മലയാള സിനിമയില്‍ പുതിയചരിത്രം കുറിക്കുകയാണ് എമ്പുരാന്‍. റിലീസ് ചെയ്ത് പത്ത് ദിവസംകൊണ്ട് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന ചിത്രമായി എമ്പുരാന്‍ മാറിക്കഴിഞ്ഞു. 2024ല്‍ റിലീസ് ചെയ്ത മഞ്ഞുമ്മല്‍ ബോയ്സിനെ മറികടന്നാണ് എമ്പുരാന്‍ ഇൻഡസ്ട്രി ഹിറ്റായി മാറിയത്. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം അറിയിച്ചത്.
72 ദിവസം കൊണ്ട് മഞ്ഞുമ്മല്‍ ബോയ്സ് ആഗോളതലത്തില്‍ നേടിയ 242 കോടി രൂപ വെറും പത്ത് ദിവസം കൊണ്ടാണ് എമ്പുരാന്‍ മറികടന്നത്. എമ്പുരാന്‍റെ ആഗോള കലക്ഷന്‍ ഇതിനോടകം തന്നെ 250 കോടി പിന്നിട്ടു. കേരളത്തിന് പുറത്തുനിന്ന് 30 കോടി രൂപയാണ് ചിത്രം നേടിയെടുത്തത്. വിദേശത്തും ഇതിനോടകം തന്നെ മഞ്ഞുമ്മല്‍ ബോയ്സിനെ എമ്പുരാന്‍ മറികടന്നിട്ടുണ്ട്. ചിത്രത്തിന്‍റെ നിർമാതാവിനു കിട്ടുന്ന ഷെയർ തുക 100 കോടി പിന്നിട്ടു കഴിഞ്ഞുവെന്നും അണിയറക്കാർ വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു സിനിമാ നിര്‍മാതാവിന് 100 കോടി ഷെയർ ലഭിക്കുന്നത്.
മുരളി ഗോപി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ആന്‍റണി പെരുമ്പാവൂര്‍, ആശീര്‍വാദ് സിനിമാസ്, ശ്രീഗോകുലം മൂവീസ് എന്നിവര്‍ ചിത്രത്തിന്‍റെ ഇൻഡസ്ട്രി ഹിറ്റ് പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. മലയാള സിനിമയുടെ ബിസിനസ് ഇനി എമ്പുരാന് മുന്‍പും ശേഷവും എന്ന് പറയപ്പെടുമെന്നും ഹേറ്റേഴ്സിന് ഇനി ഉറക്കമില്ലാത്ത രാത്രികളാണെന്നും ലാലേട്ടന് സാമ്രാജ്യം തിരിച്ച് പിടിച്ചെന്നുമൊക്കൊണ് കമന്‍റുകള്‍.