുക്കിംഗിലൂടെ ലഭിച്ചിരിക്കുന്ന തുക എന്നത് സാധാരണ ഗതിയിൽ ഒരു മലയാളം സിനിമയുടെ ലൈഫ് ടൈം ഗ്രോസാണ്. അതൊരു അനുഗ്രഹമായാണ് ഞങ്ങൾ കാണുന്നത് ’ എന്ന് പൃഥ്വിരാജ് പറഞ്ഞു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു താരം.
അതേ സമയം നാളെ റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ വീണ്ടും ഒരു ബോക്സ് ഓഫീസ് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. മലയാളത്തിലെ ആദ്യ 50 കോടി ഓപണിംഗ് (ആദ്യ ദിന കളക്ഷന്‍) നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാന്‍. അതും റിലീസ് ദിന തലേന്നാണ് ഈ നേട്ടത്തില്‍ എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.