എമ്പുരാന്‍ സിനിമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. മതവിദ്വേഷത്തിന് വഴിമരുന്നിടുന്നെന്നും ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗമെന്ന് അവകാശപ്പെട്ട് വി.വി.വിജീഷാണ് ഹര്‍ജി നല്‍കിയത് . മതവിദ്വേഷ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയത് ഡി.ജി.പി അന്വേഷിക്കണമെന്നും ആവശ്യം.
അതേസമയം, ക്രൈസ്തവ വിഭാഗത്തെ അധിക്ഷേപിക്കുന്ന ഭാഗങ്ങളും എമ്പുരാനിൽ ഉണ്ടെന്ന് കെസിബിസി വക്താവ് ഫാദര്‍ തോമസ് തറയിൽ. സിനിമയ്ക്ക് ആവശ്യമില്ലാത്ത ഭാഗങ്ങൾ ആണ് അവയൊക്കെയെന്ന് തോമസ് തറയിൽ മനോരമ ന്യൂസിനോട് പറഞ്ഞു. നിലവിൽ നീക്കം ചെയ്യുന്ന ഭാഗങ്ങൾ രാഷ്ട്രീയപരമാണ്. ക്രൈസ്തവ വിശ്വാസത്തെ ആക്ഷേപിക്കുന്നത് മലയാള സിനിമയിൽ പൊതുവിലുള്ള പ്രവണത. ഒരു വിഭാഗത്തെയും വേദനിപ്പിച്ചു കൊണ്ട് ആകരുത് സിനിമയിലെ വിനോദമെന്നും കെസിബിസി വക്താവ് പ്രതികരിച്ചു.
എന്നാല്‍, ആരുടെയും ഭീഷണിക്ക് വഴങ്ങിയല്ല എമ്പുരാന്‍ സിനിമ റീ എഡിറ്റ് ചെയ്തതെന്ന് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍. മോഹൻലാലിന് സിനിമയുടെ കഥ അറിയാമായിരുന്നു. പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞു ആക്രമിക്കാൻ അനുവദിക്കില്ലെന്നും എതിര്‍പ്പിന്‍റെ പേരിലാണ് ലാലിന്‍റെ എഫ്ബി പോസ്റ്റ് മുരളി ഗോപി ഷെയര്‍ ചെയ്യാത്തതെന്ന് കരുതുന്നില്ലെന്നും ആന്റണി പെരുമ്പാവൂർ കൊച്ചിയിൽ പ്രതികരിച്ചു.
സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ ആറാം ദിനത്തിൽ എമ്പുരാൻ ടീമിന്റെ ആദ്യ പ്രതികരണം. റീ എഡിറ്റ് ചെയ്യാനുള്ള തീരുമാനം ഒറ്റക്കെട്ടായെടുത്തത്. റിലീസിന് മുന്‍പ് മോഹന്‍ലാല്‍ എമ്പുരാന്‍ കണ്ടിട്ടില്ലെന്ന മേജര്‍ രവിയുടെ പ്രതികരണം ആന്‍റണി തള്ളി . പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല. മോഹൻലാലിന്റെ ഖേദപ്രകടന പോസ്റ്റ് തിരക്കഥാകൃത്ത് മുരളി ഗോപി പങ്കുവെക്കാത്തത് വിയോജിപ്പ് കൊണ്ടാണെന്ന് കരുതുന്നില്ല. രണ്ടുമിനിട്ട് ഭാഗം ഒഴിവാക്കിയാണ് പുതിയ പതിപ്പ് എത്തുന്നതെന്നും എല്‍3 ഉണ്ടാകുമെന്നും ആന്‍റണി പെരുമ്പാവൂര്‍ വ്യക്തമാക്കി