Image Credit: Youtube

ഋതു എന്ന സിനിമയിലൂടെ വന്ന് മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് ആസിഫ് അലി. ചോക്​ലേറ്റ് ഹീറോ പരിവേഷമാണ് തുടക്കക്കാലത്ത് ആസിഫിന് ലഭിച്ചിരുന്നതെങ്കിലും പിന്നീട് അഭിനയസാധ്യതയുളള ഒട്ടേറെ കഥാപാത്രങ്ങളിലൂടെ ആസിഫ് പ്രേക്ഷകരെ അല്‍ഭുതപ്പെടുത്തി. വില്ലനായും, ഹാസ്യതാരമായും, പൊലീസുകാരനായും, കളളനായുമൊക്ക വെല്ലുവിളി ഉയര്‍ത്തുന്ന നിരവധി കഥാപാത്രങ്ങള്‍ ആസിഫ് അവിസ്മരണീയമാക്കി. വ്യക്തി ജീവിതത്തിലും അഭിനയജീവിതത്തിലും ലാളിത്യം കാത്തുസൂക്ഷിക്കുന്ന താരമായതിനാല്‍ തന്നെ ഹേറ്റേഴ്സില്ലാത്ത താരമെന്നാണ് ആസിഫ് അറിയപ്പെടുന്നത്. തന്‍റെ സിനിമാജീവിതത്തെക്കുറിച്ചും അതിലൂടെയുണ്ടായ അനുഭവങ്ങളെക്കുറിച്ചും മനസുതുറക്കുകയാണ് ആസിഫ് അലി മനോരമ ന്യൂസിലെ അഭിമുഖ പരിപാടിയായ നേരെ ചൊവ്വേയിലൂടെ..

ജോണി ലൂക്കോസ്: ‘ഉസ്താദ് ഹോട്ടല്‍’ എന്ന സിനിമയില്‍ താങ്കളുടെ കഥാപാത്രത്തെ കണ്ടിട്ട് മാമുക്കോയ ചോദിക്കുന്നുണ്ട്, ‘കുഞ്ചാക്കോ ബോബനല്ലേ’ എന്ന്. താങ്കള്‍ അതില്‍ കുറച്ച് അസ്വസ്ഥനാകുന്നുണ്ട്. അതൊരു തമാശ സീനാണ്. ജീവിതത്തില്‍ ഇതുപോലത്തെ സീനുകള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ടോ?

ആസിഫ് അലി: ഈ ചോദ്യത്തിന് ഞാന്‍ അങ്ങയെ ശരിക്കും ബഹുമാനിക്കുന്നു. എനിക്ക് ഭയങ്കരമായി റിലേറ്റ് ചെയ്യാന്‍ കഴിയുന്ന ഒന്നാണ് ഈ ചോദ്യം. ഞാന്‍ ഒരുപാടുപേര്‍ക്ക് അങ്ങനെ സംഭവിച്ച് കണ്ടിട്ടുണ്ട്, ഇപ്പോഴും സംഭവിക്കുന്നുണ്ട്. ഞങ്ങള്‍ പലസമയത്തും തമാശയായി പറഞ്ഞ് ചിരിക്കാറുള്ള കാര്യവുമാണ്. ഞാന്‍ സിനിമയില്‍ വന്ന സമയത്ത്, പല സംവിധായകരും പേരുമാറിവിളിച്ച് ദേഷ്യപ്പെട്ട കഥകളൊക്കെ കേട്ടിട്ടുണ്ട്. ‘ഉസ്താദ് ഹോട്ടലി’ലെ ആ ഷോട്ട് എടുക്കുന്നതിന് മുന്‍പ് മാമുക്കോയ ആണ് ഇങ്ങനെയൊരു കോമഡിയുടെ സാധ്യത പറയുന്നത്. അത് അന്‍വര്‍ റഷീദിന് കൃത്യമായി ബോധ്യപ്പെടുകയും അത് സിനിമയില്‍ ഉള്‍പ്പെടുത്തുകയും സീനില്‍ മാമുക്കോയ എന്നോട് ആ ഡയലോഗ് പറയുകയും ചെയ്യുകയായിരുന്നു.

അതിനുശേഷം പക്ഷേ എനിക്ക് യഥാര്‍ഥജീവിതത്തിലും ഇത് നേരിടേണ്ടിവന്നിട്ടുണ്ട്. ആളുകള്‍ എന്നോട് മനഃപൂര്‍വം കുഞ്ചാക്കോ ബോബനല്ലേ എന്ന് ചോദിച്ചിട്ടുണ്ട്. അത് ഒരു ചിരി കിട്ടാനായിരിക്കാം, ചിലപ്പോള്‍ ചെറുതായൊന്ന് ഇറിറ്റേറ്റ് ചെയ്യാനായിരിക്കാം. അതും ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. പക്ഷേ നമ്മുടെ അപ്പോഴത്തെ മാനസികാവസ്ഥ വളരെ പ്രധാനമാണ്. അതനുസരിച്ചാകും ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുക. നമ്മള്‍ നല്ല സന്തോഷത്തില്‍, ഒരു പോസിറ്റിവ് വൈബില്‍ നില്‍ക്കുന്ന സമയത്തൊക്കെ ഇത് ചോദിച്ചാല്‍ ചിലപ്പോള്‍ ഒരു ചിരിയില്‍ അല്ലെങ്കില്‍ ഒരു കൗണ്ടര്‍ കോമഡിയില്‍ ഇത് ഒതുക്കും. പക്ഷേ നമ്മള്‍ വേറൊരു മൂഡില്‍ ഇരിക്കുകയാണെങ്കില്‍ ചിലപ്പോള്‍ റിയാക്ഷന്‍ വേറെയായിരിക്കും. അതായിരിക്കും ചിലപ്പോള്‍ ഹൈലൈറ്റ് ചെയ്യപ്പെടുകയും ആളുകള്‍ കാണുകയും ചെയ്യുന്നത്.

ENGLISH SUMMARY:

Asif Ali talks about his film and real life incidents on Nere Chovve