എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് തുടക്കം കുറിച്ചയാള്‍ മേജര്‍ രവിയായിരുന്നു. എമ്പുരാൻ സിനിമ റിലീസിന് മുന്നേ മോഹൻലാൽ കണ്ടിട്ടില്ലെന്നും തനിക്ക് ആധികാരികമായി അത് പറയാൻ കഴിയുമെന്നും. താൻ അറിയുന്ന മോഹൻലാൽ ഈ സംഭവങ്ങളിൽ ഉറപ്പായും മാപ്പ് പറയുമെന്നും മേജർ രവി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു മോഹന്‍ലാലിന്‍റെ ഖേദപ്രകടനം. എന്നാല്‍ മേജര്‍ രവിയെ തള്ളി ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തി.
സിനിമയുടെ റിലീസിന് മുന്നേ മോഹൻലാൽ എമ്പുരാൻ കണ്ടിരുന്നില്ല എന്ന മേജർ രവിയുടെ വാദത്തെയാണ് ആന്‍റണി പെരുമ്പാവൂർ തള്ളിയത്. 'മോഹൻലാൽ സാറിന് ഇതിന്‍റെ കഥ അറിയാം, എനിക്ക് അറിയാം, ഞങ്ങൾക്കെല്ലാവർക്കും അറിയാം. അത് അറിയില്ല എന്ന് ഞങ്ങൾ ആരും പറഞ്ഞിട്ടില്ല. മോഹൻലാൽ സാറിന് ഈ കഥ അറിയില്ലെന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ഞങ്ങൾ എല്ലാവരും ഈ സിനിമ മനസിലാക്കിയിട്ടുണ്ട്. അങ്ങനെ മനസിലായതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് തിരുത്തുക എന്നത് ഞങ്ങളുടെ കർത്തവ്യമാണ്,' ആന്‍റണി പെരുമ്പാവൂർ പറഞ്ഞു.
നേരത്തെ മേജര്‍ രവിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലിക സുകുമാരന്‍ രംഗത്ത് എത്തിയിരുന്നു. മേജര്‍ രവിക്ക് എന്താണ് മോഹന്‍ലാലിന്‍റെ കയ്യില്‍ നിന്നും കിട്ടാനുള്ളതെന്ന് അറിയില്ലെന്നും എന്തെങ്കിലും കാര്യം കാണുമെന്നും അവര്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. പടം കണ്ടിറങ്ങിയ ഉടനെ ' അയ്യോ ഇത് ഹിസ്റ്ററിയാകും മോനേ... ചരിത്ര നേട്ടമാണിത് എന്നൊക്കെ പറഞ്ഞ് ഞങ്ങളെയൊക്കെ കെട്ടിപ്പിടിച്ച് , എന്‍റെ പൊന്നു ചേച്ചീ, അമ്മേ എന്നൊക്കെ പറഞ്ഞ് പോയ ആള് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് ചതിച്ചെന്ന് പറയണമെങ്കില്‍ ഇത്രയുമേയുള്ളോ ഇവരുടെയൊക്കെ വാക്കിന്‍റെ വില? ഇവരൊക്കെയാണോ ദേശം നോക്കുന്ന കമാന്‍ഡേോസ്? ഇത് ദേശ സ്നേഹം കൊണ്ടല്ല, വ്യക്തി സ്നേഹം കൊണ്ടാണ് പൃഥ്വിരാജിനെ ചീത്ത വിളിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മേജർ രവിക്കെതിരെ വിമർശനവുമായി മോഹൻലാൽ ആരാധകക്കൂട്ടായ്മയും രംഗത്ത് വന്നിരുന്നു. പൃഥ്വിരാജിനെ ആദ്യം അഭിനന്ദിച്ച മേജർ രവി ഓന്തിനെ നാണിപ്പിക്കുംവിധമാണ് പിറ്റേദിവസം നിറം മാറി വന്നതെന്ന് ഓൾ കേരളാ മോഹൻലാൽ ഫാൻസ് കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ സാമൂഹിക മാധ്യമത്തിൽ കുറിച്ചു.