‘ഇന്നസെന്‍റും ഒടുവിലും മാമുക്കോയയും ലളിതച്ചേച്ചിയും നെടുമുടിയും ഒന്നുമില്ലാതെ സത്യേട്ടന്‍റെ സെറ്റ് എങ്ങനെ പൂര്‍ണമാകും?’ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ സാക്ഷാല്‍ മോഹന്‍ലാല്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടിനോട് ചോദിച്ചു. ‘അവരുടെ ആത്മാവും അനുഗ്രഹവും നമ്മോടൊപ്പമുണ്ടല്ലോ, അതുമതി...’ സത്യന്‍ മറുപടി നല്‍കി. പക്ഷേ ആ വിടവിന്‍റെ ആഴം ലാലിന് കൊടുത്ത മറുപടിക്കും അപ്പുറമായിരുന്നുവെന്ന് ഇന്നസെന്‍റിന്‍റെ രണ്ടാം ചരമവാര്‍ഷികദിനത്തില്‍ സത്യന്‍ അന്തിക്കാട് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വ്യക്തമാക്കുന്നു.
ഇന്നസെന്‍റിനൊപ്പമുള്ള ചിത്രം ചേര്‍ത്ത് പങ്കുവച്ച് കുറിപ്പ് ഇങ്ങനെ: ‘ഇന്നസെന്റ് വിട പറഞ്ഞിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു. ഇന്നലെ രാത്രി ശ്രീനിവാസനുമായി കുറേ നേരം സംസാരിച്ചിരുന്നു. കൂടുതലും ഇന്നസെന്റിനെപ്പറ്റി തന്നെ. പറഞ്ഞ് പറഞ്ഞ് ശ്രീനിയുടെ ശബ്ദം ഇടറിത്തുടങ്ങിയപ്പോൾ ഞാൻ വിഷയം മാറ്റി. ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല ഞങ്ങൾക്കിടയിൽ നിന്ന് ഇന്നസെന്റ് വിട്ടുപോയി എന്ന്.
സിനിമയുടെ എഴുത്തിനിടയിൽ തിരക്കഥ വഴി മുട്ടി നിന്നാൽ ഞാനും ശ്രീനിയും ഇരിങ്ങാലക്കുടയിലേക്ക് കാറുമെടുത്ത് പോകും. ഏതു പ്രതിസന്ധികളും തരണം ചെയ്യാനുള്ള മരുന്ന് ഇന്നസെന്റിന്റെ കയ്യിലുണ്ടാകും. അനുഭവങ്ങളുടെ കലവറയാണ് ആ മനുഷ്യൻ. സ്വന്തം ജീവിതമാണ് ഇന്നസെന്റിന്റെ പാഠപുസ്തകം. അതിൽ നിന്നൊരു പേജ് മതി കഥാപ്രതിസന്ധികൾ തരണം ചെയ്യാൻ.
‘ഉദയപുരം സുല്‍ത്താന്‍’ എന്ന സിനിമയില്‍ ഹരിശ്രീ അശോകനും ദിലീപിനുമൊപ്പം ഇന്നസെന്‍റ്
പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ മോഹൻലാൽ ചോദിച്ചു - "ഇന്നസെന്റും ഒടുവിലും മാമുക്കോയയും ലളിതച്ചേച്ചിയും നെടുമുടിയുമൊന്നുമില്ലാതെ സത്യേട്ടന്റെ സെറ്റ് എങ്ങനെ പൂർണ്ണമാകും?" അവരുടെ ആത്മാവും അനുഗ്രഹവും നമ്മളോടൊപ്പമുണ്ടല്ലോ. അതു മതി." എന്ന് ഞാൻ മറുപടി പറഞ്ഞു. അങ്ങനെ ആശ്വസിക്കാനേ ഇനി പറ്റൂ. ഇപ്പോഴും അതി രാവിലെ ഫോൺ റിംഗ് ചെയ്യുമ്പോൾ ഇന്നസെന്റ് ആകുമോ എന്ന് തോന്നിപ്പോകും. ആ തോന്നലുകൾക്കും ഇന്ന് രണ്ട് വയസ്സ്.’
മലയാളസിനിമയിലെ ചിരിയുടെ തലപ്പൊക്കം, ഇന്നസെന്‍റ് 2023 മാര്‍ച്ച് 26ന് എഴുപത്തഞ്ചാം വയസിലാണ് വിടപറഞ്ഞത്. അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തില്‍ അദ്ദേഹം അഞ്ഞൂറോളം സിനിമകളില്‍ വേഷമിട്ടു. നിര്‍മാതാവായും എഴുത്തുകാരനായും രാഷ്ട്രീയനേതാവായും ഏറ്റവുമൊടുവില്‍ പാര്‍ലമെന്‍റംഗമായും തിളങ്ങി. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്‍റായിരുന്നു.
‘റാംജിറാവ് സ്പീക്കിങ്ങി’ല്‍ സായ് കുമാറിനും മുകേഷിനുമൊപ്പം ഇന്നസെന്‍റ്
ചെറിയ ചെറിയ വേഷങ്ങളില്‍ തുടങ്ങിയ ഇന്നസെന്‍റ് എണ്‍പതുകളിലാണ് താരപദവിയിലേക്ക് കുതിച്ചുയര്‍ന്നത്. പൊന്‍മുട്ടയിടുന്ന താറാവ്, റാംജിറാവ് സ്പീക്കിങ്, വടക്കുനോക്കിയന്ത്രം, വരവേല്‍പ്പ്, പ്രാദേശികവാര്‍ത്തകള്‍, മഴവില്‍ കാവടി, കിലുക്കം തുടങ്ങിയ സൂപ്പര്‍ഹിറ്റുകളില്‍ അവിസ്മരണീയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം കാരക്ടര്‍ റോളുകളിലും വില്ലന്‍ വേഷങ്ങളിലുമെല്ലാം തിളങ്ങി. അങ്ങനെ മലയാള സിനിമയില്‍ ഒരിക്കലും മായാത്ത മുദ്രപതിപ്പിച്ചാണ് ഇന്നസെന്‍റ് കടന്നുപോയത്.
ചാലക്കുടിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എംഎം മണിയുമായി തമാശ പങ്കിടുന്ന ഇന്നസെന്‍റ്