വിവാദങ്ങള്‍ക്കിടെ അഞ്ചാം ദിനം എമ്പുരാന്‍ 200 കോടി ക്ലബില്‍ കയറി. അതിവേഗം 200 കോടി നേട്ടം കൈവരിക്കുന്ന മലയാള ചിത്രമാണ് എമ്പുരാന്‍. പോസ്റ്റര്‍ പങ്കുവച്ച് സംവിധായകന്‍ പൃഥ്വിരാജും മോഹന്‍ലാലും രംഗത്തെത്തി. 24 മണിക്കൂറിനിടെ വിറ്റഴിഞ്ഞത് നാലേകാല്‍ ലക്ഷം ടിക്കറ്റുകളാണ്. ഇത് ചരിത്രനേട്ടമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
മോഹൻലാലാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ ആദ്യം അറിയിച്ചത്. വെറും 48 മണിക്കൂറിലാണ് ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചത്. ചിത്രത്തിന്റെ റീ എഡിറ്റഡ് പതിപ്പ് ഉടൻ തീയേറ്ററുകളിലെത്തും.മാര്‍ച്ച് 27 ന് രാവിലെ ആറ് മണി മുതലാണ് എമ്പുരാന്റെ പ്രദര്‍ശനം ആരംഭിച്ചത്. മുരളി ഗോപിയുടേതാണ് തിരക്കഥ.
വിവാദത്തില്‍, സംവിധായകൻ മേജർ രവിക്കെതിരെ രൂക്ഷ വിമർശനവുമായി മോഹൻലാൽ ഫാൻസ് അസോസിയേഷൻ രംഗത്തെത്തി. പൃഥ്വിരാജിനെ ആദ്യം അഭിനന്ദിച്ച മേജർ രവി ഓന്തിനെ നാണിപ്പിക്കുംവിധമാണ് പിറ്റേദിവസം നിറം മാറി വന്നതെന്ന് ഓൾ കേരളാ മോഹൻലാൽ ഫാൻസ് കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. എല്ലാ ഭാഗത്ത് നിന്നും സമ്മർദ്ദത്തിൽ നിൽക്കുന്ന അണിയറ പ്രവർത്തകർ തമ്മിൽ പ്രശ്നങ്ങൾ ആണെന്ന് തെറ്റായ ധാരണകൾ ഉണ്ടാക്കാനും ഇയാൾക്ക് കഴിഞ്ഞു. ഇയാൾ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാൻ മാത്രം വിഡ്ഢികൾ ആണ് കേരളത്തിലെ ജനങ്ങൾ എന്ന് വിശ്വസിക്കുന്നില്ല. ഇതുപോലെ ഉള്ള സ്വലാഭം ലക്ഷ്യം വച്ച് കൂടെ നിൽക്കുന്ന സുഹൃത്തുക്കളുടെ സ്വരം ലാലേട്ടന്‍റെ സ്വരമായി കണക്കാക്കാതിരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.