പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ നാളെ തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ആദ്യ ഷോ രാവിലെ ആറ് മണിക്ക് നടക്കും. ഇപ്പോഴിതാ ചിത്രത്തിന് ആശംസ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് മമ്മൂട്ടി. ‘എമ്പുരാന്‍ ലോകത്തിന്‍റെ അതിരുകള്‍ താണ്ടട്ടെ, പ്രിയപ്പെട്ട ലാലിനും പൃഥ്വിക്കും ആശംസ’ എന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ പൃഥ്വിരാജ് സംവിധാനംചെയ്ത ലൂസിഫർ സിനിമയുടെ തുടർച്ചയാണ് എമ്പുരാൻ. മോഹൻലാലിന്റെ താരമൂല്യം പരമാവധി പ്രയോജനപ്പെടുത്തിയെത്തിയ ലൂസിഫർ സമാനതകളില്ലാത്ത വിജയമാണ് സ്വന്തമാക്കിയത്. ലൂസിഫറിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ കഥാപാത്രങ്ങളുടെ ഭൂതകാലവും അവരുടെ പിന്നീടുള്ള യാത്രയും വിവരിക്കുന്ന സിനിമയാകും രണ്ടാംഭാഗമായെത്തുന്ന എമ്പുരാൻ.
ലൂസിഫറിലെ കേന്ദ്രകഥാപാത്രം സ്റ്റീഫൻ നെടുമ്പള്ളിക്ക് മറ്റൊരുപേരും മറ്റൊരുലോകവുമുണ്ടെന്ന് കാണിച്ചുകൊണ്ടാണ് ഒന്നാംഭാഗം അവസാനിക്കുന്നത്. രണ്ടാംഭാഗത്തിലേക്ക് കടക്കുമ്പോൾ ആ ലോകവും അവിടത്തെ ചെയ്തികളും പ്രേക്ഷനുമുന്നിൽ കൂടുതലായി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞു. മൂന്ന് സിനിമകളായെത്തുന്ന സിനിമാസീരീസിന്റെ രണ്ടാംഭാഗമാണ് എമ്പുരാൻ